കോര്‍പ്പറേറ്റുകളെ പാര്‍ട്ണര്‍മാരാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരേ പോരാട്ടത്തിനു തയ്യാറാകണം: രമേശ് ചെന്നിത്തല
തൃശൂര്‍: കോര്‍പ്പറേറ്റുകളെ പാര്‍ട്ണര്‍മാരാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ അന്തിമ പോരാട്ടത്തിന് തയ്യാറാകാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ എന്‍ ടി യു സി തൃശൂര്‍ ജില്ലാ നേതൃത്വ സമ്മേളനം റീജണല്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി സമൂഹത്തെ മറന്നുകൊണ്ട്, തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഐ എന്‍ ടി യു സി നേതൃത്വം നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മിനിമം കൂലി ഉറപ്പുവരുത്താതെ, തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തിക്കൊണ്ട് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സന്റ്, ഷാജി കോടങ്കണ്ടത്ത്, മേരി ജോളി,ആന്റണി കുറ്റൂക്കാരന്‍, ടി എന്‍ കൃഷ്ണന്‍, വി എ ഷംസുദ്ദീന്‍, എ ടി ജോസ്, കെ എന്‍ നാരായണന്‍, ജോണ്‍സണ്‍ ആവോക്കാരന്‍, എം ആര്‍ രവീന്ദ്രന്‍, സുരേഷ് മമ്പറത്ത്, കെ കെ പ്രകാശന്‍, സോമന്‍ മുത്രത്തിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
