‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടുമോഹന്‍ലാലടക്കം ഭാരവാഹികള്‍ രാജിവച്ചു
കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലിനെ തുടര്‍ന്ന് സംഘടനയില്‍ വന്‍ പ്രതിസന്ധിയായിരുന്നു. ഇതിന്റെ പരിസമാപ്തിയാണ് കൂട്ടരാജി. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം.
ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനാത്തുനിന്ന് സിദ്ദിഖ് രാജിവച്ചിരുന്നു. പകരം ചുമതല ജോയിന്റ് സെക്രട്ടറി ബാബുരാജിനായിരുന്നു. എന്നാല്‍ ബാബുരാജിനെതിരെയും ആരോപണം ഉയര്‍ന്നു. ഇതിനിടെ പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി നിശ്ചയിച്ച ഭാരവാഹി യോഗം അനിശ്ചിതമായി നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.
പൃഥ്വിരാജ്, ടോവിനോ തുടങ്ങിയ യുവ നടന്മാര്‍ അമ്മയ്‌ക്കെതിരെ തിരിഞ്ഞതും ജഗദീഷിനെപ്പോലുള്ളവര്‍ കടുത്ത നിലപാടു പറഞ്ഞതും വലിയ കോലാഹലമുണ്ടാക്കിയിരുന്നു. കൂടുതല്‍ പേരിലേക്ക് ആരോപണങ്ങള്‍ വരാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടി.
