‘അശു-അയ്യപ്പന്റെ ഓട്ടപ്പാച്ചില്‍ സുബ്രന്റേയും’ ഹൃദയത്തെ തൊടുന്ന ദൃശ്യാനുഭവം
ഇ പി കാര്‍ത്തികേയന്‍
കെട്ടുകാഴ്ചകളുടെയും അതി സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനപരതയില്‍ അഭിരമിക്കുന്നതാണ് നാടകാവതരണമെന്നതാണ് പുതിയ രുചിബോധ്യങ്ങള്‍. എന്നാല്‍ ഇതിനു മറുപുറമെന്ന പോല്‍ അഭിനേതാക്കളുടെ ശരീരവും മനസ്സും രംഗത്ത് വിസ്മയം തീര്‍ക്കുന്ന ആധുനികനാടകവേദിയുടെ അനുഭവങ്ങളും നമുക്ക് പരിചതമത്രേ. മലയാള നാടകവേദിയെ ഭാഷാപരമായും ആഖ്യാനപരമായും വികനോന്മുഖമാക്കിയ എഴുപതുകളുടെ/എണ്‍പതുകളുടെ തുടര്‍ച്ചയില്‍ ഇടയ്‌ക്കെപ്പോഴോ ഒരിടര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് ചില വിമര്‍ശനങ്ങള്‍. നാടകം നാടിന്നകം എന്നൊക്കെ പുറംപൂച്ച് പറയാമെങ്കിലും അതത്രമേല്‍ സാധിതമായെന്നും കരുതാനാവില്ല. മനുഷ്യജീവിതത്തെ അതേപടി പകര്‍ത്തുന്നതല്ല രംഗപാഠം എന്നിരിക്കിലും നാട്യത്തിന്റെയും അതുണര്‍ത്തിവിടുന്ന സൗന്ദര്യാനുഭൂതികളുടെയും തലങ്ങളില്‍ നിന്നു മാറി നാടകത്തെ സിനിമാറ്റിക്ക് ആക്കാനാണ് ചിലരെങ്കിലും ശ്രമിച്ചത്. കാഴ്ചയെ അതിസങ്കീര്‍ണമായ സാങ്കേതികതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പക്ഷേ, നാടകത്തിന്റെ ഇഴുകിച്ചേരലിനു തടസമായിട്ടുണ്ട്. ഇറ്റ്‌ഫോക് പോലുള്ള മഹത്തായ വേദികളില്‍പ്പോലും കേരളീയമായ ഒരാധുനിക ദൃശ്യബോധത്തെ കണ്ടെത്തുക തുലോം ശ്രമകരമായ ഒന്നാണ്. നാടകം മനുഷ്യരെ തമ്മിലടുപ്പിക്കുന്ന മഹത്തായൊരു മാധ്യമമാണ്. ആ നിലയില്‍ നാടകസംഘം കോങ്ങാടിനുവേണ്ടി വിഖ്യാതസംവിധായകന്‍ നരിപ്പറ്റ രാജു ആവിഷ്‌കാരം നല്‍കിയ ‘അശു അയ്യപ്പന്റെ ഓട്ടപ്പാച്ചില്‍ സുബ്രന്റേയും’ മനുഷ്യരെയാണ് അഭിമുഖീകരിക്കുന്നത്. നടീനടന്മാരെ എങ്ങനെ രംഗത്ത് വിനിമയം ചെയ്യണമെന്ന തികഞ്ഞ ബോധ്യമുള്ള സംവിധായകനാണ് നരിപ്പറ്റ രാജു. അതുകൊണ്ടാണ് അശുവിന്റെ ആദ്യാവതരണം കാണികളുടെ ഹൃദയത്തെ തൊടുന്നതായത്.

രംഗഭാഷയിലെ ലാളിത്യവും നടീനടന്മാരെ കെട്ടഴിച്ചുവിടുന്ന സ്വാതന്ത്ര്യവും നമുക്കിവിടെ ദര്‍ശിക്കാനാവും. ഒരു സാമൂഹികവിഷയത്തെയാണ് സംവിധായകന്‍ നടീനടന്മാരിലൂടെ വിന്യസിക്കുന്നത്. അതിനു രംഗസംവിധാനത്തിന്റെ അതിസമ്പന്നതയില്ല. ഏറ്റവും പരമിതമായ രംഗോപകരണങ്ങളിലൂടെയും സംഗീതത്തിലൂടെയും വെളിച്ചത്തിലൂടെയുമാണ് നാടകം കാണികളിലേക്ക് പ്രവഹിക്കുന്നത്. സ്ത്രീകളും ചെറുപ്പക്കാരും മുതിര്‍ന്നവരുമായ നിരവധി കഥാപാത്രങ്ങളാണ് രംഗത്തു നിറയുന്നത്. ഓരോരോ കഥാപാത്രമായും വേഷപ്പകര്‍ച്ച നേടുന്ന ഓരോ അഭിനേതാവും ഒരു നിമിഷം പോലും നമ്മെ അലോസരപ്പെടുത്തുന്നില്ല. അതേസമയം കഥാപാത്രങ്ങളുടെ സാമൂഹികപരിസരത്തെ വിശദമാക്കുന്നതില്‍ നാടകം അത്രമേല്‍ ശ്രദ്ധിച്ചിട്ടില്ല എന്നത് ഒരു കുറവായി തോന്നാം. ഏതായാലും ഏകദേശം രണ്ടു മണിക്കൂറുള്ള ഈ നാടകം കാണികളെ നിരാശപ്പെടുത്തില്ല. ഒരുപക്ഷേ, ഇങ്ങനെയും നാടകമോ എന്നൊരു ചോദ്യം ഉണ്ടായേക്കാം.
ഒരു കോളജിലെ വിദ്യാര്‍ഥികളുടെ റാഗിങ്ങില്‍ തുടങ്ങുന്ന കഥ ദലിത്, മനുഷ്യാവകാശ-സവര്‍ണ, അധികാര സംഘര്‍ഷത്തിലേക്ക് വളരുകയാണ്. ദലിതയായ കോളജ് വിദ്യാര്‍ഥിനിയുടെ തലമുടി മുറിച്ചു മാറ്റുന്ന സവര്‍ണ ആണധികാരത്തിനു ഒപ്പം നില്‍ക്കുന്ന കുടുംബം, പോലീസ് സംവിധാനം, സമാന്തര അധികാരകേന്ദ്രങ്ങളായ ഗുണ്ടകള്‍, അതേസമയം നിയമത്തേയും നീതിയേയും സംബന്ധിച്ച ജാഗ്രതയുള്ള കന്യാസ്ത്രീയായ കോളേജ് പ്രിന്‍സിപ്പല്‍, ആക്രമണത്തെ ഭയന്ന് ഓടിയോടി തിരിച്ചടിയല്ലാതെ മാര്‍ഗമില്ലെന്നു ബോധ്യപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍, അതിനായി തന്റെ പഴയകാല സുഹൃത്തുക്കളായ ഗുണ്ടകളുടെ സഹായം തേടുന്ന അച്ഛന്‍, സവര്‍ണര്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടകളുടെ അക്രമത്തെ തങ്ങളുടെ കരുത്തുകൊണ്ട് കീഴ്‌പ്പെടുത്തുന്ന ദലിതരായ അമ്മയും മുത്തശ്ശിയും. എങ്കിലും ആരുമാരും വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാതെ സംഘര്‍ഷഭരിതമായ ഭാവി അവശേഷിക്കുന്നതായി ദൃശ്യവല്‍ക്കരിച്ചുകൊണ്ടാണ് നാടകം സമാപിക്കുന്നത്. ഇവിടെ മുദ്രാവാക്യസമാനമായ രാഷ്ട്രീയസംവേദനമില്ല. ദലിത്-സവര്‍ണ സംഘര്‍ഷം തുടരുമെന്ന പരസ്പരമുള്ള വെല്ലുവിളികളോടെയാണ് നാടകം സമാപിക്കുന്നത്.

ദേവദാസ് വി.എം. എന്ന എഴുത്തുകാരന്റെ നോവലാണ് രംഗഭാഷയിലേക്ക് നരിപ്പറ്റ രാജുവും ഡോ. കെ.എസ്. വാസുദേവനും മാറ്റിയെഴുതിയത്.
ഫോട്ടോസ്: പുഞ്ചിരി ക്രിയേഷന്‍സ്.
