ദലിതരെ എന്തും ചെയ്യാം, ചോദിക്കാനാളില്ല
ദലിതരെയും ആദിവാസികളെയും എന്തും ചെയ്യാമെന്നും ചോദിക്കാന്‍ ഒരാളുമുണ്ടാകില്ലെന്നുമുള്ള പൊതുബോധം ശക്തമാകുന്നു. റാപ്പര്‍ വേടന്‍, നെടുമങ്ങാട്ടെ ബിന്ദു തുടങ്ങി കിളിമാനൂരിലെ പ്ലസ് ടു വിദ്യാര്‍ഥിനിവരെ അതിന്റെ സാക്ഷ്യങ്ങളാണ്. പ്രമാദമായ കെവിന്‍-നീനു പ്രണയജോഡികളിലെ നീനു വിവാഹിതയായെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ പരക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ദലിതനായ കെവിന്‍ സവര്‍ണയായ നീനുവുമായി വിവാഹിതരാകാന്‍ തീരുമാനിച്ചതാണ് കെവിന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. തുടര്‍ന്ന് കെവിന്റെ പിതാവിന്റെ സംരക്ഷണയിലായിരുന്നു നീനുവിന്റെ ജീവിതം. ബംഗ്ലുരുവിലുള്ള നീനു വിവാഹിതയായെന്നും കെവിന്റെ പിതാവ് കൈപിടിച്ചുകൊടുത്തുവെന്നുമായിരുന്നു സോഷ്യല്‍ മീഡിയായിലെ പ്രചാരണം. വന്‍കിട മാധ്യമങ്ങളും ഇതേറ്റു പിടിച്ചു. എന്നാല്‍ കോട്ടയത്തെ ഒരു യൂട്യൂബ് ചാനല്‍ കെവിന്റെ പിതാവിനെ നേരില്‍ കണ്ട് അന്വഷിച്ചപ്പോള്‍ വാര്‍ത്തയ്ക്ക് ടിസ്റ്റായി. തനിക്കൊന്നും അറിയില്ലെന്നും വാര്‍ത്ത കൊടുത്തവരോട് നിജസ്ഥിതി അന്വേഷിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നീനു ബംഗ്‌ളുരുവില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞു.
ഇതോടെ വിവാഹവാര്‍ത്ത കൊടുത്ത വമ്പന്‍മാരടക്കം കളം മാറ്റി. വിവാഹിതയായ നീനുവിനെ വെറുതെ വിടണമെന്നും നീനുവിന്റെ സ്വന്തം തീരുമാനമനുസരിച്ചാണ് വിവാഹമെന്നും വാര്‍ത്തയുണ്ടായിരുന്നു. നീനു വിവാഹം കഴിച്ചാല്‍ തന്നെ അതില്‍ മാധ്യമങ്ങള്‍ക്കെന്തിനാണ് ഉത്കണ്ഠ ? നീനുവിനെ വെറുതെ വിടാനല്ല, വിചാരണ ചെയ്യാനാണ് അവരുടെ താല്‍പ്പര്യം. കെവിന്റെ ഭാര്യയാകേണ്ടിയിരുന്നവള്‍ ഇനിയും വിധവയെപ്പോലെ തന്നെ കഴിയണമെന്നാണ് സുദ്ദേശ്യവാര്‍ത്തകള്‍ നല്‍കുന്നവരുടെ മനസ്സിലിരുപ്പ്. അന്തരിച്ച കലാകാരന്‍ സുധിയുടെ ഭാര്യ രേണുവിന്റെ കാര്യത്തിലും സമാനമായ പ്രചാരണമാണ് ഇപ്പോഴും നടക്കുന്നത്. ഇതിനെല്ലാം കാരണം ആ ജീവിതങ്ങള്‍ ദലിതത്വവുമായി ബന്ധപ്പെട്ടതാണ് എന്നതാണ്.
