ശിവന്‍കുട്ടിയുടേത് രാജ്ഭവനെ അവഹേളിക്കുന്ന സമീപനം: വി മുരളീധരന്‍
ആര്‍ എസ് എസിന് ഇന്ത്യാ സഖ്യത്തിന്റെ ഔദാര്യം വേണ്ട
ഡല്‍ഹി: രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നുണ്ടായതെന്ന് ബി ജെ പി നേതാവ് വി. മുരളീധരന്‍. പ്രോട്ടോക്കോള്‍ തെറ്റിച്ച മന്ത്രി അതിന് വിശദീകരണം നല്‍കണം. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയഗാനത്തെയടക്കം അപമാനിച്ച ശിവന്‍കുട്ടിയുടെ ലക്ഷ്യം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ സങ്കല്‍പ്പമാണ് ഭാരതാംബ. ഹമാസിന്റെ കൂടി അടയാളമായ കഫിയ അണിഞ്ഞ് പ്രകടനം നടത്തുന്നവര്‍ക്ക് ഭാരതാംബയുടെ ചിത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.
ആര്‍ എസ് എസിന് ഇന്ത്യാ സഖ്യത്തിന്റെ ഔദാര്യം വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ആര്‍ എസ് എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നത്. മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസനത്തെക്കുറിച്ച് ഇന്ത്യാസഖ്യക്കാര്‍ക്ക് വോട്ടര്‍മാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആര്‍ എസ് എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ആര്‍ എസ് എസ് എന്തെന്ന് ജനങ്ങള്‍ക്ക് അറിയാം. സി പി എമ്മുമായി ഒരു ബാന്ധവും ആര്‍ എസ് എസിനുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആര്‍ എസ് എസ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് സി പി എമ്മുമായുള്ള സഹകരണമല്ല. വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ രണ്‍ജിത്ത് ശ്രീനിവാസന്‍ വരെയുള്ള സംഘപ്രവര്‍ത്തകരുടെ ചോരക്കറ പേറുന്നവരാണ് സി പി എമ്മുകാരെന്നും മുരളീധരന്‍ പറഞ്ഞു.
