ലൈബ്രറി കൗണ്‍സില്‍ വായനപക്ഷാചരണം സംസ്ഥാന തല ഉദ്ഘാടനം നടത്തി
തൃശൂര്‍: വായനയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളില്‍ ശ്ലാഘനീയമായ സംഭാവനകള്‍ ചെയ്തുപോരുന്ന അനുപമമായ ഒരു പ്രസ്ഥാനമാണ് കേരള ലൈബ്രറി കൗണ്‍സിലെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരികമായി ഏറ്റവും ഊര്‍ജസ്വലമായ കാലമായിരുന്നു സാക്ഷരതാ പ്രസ്ഥാനത്തിന്റെ കാലം. ആ തുടിപ്പും ഊര്‍ജസ്വലമായ അന്തരീക്ഷവും തിരിച്ചുപിടിച്ചുകൊണ്ട് വായനയിലേക്കും സാമൂഹ്യ ജീവിതത്തിലേക്കും നമ്മുടെ യുവാക്കളെയും വിദ്യാര്‍ഥികളെയും ആനയിക്കുന്നതിന് പ്രത്യേകമായി ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനം ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വായനയെയും ഗ്രന്ഥശാലകളെയും ജനകീയമാക്കാന്‍ പ്രയത്‌നിച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായനദിനമായി ആചരിക്കുന്നത്. വായന ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങളുടെ വായനാവസന്തം ഒരുക്കിക്കൊണ്ട് ജൂണ്‍ 19 മുതല്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ കര്‍മോത്സുകനായ പ്രവര്‍ത്തകനായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴുവരെ നീണ്ടുനില്‍ക്കുന്നതാണ് വായന പക്ഷാചരണം.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ‘വായനയിലെ സംഘര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായ മുരളി പെരുനെല്ലി എം.എല്‍.എ വായനദിന സന്ദേശം നല്‍കി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ വാസു പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം ബാലകൃഷ്ണന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം തങ്കം ടീച്ചര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഹാരിഫാബി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.കെ വേലായുധന്‍, ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള കലാമണ്ഡലം അവതരിപ്പിച്ച തുടി സംഗീത നൃത്ത ശില്‍പവും അക്ഷര ഗാനാലാപനവും ചടങ്ങിന് മാറ്റ് കൂട്ടി.
