Culture & HistoryInterview & ReviewPolitics

യുദ്ധം: മൈത്രേയന്റെ ബാലിശമായ യുക്തികളും യാഥാര്‍ത്ഥ്യങ്ങളും

ടി ആര്‍ രമേഷ്

’24’ എന്ന ചാനലില്‍ ജനകീയ കോടതി എന്ന പ്രോഗ്രാമില്‍ ഹഷ്മിയും മൈത്രേയനും തമ്മില്‍ ഒരു സംവാദം നടക്കുകയുണ്ടായി. അതില്‍ യുദ്ധത്തെക്കുറിച്ചുള്ള ഹഷ്മിയുടെ ചോദ്യത്തിന് മൈത്രേയന്റെ മറുപടി ഉപരിപ്ലവവും ബാലിശവും അതിലേറെ വിവേകശൂന്യവുമായിരുന്നു. അതില്‍ മൈത്രേയന്‍ പറയുന്നത് യുദ്ധങ്ങളില്ലാത്ത, അതിരുകള്‍ മാഞ്ഞുപോകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നത്രെ. അതിനുദാഹരണമായി പഴയ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നടന്ന യുദ്ധങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ തന്നെ തിരുവിതാംകൂര്‍ മുതല്‍ പഞ്ചാബ് വരെയുള്ള നാട്ടുരാജ്യങ്ങള്‍ തമ്മില്‍ എത്രയെത്ര യുദ്ധങ്ങളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അന്ന് വാളും കുന്തവും മറ്റും ഉപയോഗിച്ചുകൊണ്ട് നടത്തിയ, അതും ഇരുഭാഗത്തേയും സൈന്യങ്ങളെ മാത്രം ബാധിക്കുന്ന യുദ്ധങ്ങളെ സാങ്കേതിക സാന്ദ്രവും മാനവരാശിയുടേയും ഭൂമിയുടെ തന്നെയും അന്ത്യം കുറിക്കുന്ന വിനാശകാരിയായ യുദ്ധങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. മാത്രമല്ല, യൂറോപ്യന്‍ രാജങ്ങളിലൂടെ നമുക്കിന്ന് വിസ്സയില്ലാതെ നിര്‍ബ്ബാധം സഞ്ചരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

മൈത്രേയന്‍ പറയുന്ന ആദര്‍ശാത്മക യൂറോപ്പ് അദ്ദേഹത്തിന്റെ ഭാവനയിലല്ലാതെ നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ഏകീകൃത യൂറോപ്പ് എന്ന ആശയത്തിന് പിന്നിലും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളാണുള്ളത്. യുഗോസ്ലാവിയക്കെതിരായ യുദ്ധം 1991 മുതല്‍ 10 കൊല്ലമാണ് നീണ്ടുനിന്നത്. ശേഷം അതിനെ സാമ്രാജ്യത്വ ശക്തികള്‍ 7 രാജ്യങ്ങളാക്കി ഒരോന്നിനേയും കൂടെ കൂട്ടുകയായിരുന്നല്ലോ. 30 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന നാറ്റോ സഖ്യത്തിന്റെ മേധാവിത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിനാണ്. യൂറോപ്യന്‍ രാജ്യമായ ബ്രിട്ടന്‍ അമേരിക്കന്‍ പക്ഷത്ത് ഏറെക്കുറെ ഉറച്ച് നില്‍ക്കുമ്പോള്‍ വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി അമേരിക്കന്‍ നയങ്ങളെ നിശിതമായി എതിര്‍ക്കുന്നതായി കാണാം. യൂറോപ്യന്‍ പ്രതിരോധസന്നാഹം തങ്ങളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തുക എന്നതാണ് ജര്‍മ്മന്‍ താല്‍പ്പര്യം. അമേരിക്കയുടേയും ജര്‍മ്മനിയുടേയും ഇടയില്‍ ആടിക്കളിക്കുന്ന ഫ്രാന്‍സ് അമേരിക്കന്‍ ആധിപത്യത്തെ എതിര്‍ക്കുമ്പോള്‍ തന്നെ ജര്‍മ്മനിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ഭയപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരഭീഷണികള്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ നാറ്റോ സൈനിക ചേരിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെയും പ്രതിരോധ ചിലവുകള്‍ ഭീമമായി വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല എന്ന് കാണാം. ഒരോ രാജ്യങ്ങളുടെയും വാര്‍ഷിക ബജറ്റ് ഇതിന് തെളിവാണ്.

സാമ്രാജ്യത്വ കാലഘട്ടത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ സമത്വമോ സമാധനമോ നിലനില്‍ക്കില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും ആയുധശേഖരണത്തിനും യുദ്ധങ്ങള്‍ക്കും കുറവൊന്നുമുണ്ടായിട്ടില്ല. ഇന്ന് ലോകത്തെ ഏറ്റവും വലിയ വ്യവസായം ആയുധവ്യവസായമാണ്. Proxy war സൃഷ്ടിച്ചുകൊണ്ടാണ് ആയുധ വില്‍പ്പന കൊഴുപ്പിക്കുന്നത്. ആണവ നിര്‍വ്യാപനകാരാര്‍ കൊണ്ടുമാത്രം നിരായുധീകരണം സാധ്യവുമല്ല. അന്താരാഷ്ട്ര ഏജന്‍സിയുടെ (IAEA) വ്യവസ്ഥയനുസരിച്ച് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ നിരോധനമുള്ളപ്പോള്‍ തന്നെയാണ് ജപ്പാന്‍, ഇസ്രയേല്‍, ദക്ഷിണ കൊറിയ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത് വികസിപ്പിച്ചത്. ഇനി ആണവായുധങ്ങള്‍ക്കല്ലാതെ മറ്റു ആയുധങ്ങള്‍ക്കൊന്നും നിരോധനമില്ലതാനും. ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വവും റഷ്യന്‍ സാമ്രാജ്യത്വവും പരസ്പരം നശിപ്പിക്കപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ടു മാത്രമാണ് ഈ വന്‍ ശക്തികള്‍ തമ്മില്‍ യുദ്ധമുണ്ടാകാത്തത്. ഭയത്തിന്റെ സന്തുലിതാവസ്ഥ അഥവ ഭയത്തിന്റെ ഭീഷണി എന്നതിനെ വിളിക്കുന്നു. ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറിയായിരുന്ന മാക്‌നമാരയാണ്.

new malayali

മനുഷ്യരാശിയുടെ എഴുതപ്പെട്ടിട്ടുള്ള നാലായിരത്തില്‍പ്പരം കൊല്ലങ്ങളുടെ ചരിത്രത്തില്‍ ഏകദേശം 300 വര്‍ഷം മാത്രമാണ് പൂര്‍ണ്ണമായും സമാധാനത്തിന്റേതായിരുന്നത്. പിന്നീടുള്ള കാലഘട്ടങ്ങളില്‍ ലോകത്തിന്റെ ഒരു ഭാഗത്തല്ലെങ്കില്‍ മറ്റൊരു ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ തന്നെ 65 ദശലക്ഷത്തോളം മനുഷ്യര്‍ക്ക് ഇതിലൂടെ ജീവഹാനി സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ഇന്നും തുടരുകയാണ്. ഇറാനിലെ ഇസ്രായേലിന്റെ ബോംബാക്രമണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ചായിരുന്നല്ലോ.

ലെനിന്റെ ചിന്തയുടെ പൂര്‍ണ്ണമായ കൃത്യത നോക്കൂ: ‘യുദ്ധം ചൂഷണ സംവിധാനങ്ങളുടെ അനിവാര്യ ഫലമാണ്. ആധുനിക യുദ്ധങ്ങളുടെ ഉറവിടം സാമ്രാജ്യത്വ വ്യവസ്ഥയാണ്.’ സാമ്രാജ്യത്വ വ്യവസ്ഥയും ചൂഷക വര്‍ഗ്ഗങ്ങളും അവസാനിക്കുംവരെ ഒരു തരത്തിലുള്ള അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള യുദ്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇത് കാണാന്‍ മൈത്രേയനെപ്പോലുള്ളവരുടെ ഉപരിപ്ലവ നിലപാടുകള്‍ക്കാവില്ല. അതിന് ഇന്‍ഫോര്‍മേഷന്‍ ശേഖരിച്ചതുകൊണ്ടായില്ല. രാഷ്ട്രീയവും സൈദ്ധാന്തികവുമായ ഉള്‍ക്കാഴ്ച കൂടിവേണം.

(ടി ആര്‍ രമേഷ് ഫെയ്‌സ് ബുക്കിലെഴുതി കുറിപ്പ്)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message