മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ.കെ. വിജയന്‍ അന്തരിച്ചു
തൃശൂര്‍: മാതൃഭൂമി മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമായ അത്താണിക്കല്‍ എ.കെ. വിജയന്‍ (88) അന്തരിച്ചു. കൂര്‍ക്കഞ്ചേരി വടൂക്കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് വടൂക്കര സ്മശാനത്തില്‍.
ഭാര്യ: കോമളം. മക്കള്‍: മൈത്രി (മാതൃഭൂമി, തൃശൂര്‍), ജൈത്രി, ഭവ്യ (സാമൂഹ്യ ക്ഷേമ വകുപ്പ്, മട്ടാഞ്ചേരി). മരുമക്കള്‍: ജയദേവന്‍ (റിട്ട. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ്), പരേതനായ ദിനേശന്‍, സാബു.
സീനിയര്‍ പത്രപ്രവര്‍ത്തകന്‍
എന്‍. ശ്രീകുമാറിന്റെ കുറിപ്പ്
വിജയേട്ടന്‍ നിര്യാതനായി. മാതൃഭൂമി ത്യശൂര്‍ ലേഖകനും പ്രസ് ക്ലബ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഞാന്‍ കെ എസ് യു ഭാരവാഹിയായിരുന്ന കാലത്ത് പ്രസ്താവനയുമായി ചെല്ലുമായിരുന്നു. ഇ.സി. മാധവന്‍ നമ്പ്യാരായിരുന്നു ചീഫ്. ഉഗ്രന്‍ കോണ്‍ഗ്രസ്. പ്രസ്താവനയില്‍ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി എന്നൊക്കെ ഞാന്‍ എഴുതുമായിരുന്നു. നമ്പ്യാര്‍ വലിയ ഗൗരവക്കാരനായിരുന്നു. അവന്റെയൊരു ചൂണ്ടിക്കാട്ടല്‍ എന്ന് പറഞ്ഞ് പറയാനുള്ളത് എഴുതിയാ മതി, ചൂണ്ടിക്കാട്ടണോ എന്നൊക്കെ ഞങ്ങള്‍ തീരുമാനിച്ചോളം എന്ന് പറഞ്ഞ് വിടുമായിരുന്നു. വിജയേട്ടന്‍ അപ്പുറത്ത് ഇരുന്ന് ഊറിച്ചിരിക്കും. വിജയേട്ടന്റെ കയ്യില്‍ പ്രസ്താവന കൊടുത്താലും വന്നിരുന്നില്ല. സംഗതി അദ്ദേഹം അത് നമ്പ്യാരെ ഏല്‍പ്പിച്ചതായിരിക്കും. പക്ഷേ ഞങ്ങള്‍ വിജയേട്ടനെപറയുക ഖദറിട്ട മാര്‍ക്‌സിസ്റ്റ് എന്നാണ്. അന്ന് സി പി ഐ കോണ്‍ഗ്രസിനൊപ്പമായിരുന്നുവല്ലോ. കാലം കഴിഞ്ഞ് ഞാനും വിജയേട്ടനും ഒരേ തൊഴിലിലായി. അരനൂറ്റാണ്ട് തൃശൂരില്‍ നിറഞ്ഞ് നിന്നു വിജയേട്ടന്‍.
പത്രപ്രവര്‍ത്തനത്തില്‍ വിജയേട്ടന്‍ സത്യത്തിനൊപ്പം നിന്നു. തൃശൂരിലെ ഒരു മാജിക് പരിപാടിയിലെ പൊള്ളത്തരം തുറന്ന് എഴുതിയതെല്ലാം ഓര്‍ക്കുന്നു. പഴംകഥ പറഞ്ഞ് പില്‍കാലത്ത് രസംകൊണ്ടിരിന്നു. ഞങ്ങള്‍ ഒന്നിച്ച് വിനോദ, ദേശവ്യാപക യാത്രകള്‍ നടത്തി. വിട്ടുവീഴ്ച കാണിക്കാത്ത ടി യു നേതാവായിരുന്നു വിജയേട്ടന്‍. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കെട്ടി ഉയര്‍ത്താന്‍ പ്രായം നോക്കാതെ നിന്നു.
വിരമിച്ച ശേഷം ഇടക്കിടെ വീട്ടില്‍ പോയി കണ്ടിരുന്നു. കോമളേച്ചിയും മക്കളും ഞങ്ങളും വലിയ സൗഹൃദത്തിലാണ്. ഒരാഴ്ച മുമ്പ്, ഫോറം സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന പത്രഎഡിറ്ററായിരുന്ന അലക്‌സാണ്ടര്‍ സാമും ഞാനും പോയി കണ്ടു. പ്രതീക്ഷയറ്റ നിമിഷം. ഇന്ന് അന്ത്യം. ഓര്‍മ്മകള്‍ എഴുതി നിറക്കാന്‍ ഒരുപാടു പേജ് വേണം. കൂപ്പുകൈ വിജയേട്ടാ.
(ഫെയ്‌സ് ബുക്കിലഴെുതിയ കുറിപ്പ്)
