അയ്യന്‍കാളിയെക്കുറിച്ചുള്ള അജ്ഞതയും ഇ.എം.എസും വിമര്‍ശകരും
ഈ ഡി ഡേവിസ്

ഇ.എം.എസിന്റെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തുനിഞ്ഞാല്‍ പല സുഹൃത്തുക്കളും പറയുന്ന ഒരാക്ഷേപമുണ്ട്. ”അയ്യന്‍കാളിയെ അറിയില്ലെന്നു പറഞ്ഞ തെണ്ടിയല്ലേ ഇ.എം.എസ്” എന്ന്. ഇതു പലപാട് പല സന്ദര്‍ഭങ്ങളില്‍ ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ പറയാനുള്ള ഒരു കാരണം അദ്ദേഹം 1948 ല്‍ രചിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകമാണ്. മറ്റൊന്ന് സംവരണത്തെ സംബന്ധിച്ച സി.പി.ഐ (എം) കാഴ്ചപ്പാടാണ്. ആ നിലപാടിന്റെ ഉത്തരവാദി ഇ.എം.എസ്. ആണ് എന്നതാണ് വിമര്‍ശകരുടെ വാദം.
കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തിനു ശേഷം ഇ.എം.എസ് എന്തു നിലപാട് സ്വീകരിച്ചു എന്നതു അന്വേഷിക്കുകയാണ് ഇവിടെ. മറ്റൊന്ന് മറ്റു ചരിത്രകാരന്മാര് എന്തു സമീപനമാണ് അയ്യങ്കാളി പ്രസ്ഥാനത്തെ വിശദീകരിക്കുന്നതില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. അയ്യന്‍കാളിപ്രസ്ഥാനം തെക്കന്‍ തിരുവിതാംകൂറിന്റെ ഒരു ഭാഗത്ത് ഒതുങ്ങിപ്പോയതാണോ അതിന്റെ കാരണം? ചരിത്രകാരന്മാര് മനപ്പൂര്‍വം അവഗണിച്ചതാണോ? അതോ അവരുടെ ചരിത്രരചനാപദ്ധതികളുടെ പരിമിതിയാണോ? അതോടൊപ്പം തന്നെ, വിവിധധാരകളില്പെട്ട സമകാലിക ചരിത്രകാരന്മാര് അയ്യന്കാളിയ്ക്ക് ചരിത്രത്തില്‍ ഇടം നല്‍കാത്ത സമീപനം തന്നെയാണോ സ്വീകരിക്കുന്നത്? ഇതൊക്കെ ആലോചനാ വിഷയമായി വരേണ്ടതാണ്.
കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം പ്രസിദ്ധീകരിച്ച കാലത്തെ പരിമിതികള്‍ എന്തെല്ലാം ആയിരുന്നു? ബോധപൂര്‍വം ഇ.എം.എസ് അയ്യന്‍കാളിയെ പരാമര്‍ശിക്കാതെ പോയതാണോ എന്നെല്ലാമുള്ള അന്വേഷണങ്ങളും പര്യാലോചനകളും ആവശ്യമാണ്. ഇ.എം.എസ് പില്ക്കാലത്ത് അയ്യന്കാളിപ്രസ്ഥാനത്തെ പറ്റി എന്തു പറഞ്ഞുവെന്ന പരിശോധനയില്‍ തെളിയുന്ന ചില കാര്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തട്ടേ.
”ശ്രീനാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹികപരിഷ്കര്‍ത്താക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു വേരുണ്ടാവുമായിരുന്നില്ല എന്ന് പറയുന്നത് തികച്ചും ശരിയാണോ?” ഇതിനുള്ള ഉത്തരം സഞ്ചിക 64 ല്‍ ഉണ്ട്. എലത്തൂരില്‍ നിന്ന് ഏ.കെ. മുസ്തഫ ആണ് ചിന്ത വാരികയിലൂടെ ഇങ്ങനെ ചോദിച്ചത്. ആ ചോദ്യത്തിന് ഇ.എം.എസ് നല്കിയ ഉത്തരം ശ്രദ്ധിക്കുക; ‘ശ്രീ നാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ഇല്ലയിരുന്നുവെങ്കില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരുണ്ടാകുമായിരുന്നില്ല എന്നു പറയുന്നത് തികച്ചും ശരി തന്നെയാണ്. ശ്രീനാരായണാദികള്‍ കെട്ടുപ്പടുത്ത പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെത്തിയ ഉയര്‍ന്ന രൂപമാണ് പിന്നീടു രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. പക്ഷേ, ശ്രീ നാരായണഗുരുവിന്റെയും അയ്യന്‍കാളിയുടെയും മറ്റും പ്രസ്ഥാനങ്ങളുടെ തുടര്‍ച്ച മാത്രമല്ല, അതില്‍ നിന്നുള്ള ഒരു വഴിതിരിയല്‍ കൂടിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നു വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു”
ശ്രീനാരായണ ദര്‍ശനത്തിന്റെ ഒരു പരിമിതി ആത്മീയദര്ശനത്തോട് അതിനുള്ള ആധമര്ണ്യമാണ്. അതിന്റെ പിറവി തന്നെ അങ്ങനെയാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് അയ്യന്‍കാളിയുടെ ചിന്തകള്‍. അതേ പറ്റിയുള്ള ഇ.എം.എസ്ന്റെ വിലയിരുത്തലും ശ്രദ്ധിക്കുക; ‘ആത്മീയദര്‍ശനത്തിന്റെ കണിക പോലുമില്ലാതെ കേവലം ഭൗതികമായ വീക്ഷണത്തോടെയാണ് അയ്യങ്കാളി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തത്. ആ അര്‍ത്ഥത്തില്‍ പിന്നീട് വളര്‍ന്ന തൊഴിലാളി – കര്‍ഷകാദി ബഹുജനങ്ങളുടെ സംഘടിത പ്രസ്ഥാനത്തിനു നാന്ദി കുറിച്ച നേതാവാണ് അയ്യന്‍കാളിയെന്നു പറയാം.” ശ്രീ നാരായണ ഗുരുവിന്റെ പിന്ഗാമികളില് തൊഴിലാളി വര്ഗരാഷ്ട്രിയത്തിന്റെ മുന്ഗാമിയായിരുന്നു അയ്യന്‍കാളി എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അയ്യന്‍കാളിയെ തമസ്കരിച്ചു എന്ന വാദത്തിന് മറ്റൊരു സന്ദര്‍ഭത്തിലും അദ്ദേഹം മറുപടി (സഞ്ചിക 64)പറഞ്ഞിട്ടുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അയ്യന്‍കാളിയെ കുറിച്ച് ഇ.എം.എസ് ഒരു വരി പോലും എഴുതിയില്ല എന്ന വിമര്‍ശനം ശരിയാണ്. അതേ പറ്റി ഇ.എം.എസ്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തില്‍ അയ്യന്‍കാളിയുടെ പങ്ക് എന്ന പേരിലുള്ള മറുപടിയെഴുത്തില് വിശദമാക്കിയിട്ടുണ്ട്. അദ്ദേഹം വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്. ‘അന്നെനിക്ക് അയ്യങ്കാളിയെക്കുറിച്ച് അറിയാമായിരുന്നില്ല. പക്ഷേ, ഞാന്‍ ഒരു നമ്പൂതിരി ആയതു കൊണ്ട് അയ്യന്‍കാളിയടക്കമുള്ള അധകൃതരെ അവഗണിച്ചു എന്ന ആരോപണം ശരിയല്ല……… അയ്യന്‍കാളിയെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് ഞാനെഴുതിയ ലേഖനങ്ങളില്‍ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചു കൂടി വിലയിരുത്തിയിരുന്നു.”
അദ്ദേഹം തുടര്‍ന്ന് നടത്തിയ വിചിന്തനവും വിമര്‍ശകര്‍ പരിഗണിക്കേണ്ടതാണ്; ‘കേവലം അധകൃത സമുദായങ്ങളുടെ നേതാവായിരുന്നില്ല അയ്യന്‍കാളി. അധ:കൃതരടക്കമുള്ള സവര്ണവര്ണ ഹിന്ദുക്കളിലും മതന്യൂനപക്ഷങ്ങളിലും പെട്ട കര്‍ഷകത്തൊഴിലാളി വര്‍ഗത്തിന്റെ ആദ്യകാല നേതാവായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ കര്‍ഷകത്തൊഴിലാളി പണിമുടക്കിന്റെ സംഘാടകനെന്ന നിലയ്ക്ക് ശ്രീനാരായണനേക്കാള്‍ ഒട്ടും കുറയാത്ത സ്ഥാനം കേരളത്തിന്റെ നവോത്ഥാനത്തില്‍ അയ്യന്‍കാളി പിടിച്ചെടുത്തു.”
നാല്പത്തൊന്നാമത് സഞ്ചികയിലെ 35 -മാത്തെ കുറിപ്പില്‍ അയ്യന്‍കാളിയെ (1863-1941) പറ്റി വിശദീകരിക്കുന്നത് ഇങ്ങനെയാണ്; ‘കേരളത്തിലെ നവോത്ഥാന നായകരിലൊരാള്‍. നൂറ്റാണ്ടുകളോളം അടിമത്തത്തിലും അസമത്വത്തിലും വീര്‍പ്പുമുട്ടിക്കഴിഞ്ഞ അവശജനവിഭാഗങ്ങളെ അവരുടെ ശോചനീയാവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ വീരോചിതമായി പോരാടിയ സാമൂഹ്യ പരിഷ്കര്‍ത്താവ്. ആ ലക്ഷ്യത്തോടെ രൂപീകരിച്ച സാധുജന പരിപാലന സംഘത്തിന്റെ ജനയിതാവ്, ഹരിജനോദ്ധാരകന്‍ എന്ന നിലയില്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.”
സമ്പൂര്‍ണ്ണമായ സമുദായിക സംവരണത്തിനെതിരെ നിലപാട് എടുത്തു എന്നതിന്റെ പേരിലുള്ള വിമര്‍ശനം എത്ര മാത്രം വസ്തുനിഷ്ഠമാണെന്ന് വിമര്‍ശകര്‍ പരിശോധിക്കേണ്ടതുണ്ട്. ഒന്നാമത് അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ നിലപാടായി തന്നെ കാണണം. സാമുദായികസംവരണത്തിന്റെ ആനുകൂല്യം ക്രിമിലെയറിന് ഒഴിവാക്കുന്നതിനുവേണ്ടി നിലകൊണ്ടതില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹം പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇ.എം.എസിന് എതിരായ രണ്ടു വിമര്‍ശനങ്ങളും വസ്തുതകള്‍ പൂര്‍ണമായും ഗ്രഹിക്കാത്തതുകൊണ്ടോ മറ്റു താല്‍പ്പര്യങ്ങളാലോ ആണ്. ഒരു കാര്യം ഉറപ്പിച്ചു പറയട്ടേ, അയ്യന്‍കാളിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ വസ്തുതകളെ തമസ്കരിച്ച് ഈ.എം.എസിനെ ജാതിക്കുശുമ്പനായി ചിത്രീകരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ് എന്നു മാത്രം ഇപ്പോള്‍ ഓര്‍മ്മിപ്പിക്കട്ടേ.
