അപഹരിക്കപ്പെട്ട റിപ്പബ്ലിക്: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തെരുവിലിറങ്ങുക
പരക്കാല പ്രഭാകര്‍
(2025 ആഗസ്റ്റ് 23 ന് ശ്രീ. മരുതൈയ്യന്റെ നേതൃത്വത്തിലുള്ള ‘വോയ്സ് ഓഫ് തമിഴ്നാടി’ന്റെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ സംഘടിപ്പിക്കപ്പെട്ട ‘Stolen Republic’ (അപഹരിക്കപ്പെട്ട റിപ്പബ്ലിക്) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള യോഗത്തില്‍ ഡോ. പരക്കാല പ്രഭാകര്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള വിവര്‍ത്തനം)
ഇന്ന്, ഹൈദരാബാദിലേക്കുള്ള യാത്രക്കിടയില്‍, യൂട്യൂബിലോ വാര്‍ത്താ ചാനലുകളിലോ എന്നെ മുമ്പ് കണ്ടിട്ടുള്ള ഒരു സഹയാത്രികന് പറഞ്ഞു, ”നോക്കൂ, പരക്കലാ, നിങ്ങള്‍ ഒരു പ്രധാന കാര്യം വിട്ടുകളയുകയാണ്.” അദ്ദേഹം പറഞ്ഞു, ”ബിജെപിയുടെ ഘടനയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം.” ബിജെപിക്ക് വ്യത്യസ്തങ്ങളായ നിരവധി വിഭാഗങ്ങളുണ്ട്. അവയെ ‘മോര്‍ച്ചകള്‍’ എന്നാണു വിളിക്കുന്നത്. ഭാരതീയ ജനതാ യുവ മോര്‍ച്ച (യുവജന വിഭാഗം), മഹിളാ മോര്‍ച്ച, കിസാന്‍ മോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച, അങ്ങനെ പലതും. അടുത്തയിടെ, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായിക്കാണും, ഒരു പുതിയ മോര്‍ച്ച കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പ് മോര്‍ച്ച”. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, അതു ശരിയാണല്ലോ. ഇന്ന് നമുക്കുള്ളത് ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷനല്ല, മറിച്ച് [ബി ജെ പി യുടെ] ഒരു തെരഞ്ഞെടുപ്പു മോര്‍ച്ചയാണ്. ഈ തെരഞ്ഞെടുപ്പു മോര്‍ച്ച അത്ഭുതകരമായാണു പ്രവര്‍ത്തിക്കുന്നത്.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി നിങ്ങള്‍ക്കറിയാം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 ന്, ‘വോട്ട് ഫോര്‍ ഡെമോക്രസി’ (വി എഫ് ഡി – VFD – Vote For Democracy) എന്ന സംഘടന, സമഗ്രമായ ഗവേഷണത്തിനു ശേഷം തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിക്കൊണ്ട്, ഇതേ വേദിയില്‍ വച്ച്, ഞാന്‍ വിശദമായി സംസാരിക്കുകയുണ്ടായി. ഏകദേശം 5 കോടി വോട്ടുകള്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ് 79 ലോക സഭാ സീറ്റുകളില്‍ ബി ജെ പിക്ക് വിജയിക്കാനായതെന്ന് ആ പഠനം കണ്ടെത്തിയിരുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച താല്‍ക്കാലിക കണക്കും അന്തിമ കണക്കും തമ്മില്‍, ഏതാണ്ട് 5 കോടി വോട്ടുകളുടെ വ്യത്യാസമുണ്ടായിരുന്നു. തീര്‍ച്ചയായും അത് വലിയൊരു വര്‍ദ്ധനവ് തന്നെയായിരുന്നു. ആ 5 കോടി വോട്ടുകള്‍ 15 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, ചുരുങ്ങിയത് 79 [ലോക്സഭാ] സീറ്റുകളുടെയെങ്കിലും ജയപരാജയങ്ങളെ മാറ്റിമറിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍, 2024-ല്‍ 293 സീറ്റുകള്‍ നേടിയ എന്‍ഡിഎയ്ക്ക് 214 സീറ്റുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. 234 സീറ്റുകള്‍ നേടിയ പ്രതിപക്ഷ സഖ്യത്തിന് 313 സീറ്റുകള്‍ ലഭിക്കുമായിരുന്നു. ഈ കണക്ക് നിങ്ങള്‍ക്കു മനസ്സിലായാല്‍ (214 എന്‍ ഡി എ യും 313 പ്രതിപക്ഷവും) ഒരു തെരഞ്ഞെടുപ്പ് മോര്‍ച്ച പ്രവര്‍ത്തിക്കുന്നുണ്ട് എന്ന അനുമാനം എത്ര മാത്രം സത്യമാണെന്നു ബോദ്ധ്യപ്പെടും.
തമിഴ്നാട്ടില്‍, മരുതൈയനേയും മാത്തൂര്‍ സത്യയേയും പോലുള്ള പലരും തമിഴ് നാടിന് യാതൊന്നും സംഭവിക്കില്ലെന്ന തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തുന്നവരാണെന്നു തോന്നുന്നു. 2024 ലെ തെരഞ്ഞെടുപ്പിനു മുമ്പ്, എന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഞാന്‍ പല തവണ കേരളത്തില്‍ പോയിരുന്നു. ‘നിങ്ങളുടെ പശ്ചിമഘട്ടം നിങ്ങളെ സംരക്ഷിക്കുമെന്നു കരുതരുതെ’ന്നും ‘എന്തോ ചിലത് സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെ’ന്നും ‘അതിനെക്കുറിച്ചു ജാഗ്രത വേണമെ’ന്നും ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പു നല്കാറുണ്ടായിരുന്നു. പക്ഷേ, അവര്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു. ‘കേരളത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,’ അവര്‍ പറഞ്ഞു. പക്ഷേ, [2024 ലെ തെരഞ്ഞെടുപ്പില്‍] അതു സംഭവിച്ചു.
ഇതു വളരെ സങ്കീര്‍ണ്ണമായ ഒരു ഗെയിമാണ്, ദയവായി ഇത് മനസ്സിലാക്കുക. സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ നിങ്ങള്‍ കേട്ടു കാണും. ‘നോക്കൂ, നിങ്ങള്‍ എന്താണ് പറയുന്നത്? ജനവിധി മോഷ്ടിക്കപ്പെട്ടതായിരുന്നു എങ്കില്‍, അവര്‍ക്ക് 400 സീറ്റുകള്‍ ലഭിക്കുമായിരുന്നു. അവര്‍ എന്തിനാണ് 293 കൊണ്ട് തൃപ്തിപ്പെടുന്നത്? വാസ്തവത്തില്‍, അവര്‍ മോഷ്ടിക്കുകയാണെങ്കില്‍ ബിജെപിക്ക് മാത്രം 400 സീറ്റുകള്‍ ലഭിക്കുമായിരുന്നു. അപ്പോള്‍, അവര്‍ മോഷ്ടിച്ചിട്ടില്ല, അവര്‍ നല്ല ആളുകളാണ്.’ ഇതുപോലുള്ള നിരവധി വാദങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രശ്നമാണിത്. 2024-ല്‍ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ മുതല്‍ തന്നെ ഞങ്ങള്‍ പുരപ്പുറത്തു നിന്നു വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. നോക്കൂ, 2024-ലെ വോട്ടിംഗ് കണക്കുകളില്‍ ധാരാളം പ്രശ്നങ്ങളുണ്ട്. പ്രതിപക്ഷ നേതാവ് ചില കാര്യങ്ങള്‍ പറയുന്നതു വരെ ആരും ഇതിനെക്കുറിച്ച് സംസാരിച്ചില്ല. കണക്കുകളുടെ വലിയൊരു പരിശോധനക്കു ശേഷം, ഇപ്പോള്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. നന്നായി, ചര്‍ച്ച നടക്കട്ടെ. എന്നാലും ഞങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉത്ക്കണ്ഠയുമില്ല. എന്തുകൊണ്ടാണ് ആര്‍ക്കും ഉത്ക്കണ്ഠയില്ലാത്തതെന്നു നിങ്ങള്‍ക്കറിയാമോ? എന്തു കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും പറയാത്തത്? എന്താണു കാരണം? ‘തെലങ്കാനയില്‍ ജയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആക്ഷേപമൊന്നും ഇല്ലല്ലോ അല്ലേ? ഛത്തീസ്ഗഢില്‍ ജയിച്ചപ്പോഴും നിങ്ങള്‍ക്ക് ആക്ഷേപമില്ല. ഹിമാചല്‍ പ്രദേശില്‍ നിങ്ങള്‍ ജയിച്ചതിലും കുഴപ്പമൊന്നുമില്ല; പക്ഷേ, മഹാരാഷ്ട്രയില്‍ തോറ്റപ്പോള്‍ നിങ്ങള്‍ പറയുന്നു വോട്ടുകള്‍ മോഷ്ടിച്ചതാണെന്ന്, അല്ലേ!’ ഇങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല.
‘കര്‍ണാടകത്തില്‍ നിങ്ങള്‍ ജയിക്കുമ്പോള്‍ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?’ ഈ ചോദ്യത്തിനും അവരുടെ കൈയില്‍ ഉത്തരമില്ല. പക്ഷേ, നമുക്ക് ഉത്തരമുണ്ട്. ഡാറ്റയില്‍ തന്നെ അതിന് ഉത്തരമുണ്ട്. യുക്തിയിലും അതിന് ഉത്തരമുണ്ട്. ഡാറ്റ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നതിനു മുമ്പ്, യുക്തിപരമായ ഉത്തരം ഞാന്‍ പറയാം. കാസിനോ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ക്കവിടെ ചീട്ടു കളിക്കാം, മറ്റു പല തരം കളികളും കളിക്കാം. ഒരു കാസിനോയില്‍ പോകുമ്പോള്‍, കളിക്കുന്ന എല്ലാ കളികളിലും നിങ്ങള്‍ തോറ്റാല്‍, നിങ്ങള്‍ വീണ്ടും അവിടെ പോകുമോ? നിങ്ങളും നിങ്ങളെപ്പോലുള്ളവരും ചെന്നില്ലെങ്കില്‍ ഒരു കാസിനോ പിന്നെ എങ്ങനെ പ്രവര്‍ത്തിക്കും? ഒരു കാസിനോ പ്രവര്‍ത്തിക്കുന്നത് ജയിക്കും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഞാന്‍ ഒരു വട്ടം ജയിക്കുന്നു, ഒരു വട്ടം തോല്ക്കുന്നു. ഞാന്‍ വീണ്ടും ജയിക്കുന്നു, അടുത്ത രണ്ടെണ്ണത്തില്‍ ഞാന്‍ തോറ്റേക്കാം, പക്ഷേ, പിന്നീട് ഞാന്‍ വീണ്ടും ജയിക്കും. എനിക്ക് ഇടയ്ക്കിടെ ജയിക്കാന്‍ കഴിയും. പക്ഷേ അവസാനം ആരാണ് ജയിക്കുക? കാസിനോയാണ് ജയിക്കുക.

”ഛത്തീസ്ഗഢില്‍ ജയിക്കാന്‍ അവര്‍ നിങ്ങളെ അനുവദിക്കും. (പക്ഷേ,) മഹാരാഷ്ട്ര, അതു പറ്റില്ല! ധാരാവി ഞങ്ങള്‍ക്കു വേണം. ധാരാവിയുടെ വികസനമാണ് പ്രധാനം. അതു ഞങ്ങള്‍ക്കു (ബിജെപി) വേണം. ഛത്തീസ്ഗഢ് നിങ്ങള്‍ എടുത്തോളൂ, ആരും വിഷമിക്കേണ്ട. ഹിമാചല്‍, അതും എടുത്തോളൂ! ഹരിയാന പറ്റില്ല. കാരണം, കര്‍ഷകര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുമ്പോള്‍ അവരെ തടയാന്‍ ഞങ്ങള്‍ക്ക് ഹരിയാനയെ ആവശ്യമുണ്ട്.” അപ്പോള്‍, കാസിനോയിലെ കളികള്‍ വളരെ സങ്കീര്‍ണ്ണമായ ഗെയിമുകളാണ്. ദയവായി ഇത് മനസ്സിലാക്കുക. ഇവിടത്തെ ഒരു വിജയവും അവിടത്തെ ഒരു വിജയവും കണ്ട് വിഡ്ഢികളാകരുത്. നിങ്ങള്‍ക്കു നഷ്ടപ്പെടുന്നത് എന്താണെന്നു മനസ്സിലാക്കുക. ഛത്തീസ്ഗഢില്‍ നിങ്ങള്‍ ജയിച്ചേക്കാം, പക്ഷേ, മഹാരാഷ്ട്രയില്‍ നിങ്ങള്‍ തോല്‍ക്കും. തെലങ്കാനയിലും നിങ്ങള്‍ ജയിച്ചേക്കാം, പക്ഷേ, ലോക്സഭയില്‍ നിങ്ങള്‍ തോല്‍ക്കും. അതിനാല്‍, (ഒടുവില്‍) കാസിനോ തന്നെ ജയിക്കുന്നു. ദയവായി ഇത് മനസ്സിലാക്കുക.
എന്തുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത് എന്നറിയാമോ? തമിഴ്നാട്ടില്‍ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വലിയൊരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. എത്രയാണെന്ന് നിങ്ങള്‍ക്കറിയാമോ? 2019 ല്‍, തമിഴ്നാട്ടില്‍ ബിജെപിയുടെ വോട്ട് വിഹിതം 3.58 ശതമാനമായിരുന്നു. 2024 ല്‍ എന്തായിരുന്നു? 11.24 ശതമാനം. അവരുടെ വോട്ടു വിഹിതത്തില്‍ പുരോഗതിയുണ്ട്! വളര്‍ച്ചയുണ്ട്! അപ്പോള്‍ നാളെ… എപ്പോഴാണ് നിങ്ങളുടെ തെരഞ്ഞെടുപ്പ്? 2026, അല്ലേ? 2026 ല്‍ എന്തെങ്കിലും സംഭവിച്ചാലോ? 3.58 ല്‍ നിന്നും11.24 ലേക്കുള്ള വളര്‍ച്ച തന്നെ ഒരു റെക്കോര്‍ഡാണ്. അതിനു ശേഷം അതൊരു വലിയ കാര്യമല്ല. തമിഴ്നാട്ടില്‍ ഇപ്പോള്‍ അവര്‍ എത്ര സീറ്റുകള്‍ നേടുമെന്ന് അവര്‍ക്ക് നിങ്ങളോട് പറയാന്‍ കഴിയും. [ചിരി] അപ്പോള്‍, വളര്‍ച്ച എത്രയാണ്? 2019 മുതല്‍ 2024 വരെയുള്ള കാലത്ത്, വളര്‍ച്ച ഏകദേശം 7% ആണ്. ഇവിടെ അത്ഭുതകരമായ ഒരു സംഗതിയുണ്ട്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നടന്ന വോട്ടിംഗിന്റെ താല്‍ക്കാലിക കണക്കും അവസാന പോളിംഗ് കണക്കും തമ്മിലുള്ള വ്യത്യാസം 7.53% ആയിരുന്നു. അപ്പോള്‍, നിങ്ങള്‍ക്ക് വളര്‍ച്ച എത്രയാണെന്നു കാണാന്‍ കഴിയും. വളര്‍ച്ചയുണ്ട്. വളര്‍ച്ച ഇവിടെ നിന്നാണെന്ന് കരുതരുത്. വളര്‍ച്ച അവിടെ നിന്നാണ്. അതുകൊണ്ടാണ് ഇവിടെ മോര്‍ച്ചക്കു പ്രാധാന്യം കൈ വരുന്നത്.
സുഹൃത്തുക്കളേ, ഒരു അപായമണി മുഴക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂന്ന് മണിക്കൂറിലധികമായി നിങ്ങള്‍ ഇവിടെ ഇരിക്കുന്നതു കാണുമ്പോള്‍, കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നവരാണു നിങ്ങളെന്നു തന്നെ ഞാന്‍ ഉറപ്പായും കരുതുന്നു. ഇപ്പോള്‍ തന്നെ ഈ കാര്യങ്ങളെ തടഞ്ഞു നിര്‍ത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, ഒരു ജനാധിപത്യ ഇന്ത്യയെക്കുറിച്ചുള്ള ചിന്തകള്‍ മറന്നു കളയുക. ഇപ്പോള്‍ ഇത് അനുവദിച്ചു കൊടുത്താല്‍, ക്രമ പ്രകാരമുള്ള മറ്റൊരു ലോക്സഭ പൊതു തെരഞ്ഞെടുപ്പിനുള്ള അവസരം നിങ്ങള്‍ക്കു ലഭിക്കാനുള്ള സാധ്യതയില്ല. ഞാന്‍ വളരെ പരിഭ്രാന്തനായതു കൊണ്ടാണ് ഇത്തരം മുന്നറിയിപ്പ് നല്കുന്നതെന്നു കരുതരുത്. ‘എവിടെയും എന്തും സംഭവിക്കാം, പക്ഷേ ഇന്ത്യയില്‍ സംഭവിക്കില്ല, എവിടെയും എന്തും സംഭവിക്കാം, പക്ഷേ തമിഴ്നാട്ടില്‍ സംഭവിക്കില്ല’ എന്നു കരുതരുത്. അങ്ങനെ ചിന്തിക്കരുത്. എല്ലാത്തിനും ഒരു ആദ്യ സംഭവമുണ്ട്. ഇന്ത്യയില്‍ ആദ്യമായി സംഭവിച്ച ഒരുപാടു കാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. ബി ജെ പി തന്നെ ഇത്തരം കാര്യങ്ങളുടെ ഒരു വലിയ പട്ടിക നിങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. പെഗാസസ് മുതല്‍ ഇലക്ടറല്‍ ബോണ്ടുകളും എസ് ഐ ആറും (SIR) മറ്റു പലതും വരെ അവര്‍ ആദ്യമായി തുടങ്ങിയതാണ്. ഇതും അങ്ങനെ സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. അത് തടയണം. അതു തടയണമെങ്കില്‍, അത് രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ലെങ്കില്‍ രണ്ടു സഖ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായാല് പോരാ. ഒന്ന് മറ്റൊന്നിനെതിരെ, അതായത്, എ യ്ക്കെതിരെ ബി, അല്ലെങ്കില്‍ ഒരു സഖ്യത്തിനെതിരെ മറ്റൊരു സഖ്യം, അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കെതിരെ എതിര് പാര്‍ട്ടി എന്ന നിലക്ക് അതേ പറ്റി നിങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല! ഇല്ല! രാജ്യത്തിനു മേല്‍ നടക്കുന്ന ഇത്തരം വഞ്ചനകള്‍ക്കെതിരെ, റിപ്പബ്ലിക്കിനു വേണ്ടി ജനങ്ങള്‍, സാധാരണ വോട്ടര്‍മാര്‍, നിങ്ങളും ഞാനും ചേര്‍ന്നു നടത്തുന്ന പോരാട്ടമാണത് എന്ന വിധത്തിലാണ് കാര്യങ്ങളെ അവതരിപ്പിക്കേണ്ടത്. എങ്കില്‍ മാത്രമേ നമുക്ക് നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയൂ. രാഹുല്‍ ഗാന്ധിയെയോ കോണ്‍ഗ്രസിനെയോ മറ്റേതെങ്കിലും പാര്‍ട്ടിയെയോ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടല്ല അങ്ങനെ പറയുന്നത്; നമ്മുടെ ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും രക്ഷിക്കാന്‍ വേണ്ടിയാണ്. നമ്മുടെ ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും രക്ഷിക്കാന്‍, റോഡിലിറങ്ങി ഇത് അവസാനിപ്പിക്കണമെന്ന് നാം പറയണം. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ നിങ്ങളുടെ കടമ നിര്‍വ്വഹിച്ചുവെന്ന് കരുതുന്നത് ദയവായി നിര്‍ത്തുക. നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ കാലുകള്‍ നിലത്തുറപ്പിച്ച് പ്രക്ഷോഭം നടത്തുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ രക്ഷിക്കാനാവില്ല.
കഴിഞ്ഞൊരു ദിവസം ഒരാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഇതൊക്കെ സംഭവിക്കുന്നുണ്ട്!’ ഒരു തരം ആത്മസംതൃപ്തിയോടെ എന്നെ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു, ‘നോക്കൂ, ഈ വാദങ്ങളെയെല്ലാം ഞാന്‍ പൊളിച്ചു കളഞ്ഞിട്ടുണ്ട്.’ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘എവിടെ?’ അയാള്‍ പറഞ്ഞു, ‘ഫേസ് ബുക്കില്‍ ഞാന്‍ അവരെ (ബി ജെ പി യെ) പൊളിച്ചടുക്കിയിട്ടുണ്ട്. നിങ്ങള്‍ എന്നെ ഫേസ്ബുക്കില്‍ പിന്തുടരുന്നില്ലേ?’ അയാള്‍ ഫേസ്ബുക്കില്‍ അവരുടെ വാദങ്ങളെല്ലാം പൊളിച്ചു. പക്ഷേ, ആ രണ്ടു പേരും (മോദിയും അമിത് ഷായും) സന്തോഷത്തോടെ ബാങ്കിലേക്കു തന്നെ പോവുകയാണ് – വോട്ട് ബാങ്കിലേക്ക്.

രണ്ടു കാര്യങ്ങള്‍ കൂടി ഞാന്‍ പറയാം. ഞാന്‍ ചോദിച്ചു, ”ഏഴ് ഘട്ടങ്ങളായിട്ടാണ് പോളിംഗ് നടന്നതെന്നു നിങ്ങള്‍ക്കറിയാമോ?” അദ്ദേഹം പറഞ്ഞു, ”അതെ.” ഞാന്‍ തുടര്‍ന്നു, ”ഒന്നാം ഘട്ടത്തിലെ അന്തിമ പോളിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് 11 ദിവസമെടുത്തു. 11 ദിവസം. നിങ്ങള്‍ക്കറിയാമോ?” രണ്ടാം ഘട്ടത്തിലെ അന്തിമ പോളിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ 4 ദിവസമെടുത്തു. മൂന്നാം ഘട്ടത്തിന് 4 ദിവസമെടുത്തു. നാലാം ഘട്ടത്തിന് 4 ദിവസമെടുത്തു. അഞ്ചാം ഘട്ടത്തിന് 3 ദിവസമെടുത്തു. ആറാം ഘട്ടത്തിന് 4 ദിവസമെടുത്തു. ഏഴാം ഘട്ടത്തിന് 5 ദിവസമെടുത്തു. എന്തുകൊണ്ട്? അവസാന പോളിംഗ് ശതമാനം എത്രയാണെന്ന് പറയാന്‍ മോര്‍ച്ച ഇത്രയും സമയമെടുത്തത് എന്തുകൊണ്ടാണ്? ഇത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പോളിംഗിന്റെ അവസാന ദിവസം എപ്പോഴാണെന്ന് നിങ്ങള്‍ക്കറിയാമോ? അത് ഒന്നാം തീയതിയായിരുന്നു (ജൂണ്‍ 1, 2024). ഫലങ്ങള്‍ എപ്പോഴാണ് പ്രഖ്യാപിച്ചത്? നാലാം തിയതി (ജൂണ്‍ 4). ഏഴാം ഘട്ടത്തിലെ അന്തിമ പോളിംഗ് ശതമാനം ജൂണ്‍ 6 നാണ് പ്രസിദ്ധീകരിച്ചത് എന്നു നിങ്ങള്‍ക്കറിയാമോ? അതായത്, അന്തിമ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് 7-ാം ഘട്ടത്തിലെ അന്തിമ കണക്കു നല്‍കുന്നത്. എന്താണ് സംഭവിക്കുന്നത്? ഡിജിറ്റല്‍ ഇന്ത്യയില്‍? ഒരു കാര്യം കൂടിയുണ്ട്, രണ്ടാം ഘട്ടം വോട്ടെടുപ്പ് വളരെ രസകരമായ ഒരു സംഭവമാണ്. രണ്ടാം ഘട്ടത്തിലെ നിയോജകമണ്ഡലം തിരിച്ചുള്ള പ്രാഥമിക പോളിംഗ് ഡാറ്റ ഇന്നും ലഭ്യമല്ല. അതിനാല്‍ അതില്‍ എത്രമാത്രം വര്‍ദ്ധനവുണ്ടായെന്ന് കണ്ടെത്താനും മാര്‍ഗ്ഗമില്ല. ഇത് പ്രാഥമിക ഡാറ്റയാണെന്നും ഇത് അന്തിമ ഡാറ്റയാണെന്നും നിങ്ങള്‍ പറഞ്ഞാല്‍, ഗണിതശാസ്ത്രത്തില്‍ വലിയ വിവരമൊന്നുമില്ലാത്ത എന്നെപ്പോലുള്ള ഒരാള്‍ക്കു പോലും വര്‍ദ്ധനവ് എത്രയാണെന്നു പറയാന്‍ സാധിക്കും. തമിഴ്നാട്ടിലെ വോട്ടു വര്‍ദ്ധനവിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞു. എന്നാല്‍ രണ്ടാം ഘട്ടത്തിന്, സംസ്ഥാനം തിരിച്ചുള്ള ഡാറ്റ പോലും നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് വിസമ്മതിച്ചതിനാല്‍ മൊത്തത്തിലുള്ള വര്‍ദ്ധനവിന്റെ കണക്കു പറയാനാവില്ല. അത് ഘട്ടങ്ങളുടെ ഡാറ്റ നല്കി. മുഴുവന്‍ ഘട്ടങ്ങളിലേയും ഡാറ്റയുണ്ടോ? എന്താണ് ഇതിനര്‍ത്ഥം? അത് സംസ്ഥാനം തിരിച്ചുള്ള ഡാറ്റ നല്കാന് വിസമ്മതിച്ചു. പിന്നീട്, കുറച്ചു സമയത്തിനു ശേഷം, അത് സംസ്ഥാനം തിരിച്ചുള്ള ഡാറ്റ നല്കി, പക്ഷേ, ഇപ്പോഴും നിയോജകമണ്ഡലം തിരിച്ചുള്ള ഡാറ്റ അവര്‍ നല്‍കിയിട്ടില്ല. ഇന്ന്, ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? രണ്ടാം ഘട്ടത്തില്‍ ബി ജെ പി-എന്‍ ഡി എ സഖ്യത്തിന്റെ വിജയ ശതമാനം അസാധാരണമായ വിധം ഉയര്‍ന്നിരിക്കുന്നതിനാല്‍ ഇത് ഒരു പ്രധാന കാര്യമാണ്. രണ്ടാം ഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ 3 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 3 സീറ്റുകളിലും ബി ജെ പി ജയിച്ചു. യുപിയില്‍ 8 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. എല്ലാ സീറ്റുകളും ബി ജെ പി ക്കു ലഭിച്ചു. മദ്ധ്യപ്രദേശില്‍ 6 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. എല്ലാ സീറ്റുകളും ബി ജെ പി ക്കു കിട്ടി. ഛത്തീസ്ഗഢില്‍ 3 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. മൂന്ന് സീറ്റുകളും ബി ജെ പി ക്കാണു കിട്ടിയത്. ത്രിപുരയില്‍ 1 സീറ്റിലേക്ക് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. ആ ഒരു സീറ്റ് ബി ജെ പിക്കു കിട്ടി. ജമ്മു കഷ്മീരില് 2-ാം ഘട്ടത്തില്‍ ഒരു സീറ്റില്‍ തെരഞ്ഞെടുപ്പു നടന്നു. ആ സീറ്റ് ബി ജെ പിക്കു തന്നെ കിട്ടി. കര്‍ണാടകയില്‍ 14 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. അതില്‍ 12 എണ്ണത്തില്‍ ബി ജെ പി വിജയിച്ചു. രാജസ്ഥാനില്‍ 13 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 10 സീറ്റുകള്‍ ബി ജെ പി ക്കാണു കിട്ടിയത്. അസമില്‍ 5 സീറ്റില്‍ രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടന്നു. 4 എണ്ണം ബി ജെ പി ക്കു കിട്ടി.. അസാധാരണമായ വിജയ ശതമാനം – സ്ട്രൈക്ക് റേറ്റ് – എന്നു തന്നെ പറയാം.
ഒരു കാര്യം കൂടി പറയട്ടെ. പോളിംഗ് വര്‍ദ്ധനവിനെക്കുറിച്ചു സംസാരിക്കേണ്ടത് എന്തുകൊണ്ടാണ് പ്രധാനമായിരിക്കുന്നത്? അന്തിമ പോളിംഗില്‍ വമ്പിച്ച വര്‍ദ്ധനവ് ഉണ്ടായ സ്ഥലങ്ങളിലൊക്കെ എന്താണു സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാമോ? ഉദാഹരണത്തിന്, ഒഡീഷയില്‍ 12.48% പോളിംഗ് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, 21 സീറ്റുകളില്‍ 20 എണ്ണം ബി ജെ പി നേടി. ആന്ധ്രാപ്രദേശില്‍ 12.54% ആയിരുന്നു വര്‍ദ്ധനവ്. 25 സീറ്റുകളില്‍ 21 എണ്ണം എന്‍ ഡി എ നേടി. 15 സംസ്ഥാനങ്ങള്‍, വലിയ വിജയ ശതമാനം, അന്തിമ പോളിംഗ് നിരക്കില്‍ വലിയ വര്‍ദ്ധനവ്.
അന്തിമ പോളിംഗ് ശതമാനത്തിലെ വര്‍ദ്ധനവ് വളരെ കുറവായ സീറ്റുകളില്‍ എന്താണു സംഭവിച്ചത്? ചരിത്രം പരിശോധിച്ചാല്‍, താല്‍ക്കാലിക പോളിംഗ് കണക്കുകളും അന്തിമ പോളിംഗ് കണക്കുകളും തമ്മിലുള്ള വ്യത്യാസം (വര്‍ദ്ധനവ് ) ഒരിക്കലും 1% ല്‍ കൂടുതല്‍ ഉണ്ടായിട്ടില്ല. പലപ്പോഴും ഇത് അര ശതമാനമോ അതില്‍ കുറവോ ആയിരുന്നു. ചരിത്രം നോക്കുമ്പോള്‍, യു പി യെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണിതെന്ന് എനിക്കു തോന്നുന്നു. ഏഴു ഘട്ടങ്ങളിലും പോളിംഗ് നടന്ന യു പി യില്‍, ഒന്നാം ഘട്ടത്തില്‍ വര്‍ദ്ധനവ് 3.25% ആയിരുന്നു. രണ്ടാം ഘട്ടത്തിലെ കണക്കു പുറത്തു വിടാത്തതു കൊണ്ട്, എത്രയാണു വര്‍ദ്ധനവെന്നു നമുക്കറിയില്ല. ഞാന്‍ പറഞ്ഞതു പോലെ, രണ്ടാംഘട്ടത്തില്‍ അവിടെ 8 സീറ്റുകളില്‍ വോട്ടെടുപ്പു നടന്നു. അവയെല്ലാം ബിജെപി തന്നെ നേടി. മൂന്നാം ഘട്ടത്തില്‍, 0.2% ആയിരുന്നു വര്‍ദ്ധനവ്. നാലാം ഘട്ടത്തില്‍, 0.34%. അഞ്ചാം ഘട്ടത്തില്‍, 0.23%. ആറാം ഘട്ടത്തില്‍, 0.01%. ഏഴാം ഘട്ടത്തില്‍, 0.25%. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? 67 സീറ്റില്‍ എന്‍ ഡി എ യുടെ വിജയം 36 മാത്രമായി കുറഞ്ഞു. അതായത്, അന്തിമ പോളിംഗ് കണക്കുകളിലെ വര്‍ധന കുറഞ്ഞപ്പോള്‍, എന്‍ ഡി എ വീണു. ഇതില്‍ നിന്നും നമ്മള് എന്താണു മനസ്സിലാക്കുക? സംസാരിക്കാന്‍ വളരെയധികം കാര്യങ്ങളുണ്ട്. ഏറെ കണക്കുകളും ഡാറ്റയും പറഞ്ഞ് നിങ്ങളില്‍ മടുപ്പുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഡാറ്റ ഒരുപാടുണ്ട്. നമ്മള് ഇപ്പോള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിനെപ്പറ്റി കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ സമ്മതിച്ചേക്കില്ലെങ്കിലും ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങളോട്, ഒരു ദിവസം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോജിക്കേണ്ടിവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നോക്കൂ, ഈ ലോക്സഭ അവിടെ ഇരിക്കുന്നത് വ്യാജമായ ഒരു തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിത്തറ മേലാണ്. അത് പോകണം. ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍, വ്യാജമായ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഈ ലോക്സഭയില്‍ നിന്നാണ് രൂപം കൊണ്ടത്. അത് പോകണം. ഈ ലോക്സഭ ഒരു വ്യാജ തെരഞ്ഞെടുപ്പിന്റെയും തെറ്റായ വോട്ടര്‍ പട്ടികയുടെയും വോട്ട് ഇരട്ടിപ്പിക്കലിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഞാന്‍ പറയുന്നത് എന്തുകൊണ്ടാണ്? പ്രതിപക്ഷ നേതാവ് പറഞ്ഞതുകൊണ്ടു മാത്രമല്ല, അത്. ഈ സര്‍ക്കാരിന്റെ കാബിനറ്റ് മന്ത്രിമാരില്‍ ഒരാള്‍ തന്നെ അതു പറഞ്ഞിട്ടുണ്ട്. അതു നിങ്ങള്‍ക്കറിയാമോ? അദ്ദേഹം ചോദിച്ചു, ‘നിങ്ങള്‍ എന്തിനാണ് മഹാദേവപുരയെക്കുറിച്ച് സംസാരിക്കുന്നത്? ആ റായ്ബറേലിയുടെ കാര്യമോ? റായ്ബറേലിയിലും തട്ടിപ്പു നടന്നിട്ടുണ്ട്,’ അതായത് അവര്‍ രണ്ടും തട്ടിപ്പുകാരാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ അത് റദ്ദാക്കാത്തത്? അത് റദ്ദാക്കുകയും വോട്ടര്‍ പട്ടിക ശരിയായ വിധം പരിഷ്ക്കരിക്കുകയും ചെയ്ത ശേഷം തെരഞ്ഞെടുപ്പ് നടത്തൂ. അതിനു മുമ്പ്, ഈ മോര്‍ച്ച (അതായത്, തെരഞ്ഞെടുപ്പ് കമ്മീഷന്) പിരിച്ചുവിടൂ. നോക്കൂ, അപ്രായോഗികമോ, അസാധ്യമോ ആണെന്ന് നിങ്ങള്‍ കരുതുന്ന ഒരു കാര്യമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. പക്ഷേ, ജനാധിപത്യപരമായ ഒരു ഗവണ്മെന്റും പാര്‍ലമെന്റും തെരഞ്ഞെടുപ്പും ഉള്ള ഒരു വ്യവസ്ഥയാണ് ഇതെന്ന് നടിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? എന്തിനാണ് ഇതൊക്കെ ഉണ്ടെന്ന് നിങ്ങള്‍ നടിക്കുന്നത്? എന്തിനാണ് ഈ കള്ള നാട്യം? വോട്ടര്‍ പട്ടികയില്‍ ധാരാളം തട്ടിപ്പുകള്‍ ഉണ്ടെന്ന് എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍ക്കിടയില്‍ ഇപ്പോള്‍ ഒരു അഭിപ്രായ സമന്വയമുണ്ട്. എല്ലാ കാലത്തും ഇത് ഇങ്ങനെ തന്നെയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. തിരഞ്ഞെടുപ്പുകള്‍ എല്ലായ്പ്പോഴും വ്യാജമായിരുന്നോ? 1952 ലെ തെരഞ്ഞെടുപ്പിലും തട്ടിപ്പു നടന്നിട്ടുണ്ടെന്ന് അവര്‍ പറയും. ഞാന്‍ അന്ന് ജനിച്ചിട്ടില്ല. ആ പറച്ചിലില്‍ ഞാന്‍ പങ്കാളിയല്ല. ഈ തെരഞ്ഞെടുപ്പില്‍, ഞാന്‍ ഇവിടെയുണ്ട്, അല്പം മുമ്പ് സാഗര്‍ പറഞ്ഞതു പോലെ വോട്ടര്‍ പട്ടികയില്‍ വളരെയധികം കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന് എനിക്കറിയാം. അതു മാറണം. അത് പൂര്‍ണ്ണമായും വൃത്തിയാക്കണം. പിന്നെ, ഒരു തെരഞ്ഞെടുപ്പ് നടക്കട്ടെ. വൃത്തിയാക്കുക എന്നുവച്ചാല്‍ ആളുകളെ ഇല്ലാതാക്കുക എന്നല്ല അര്‍ത്ഥം. നമുക്ക് ശരിയായ വൃത്തിയാക്കലാണ് ആവശ്യം, സത്യസന്ധതയോടെ നടത്തപ്പെടുന്ന ഒന്ന്. ഇപ്പോള്‍ നമുക്ക് വേണ്ടത് 100% സത്യസന്ധതയുള്ള ഒരു തെരഞ്ഞെടുപ്പു പ്രക്രിയയാണ്. ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയോടോ പ്രത്യേക നേതാവിനോടോ ഉള്ള അനിഷ്ടം പ്രകടിപ്പിക്കാന്‍ വേണ്ടിയല്ല ഇതു പറയുന്നത്. പൂര്‍ണ്ണമായും സത്യസന്ധമായ ഒരു പ്രക്രിയയാണെങ്കില്‍, ആരെങ്കിലും വിജയിക്കട്ടെ. എനിക്ക് അവരെ ഇഷ്ടമല്ലെങ്കില്‍, ഞാന്‍ രാഷ്ട്രീയമായി പോരാടും. എനിക്ക് ഇഷ്ടമുള്ളവരാണ് വിജയിക്കുന്നതെങ്കില്‍ നല്ലത്. പക്ഷേ, പ്രക്രിയയില്‍ കൃത്രിമം നടന്നാല്‍, എനിക്ക് പോരാടാന്‍ കഴിയില്ല.
രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്, ‘നോക്കൂ, കഠിനാധ്വാനം ചെയ്ത് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അത് നടക്കാന്‍ പോകുന്നില്ല. നിങ്ങള്‍ കാസിനോയ്ക്കെതിരെയാണ് കളിക്കുന്നത്.’ 2024 ലെ തെരഞ്ഞെടുപ്പില്‍ 5 കോടി വോട്ടുകളാണ് കൃത്രിമമായി വര്‍ദ്ധിപ്പിച്ചത്. നിങ്ങള്‍ക്ക് അത് ഇപ്പോള്‍ നിര്‍ത്താനായില്ലെങ്കില്‍, അടുത്ത തെരഞ്ഞെടുപ്പില്‍,10 കോടി വോട്ടുകള്‍ വര്‍ദ്ധിക്കും. അതിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പു വന്നാല്‍, 20 കോടി വോട്ടുകള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ എന്തു ചെയ്യും? നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഒരു തട്ടിപ്പുണ്ടായതിനു ശേഷവും പോളിംഗ് നിരക്കില്‍ അസാധാരണമായ ഒരു വര്‍ദ്ധനവ് ഉണ്ടായതിനു ശേഷവും നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് ഒരവസരം നല്കുകയാണു ചെയ്യുന്നത്, വ്യാജ തെരഞ്ഞെടുപ്പുകളെ നിങ്ങള്‍ നിയമവിധേയമാക്കുകയാണു ചെയ്യുന്നത്. അതിനാല്‍, ഇലക്ടറല്‍ റോളുകള്‍ ഉചിതമായ രീതിയില്‍ വൃത്തിയാക്കുന്നതുവരെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷന് തങ്ങള്‍ നിഷ്പക്ഷരാണെന്ന് ആത്മവിശ്വാസത്തോടെ പറയാനോ അതു വഴി ആളുകളെ പ്രചോദിപ്പിക്കാനോ കഴിയില്ല. കാരണം, അതിന്റെ നിയമനം തന്നെ ധാരാളം സംശയങ്ങളുണ്ടാക്കുന്നതാണ്. ഒരു ഗവണ്മെന്റ് സെക്രട്ടറിയെ നിയമിക്കുന്നതു പോലെയാണ് ഇലക്ഷന് കമ്മീഷനെ നിയമിക്കുന്നത്. പ്രധാനമന്ത്രിയും ഒരു കാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവുമുള്ള ഒരു സമിതി – പ്രതിപക്ഷ നേതാവിന് ആ തെരഞ്ഞെടുപ്പില്‍ ഒരു പങ്കുമില്ല, ഭൂരിപക്ഷവുമില്ല – ഇത് ഒരു സര്‍ക്കാര്‍ തീരുമാനമാണ്. തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്ന പ്രക്രിയയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുണ്ടായിരുന്ന പങ്ക് ഇല്ലായ്മ ചെയ്തിരിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പങ്ക് ഇല്ലാതാക്കിയ ശേഷം, ഈ നിയമനം ഒരു നിഷ്പക്ഷ നിയമനമാണെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണു പറയാന്‍ കഴിയുക? ശരി, ചിലപ്പോള്‍, സര്‍ക്കാര്‍ നിയമിച്ച ഒരാള്‍ക്കു പോലും നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ടി.എന്‍. ശേഷനെ നാം മറന്നുകൂടാ. സുപ്രീം കോടതിയോ മറ്റാരെങ്കിലുമോ അല്ല ശേഷനെ നിയമിച്ചത്. ശേഷനെ നിയമിച്ചത് സര്‍ക്കാരായിരുന്നു. എന്നിട്ടും അദ്ദേഹം പറഞ്ഞു, ‘ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനല്ല’ ”ഇത് ഇന്ത്യയുടെ ഇലക്ഷന് കമ്മീഷനാണ്. ഇതൊരു സര്‍ക്കാര്‍ വകുപ്പല്ല. കാബിനറ്റ് സെക്രട്ടറിയോട് മറുപടി പറയാന്‍ എനിക്കു ബാദ്ധ്യതയില്ല. പ്രധാനമന്ത്രിയോട് മറുപടി പറയാനും എനിക്കു ബാദ്ധ്യതയില്ല. ആര്‍ക്കും എന്നോട് ആജ്ഞാപിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ പ്രസിഡന്റിനോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ മറുപടി പറയണം. അവരോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയുടെ പാര്‍ലമെന്റിനോടും എനിക്ക് ഉത്തരവാദിത്തമുണ്ട്.’ സര്‍ക്കാര്‍ നിയമിച്ച ടി എന്‍ ശേഷനെപ്പോലുള്ള ഒരാള്‍ അങ്ങനെ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷനും കമ്മീഷണര്‍മാരും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും (സി ഇ സി CEC) എങ്ങനെയാണു പെരുമാറുന്നതെന്നു നോക്കൂ. തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ പ്രധാനമന്ത്രി 110 വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി, ഒരു നോട്ടീസ് പോലും അദ്ദേഹത്തിനു നല്‍കിയില്ല. അതാണ് നമ്മുടെ തെരഞ്ഞെടുപ്പു കമ്മീഷന്. ഒന്നാം ഘട്ടം തെരഞ്ഞെടുപ്പിലെ അന്തിമ കണക്കുകള്‍ അവര്‍ പുറത്തുവിട്ടത് 11 ദിവസങ്ങള്‍ക്കു ശേഷമാണ്. അവസാന ഘട്ടത്തിലെ അന്തിമ കണക്കുകള്‍ പുറത്തു വിട്ടത് തെരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു. ഇത് എന്തെങ്കിലും ആത്മവിശ്വാസം നല്കുന്നുണ്ടോ? ഇത് നിഷ്പക്ഷമാണോ? അതുകൊണ്ട്, നിലവിലുള്ള തെരഞ്ഞെടുപ്പു കമ്മീഷനെ പിരിച്ചുവിടുക. ലോക്സഭ പിരിച്ചുവിടുക. ഈ സര്‍ക്കാരിനെ പുറത്താക്കുക. ഇലക്ടറല്‍ റോളുകളിലെ അപാകങ്ങള്‍ പരിഹരിക്കുക; തുടര്‍ന്ന് തെരഞ്ഞെടുപ്പു നടത്തുക – ആരു വിജയിച്ചാലും ഒരു പ്രശ്നവുമില്ല.
ഇപ്പോള്‍, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതു പ്രധാനമാണ്. എന്താണു സംഭവിക്കേണ്ടതെന്നും എന്താണു നാം ചെയ്യേണ്ടത് എന്നുമുള്ളതിനെക്കുറിച്ച് നമ്മള് സംസാരിച്ചു. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇനി നമുക്കു സംസാരിക്കാം. ഈ രാജ്യത്തെ, ഈ റിപ്പബ്ലിക്കിനെ, ഒരു മതാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റാനുള്ള – ഒരു ഹിന്ദു ഭൂരിപക്ഷതാ വാദ രാഷ്ട്രമാക്കി മാറ്റാനുള്ള ഒരു അജണ്ട, ഒരു പ്രവര്‍ത്തന പദ്ധതി സജീവമായി നിലനില്ക്കുന്നു എന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതാണ് അജണ്ട. നിങ്ങള്‍ക്ക് ഈ അജണ്ടയുണ്ട് എന്ന കാരണത്താല്‍ എനിക്ക് നിങ്ങളുമായി ഒരു പ്രശ്നവുമില്ല. പക്ഷേ, ആ അജണ്ടയോട് ഞാന്‍ വിയോജിക്കുന്നു; ഞാന്‍ അതിനെതിരെ പോരാടും. പ്രശ്നം എന്തെന്നാല്‍, വിഭാഗീയവും ഭൂരിപക്ഷതാവാദപരവുമായ അത്തരമൊരു അജണ്ടയ്ക്ക് ഇന്ത്യയിലെ വോട്ടര്‍മാര്‍ ഒരിക്കലും സമ്മതി നല്‍കില്ല. ഒട്ടേറെ വഞ്ചനകള്‍ നിറഞ്ഞതാണെങ്കില്‍ പോലും ഈ തെരഞ്ഞെടുപ്പ് അതിനു തെളിവാണ്. അത്തരമൊരു അജണ്ട ഇന്ത്യന്‍ വോട്ടര്‍മാര്‍ അംഗീകരിക്കുന്നില്ല എന്നത് വളരെ വ്യക്തമാണ്. ബി ജെ പി പിറവിയെടുക്കുന്നതിനു മുമ്പ് അത് ബി ജെ എസ് (ഭാരതീയ ജനസംഘം) ആയിരുന്നു. ബി ജെ എസിന്റെ നേതാക്കള്‍ ഒരു കാലത്ത് അതിശക്തരായിരുന്നു. ഇന്ത്യയെ ഒരു മതാധിപത്യ, ഹിന്ദു ഭൂരിപക്ഷതാവാദ രാഷ്ട്രമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടു വച്ചു പ്രവര്‍ത്തിച്ചവരില്‍ ശ്യാമ പ്രസാദ് മുഖര്‍ജി, ബല്‍രാജ് മധോക്ക്, സ്വാമി കരപത്രിജി തുടങ്ങിയ വലിയ ആളുകളുണ്ടായിരുന്നു. അക്കാലത്ത് ആര് എസ് എസില്‍ ഗോള്‍വാള്‍ക്കര്‍ സജീവമായിരുന്നു. ആ വലിയ ആളുകളെല്ലാം ഉണ്ടായിരുന്നിട്ടും ബി ജെ എസിന്റെ ഏറ്റവും ഉയര്‍ന്ന തെരഞ്ഞെടുപ്പു പ്രകടനം 9% വോട്ടു നേടി എന്നതായിരുന്നു. 9% ജനകീയ വോട്ട്. അതിനു ശേഷം ബി ജെ എസ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. പിന്നീട്, തങ്ങള്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റുകളാണെന്നും മറ്റും പറഞ്ഞുകൊണ്ട് അവര്‍ അതില്‍ നിന്നും പുറത്തു വന്നു. അതൊക്കെ നിങ്ങള്‍ക്കറിയാം. ഒന്നോര്‍ത്തു നോക്കുക, അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെല്ലാവരും മതേതരരാണെന്ന് പറയാറുണ്ടായിരുന്നു. അങ്ങനെയല്ലേ? ബി ജെ പി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും. ഇന്ന് അവര്‍ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അവരൊക്കെ ധൈര്യശാലികളാണ്. ഭിന്നിപ്പിക്കല്‍ അജണ്ടക്കാര്‍ക്ക് പരമാവധി ലഭിക്കുന്ന വോട്ട് 9% ത്തില്‍ കവിയില്ല എന്ന് അവര്‍ അന്ന് മനസ്സിലാക്കിയതിനാല്‍, തങ്ങളും മതേതരരാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. രാമജന്മഭൂമി, ആര്‍ട്ടിക്കിള്‍ 370, യൂണിഫോം സിവില്‍ കോഡ് തുടങ്ങിയ, തങ്ങളുടെ അജണ്ടയിലെ വിവാദപരമായ കാര്യങ്ങള്‍ അവര്‍ തല്ക്കാലം പിന്നോട്ടു മാറ്റിവച്ചു. പിന്നീട്, അവര്‍ക്ക് 20 മുതല്‍ 22% വരെ വോട്ടു ലഭിച്ചു. ഡി എം കെ യില്‍ നിന്നും ടി ഡി പി യില്‍ നിന്നുമൊക്കെ അവര്‍ക്ക് സഖ്യകക്ഷികളെ ലഭിക്കുകയും അവരുമായി ചേര്‍ന്ന് സര്‍ക്കാരുകള്‍ രൂപീകരിക്കുകയും ചെയ്തു.
2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്നതും ഒരു വര്‍ഗ്ഗീയ പ്രചാരണമോ, വര്‍ഗ്ഗീയ അജണ്ടയോ, വര്‍ഗ്ഗീയ പ്രകടന പത്രികയോ ആയിരുന്നു എന്നു പറയാനാവില്ല. എന്നാല്‍ ഇതാണു ചെയ്യേണ്ടതെന്ന് (ഒരു ഹിന്ദു മതാധിപത്യ രാഷ്ട്രത്തിലേക്കുള്ള മുന്നേറ്റമാണു വേണ്ടതെന്നു) തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ [ഇന്ത്യന്‍ വോട്ടര്‍മാര്‍ ഇത്തരമാരു കാര്യം അംഗീകരിക്കുന്നതേയില്ല ] നിങ്ങള്‍ എന്താണ് ചെയ്യുക? പിന്നെ, നിങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ക്കായി ‘മോര്‍ച്ചകള്‍’ ഉണ്ടാക്കും. അതുകൊണ്ടാണ് 2024 ല്‍ ഏകദേശം 5 കോടി വോട്ട് കൃത്രിമമായി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഒരു വലിയ തട്ടിപ്പ് നടത്തിയതായി നമുക്കു കാണാന്‍ കഴിയുന്നത്. നിങ്ങള്‍ക്ക് വോട്ട് നല്കാന് സാദ്ധ്യതയില്ലാത്ത എല്ലാവരെയും തെരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള പദ്ധതിയായി SIR- പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കുക. അപ്പോള്‍, ഇതാണ് ഡിസൈന്‍. അതിനു വേണ്ടിയാണ് ഇത് നടപ്പാക്കുന്നത്. അത് തടയണം.
നമുക്ക് തറയില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് സമരം ചെയ്യണം. സോഷ്യല്‍ മീഡിയയിലൂടെയോ, ഓണ്‍ലൈന്‍ നിവേദനങ്ങള്‍ പോലുള്ള മാര്‍ഗങ്ങളിലൂടെയോ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിലുള്ള മടിയന്‍ സമരമല്ല (Slacktivism) നമുക്കു വേണ്ടത്. അതിന് വളരെ കുറഞ്ഞ പരിശ്രമമോ പ്രതിബദ്ധതയോ മാത്രം മതിയാവും. അതു പോരാ. ദയവായി യുവാക്കളോടു സംസാരിക്കുക; കാമ്പസുകളോടു സംസാരിക്കുക. അതു വളരെ പ്രധാനമാണ്. എല്ലാം ചെയ്യണം. എന്തെങ്കിലും സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കരുത്. ശരിയായ പ്രക്ഷോഭമില്ലാതെ നിങ്ങള്‍ എങ്ങനെയാണ് ഈ മോര്‍ച്ചയെ പൊളിക്കാന്‍ പോകുന്നത്? നിങ്ങള്‍ക്ക് ഒരു പ്രസ്ഥാനം ആവശ്യമാണ്. നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഭരണകക്ഷിയെ പരിഹാസപാത്രമാക്കുകയും ചെയ്യണം. ‘നമ്മള് തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ അവര്‍ മത്സരിക്കും’ എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. അത് സാധ്യമല്ല. അത് സംഭവിക്കില്ല. എല്ലാവരും അവരെ നോക്കി ചിരിക്കും. അതേക്കുറിച്ച് ചിന്തിക്കുക. ഇത് വളരെ ഗുരുതരമായ കാര്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ ദിശാവ്യതിയാനമുണ്ടാക്കുന്ന ഒരു നിര്‍ണ്ണായക ബിന്ദുവാണിത് (inflection point). ഇതു നഷ്ടപ്പെട്ടു പോയാല്‍, ഇന്ത്യന്‍ ജനാധിപത്യം തന്നെ നമ്മുടെ കൈകളില്‍ നിന്ന് പുറത്തു പോകും. നമുക്കത് വീണ്ടെടുക്കാന്‍ കഴിയില്ല. നമുക്കത് സംരക്ഷിക്കാന്‍ കഴിയില്ല. ഇപ്പോള്‍, നമുക്കൊരു അവസരമെങ്കിലുമുണ്ട്. അതു കഴിഞ്ഞാല്‍, ഇത്തരമൊരു അവസരം പോലും, ഇതു പോലുള്ള ഒരു സ്ഥലത്തിരുന്ന് അതിനെക്കുറിച്ച് സംസാരിക്കുന്നതു പോലും അസാധ്യമായിരിക്കും.
പിന്കുറിപ്പ്:
മുകളില്‍ കൊടുത്ത പ്രസംഗത്തിനു ശേഷം ശ്രീ. പരക്കാല പ്രഭാകര്‍ ഒരു അഭിമുഖവും നല്കുകയുണ്ടായി, 2025 ഓഗസ്റ്റ് 30-ന്. അതില്‍ നിന്ന് ചില കാര്യങ്ങള്‍ കൂടി ഇവിടെ എടുത്തു ചേര്‍ക്കുന്നത് ഉചിതമാവുമെന്ന് ഞങ്ങള്‍ കരുതുന്നു. ‘ഇവിടെ ഒരു അപകടമുണ്ട്’ അദ്ദേഹം പറഞ്ഞു, ‘ഈ കളി വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്, നമുക്കു മനസ്സിലാക്കാനാവുന്നതു പോലെ. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളും സമരങ്ങളുമെല്ലാം കഴിഞ്ഞ്, ആര്‍ജെഡി – കോണ്‍ഗ്രസ് സഖ്യം വിജയിച്ചാല്‍ എന്താണു സംഭവിക്കുക? അതില്‍ എന്തെങ്കിലും കുഴപ്പമുള്ളതായി നിങ്ങള്‍ക്കു തോന്നുമോ? ഇല്ല, അതില്‍ കുഴപ്പമുണ്ടെന്നു തന്നെ ഞാന്‍ കരുതും! മുഴുവന്‍ താപനിലയും പൊടുന്നനെ താഴോട്ടു വന്നാല്‍, അത് അപകടമാണ്. അതിനു ശേഷം വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോഴത്തെ ഭരണകക്ഷി വിജയിച്ചാല്‍ നിങ്ങള്‍ക്ക് അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല’. അഭിമുഖക്കാരന് ചോദിക്കുന്നു ‘അപ്പോള്‍ പ്രതിപക്ഷത്തിനു മുന്നില്‍ അവശേഷിക്കുന്ന ഒരേയൊരു ഓപ്ഷന് സമ്പൂര്‍ണ്ണ ബഹിഷ്കരണമാണോ?’ പറക്കാല മറുപടി പറഞ്ഞു, ‘ അതു തന്നെ, മറ്റൊരു ബദലുമില്ല.’
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍, മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണകക്ഷിയുടെ വിജയത്തേയും മാത്രമല്ല, വ്യാജ എസ് ഐ ആര് (SIR) പ്രക്രിയയെയും ഭാവിയില്‍ ബി ജെ പി ഉണ്ടാക്കാനിരിക്കുന്ന കൃത്രിമ വിജയങ്ങളെയും സാധൂകരിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര് ജെ ഡി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചാല്‍ എസ് ഐ ആര് ജനങ്ങള്‍ക്കിടയില്‍ നിയമാനുസൃതമാക്കപ്പെടുകയും ‘വോട്ട് ചോരി’ പ്രക്ഷോഭം ദുര്‍ബലപ്പെട്ട് നിലക്കുകയും ചെയ്യും. അപ്പോള്‍, ഒരു ഭയവും മടിയും കൂടാതെ തന്നെ എസ് ഐ ആറിനെ (SIR) രാജ്യവ്യാപകമായി പ്രയോഗിക്കാന്‍ ബി ജെ പി ക്കു സാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എസ് ഐ ആറിനെതിരെ മാത്രമല്ല, വഞ്ചനാപരമായ മറ്റേതെങ്കിലും നടപടികള്‍ക്കെതിരെ പോലും ശബ്ദമുയര്‍ത്താന്‍ കഴിയാത്ത ദുര്‍ബ്ബലാവസ്ഥയിലേക്ക് പ്രതിപക്ഷവും ഫാസിസ്റ്റ് വിരുദ്ധ ശക്തികളും പിന്‍വാങ്ങേണ്ടി വരികയും ചെയ്യും.
പരിഭാഷ: പി.കെ. വേണുഗോപാലന്‍
