ജോസ് ചിറമ്മല്‍ സ്മൃതി 22ന്
കലാകാരരുടെ സംഗമമാക്കാന്‍ ഒരു നാടൊരുങ്ങുന്നു
തൃശൂര്‍: മലയാള നാടകവേദിയെ ജനകീയമാക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച നാടകാചാര്യന് ജോസ് ചിറമ്മലിനെ സ്മരിക്കുന്നതിന് ആലപ്പാട് എസ്.എന്‍.ബി. സമാജത്തില്‍ വേദിയൊരുങ്ങുന്നു. ചാഴൂര്‍ ഗ്രാമീണ നാടകവേദിയുടെയും ജോസ് ചിറമ്മല്‍ സ്മാരകസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22ന് അനുസ്മരണസമ്മേളനം, സ്മാരകപ്രഭാഷണം, നാടകാവതരണങ്ങള്‍ എന്നിവയോടെയാണ് ജോസ് ചിറമ്മല്‍ സ്മൃതി സംഘടിപ്പിക്കുന്നത്.

കുരിശിന്റെ വഴി എന്ന സഫലമാകാതെ പോയ തെരുവുനാടകത്തിന്റെ നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു സമാജം. അതുകൊണ്ടുതന്നെ ജോസ് ചിറമ്മല്‍ സ്മൃതിക്ക് അനുയോജ്യമെന്ന നിലയിലാണ് അവിടെ തന്നെ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നു സംഘാടകസമിതി കണ്‍വീനര്‍ ബി.എ. ബെന്നി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഏറ്റവും പ്രോജ്വലമായ പോരാട്ടത്തിന്റെ ഭാഗമായി 1986 നവംബര്‍ 17നാണ് കുരിശിന്റെ വഴി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നാടകാവതരണം തടഞ്ഞുകൊണ്ട് കലാകാരരായ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനെതിരേ ആയിരങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയ ചരിത്രവും ചാഴൂര്‍, ആലപ്പാട് പ്രദേശത്തിനുണ്ട്. അതല്ലാതെയും ഈ പ്രദേശങ്ങളിലെല്ലാം ജോസ് ചിറമ്മല്‍ നാടകം വിതച്ചു നടന്നിട്ടുണ്ട്.

ഇക്കൊല്ലം മുതല്‍ ജോസ് ചിറമ്മല്‍ അനുസ്മരണം വേറിട്ടതാകണം എന്ന തീരുമാനത്തിലാണ് ജോസ് ചിറമ്മല്‍ സ്മാരക സമിതി. അദ്ദേഹം നാടകവുമായി നടന്ന കേരളത്തിലെ എല്ലാ ഇടങ്ങളിലേക്കും ജോസിന്റെ വഴികള്‍ എന്ന പേരില്‍ യാത്ര ചെയ്യുവാനാണ് തീരുമാനം. അവിടങ്ങളിലെല്ലാം കലാകാരരെ ചേര്‍ത്തുപിടിച്ചുകൊണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ തുടക്കമെന്ന നിലയിലുള്ള ആദ്യത്തെ അനുസ്മരണ പരിപാടിയാണ് 22ന് വൈകിട്ട് 5 മുതല്‍ ആലപ്പാട് നടക്കുക.
നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാഴൂര്‍ ഗ്രാമീണ നാടകവേദി ചെയര്മാന് ടി.ആര്. രമേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരന് അശോകന് ചരുവില്‍ സ്മാരകപ്രഭാഷണം നടത്തും. ചലച്ചിത്ര, നാടക പ്രവര്‍ത്തകരായ ജയരാജ് വാര്യര്‍, സുനില്‍ സുഖദ, ഗോപാലന് അടാട്ട്, കെ. ദിവ്യ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ജോസ് ചിറമ്മലിനെക്കുറിച്ച് ബൃഹത്തായ ഡോക്യുമെന്ററി വെബ് സീരീസ് സാക്ഷാത്കരിച്ച എം.ആര്. ബാലചന്ദ്രനെ വേദിയില്‍ ആദരിക്കും. ജോസ് ചിറമ്മല്‍ സ്മാരകസമിതി സെക്രട്ടറി സതീശന് വേലൂര്‍ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം വിനീത ബെന്നി നന്ദിയും പറയും.
തുടര്‍ന്ന് രാത്രി 7ന് നരിപ്പറ്റ രാജു സംവിധാനം ചെയ്ത പയ്യന്നൂര്‍ സര്‍ഗം നാടക വേദിയുടെ ‘ഒരു നാള് മൂവന്തിയില്‍’, അങ്കമാലി ഹോം തിയേറ്റര്‍ റിയാലിറ്റീസിന്റെ ‘ഞാന്‍ എവിടെയാണ്?’ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.
