Art & LiteratureCulture & HistoryPolitics

കഭൂം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതക്കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം

കൊച്ചി: കൊച്ചിയും വൈപ്പിനും പറവൂരും എല്ലാമടങ്ങുന്ന തീരദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും പ്രകാശിപ്പിക്കുന്ന കഭൂം കലാപ്രദര്‍ശനം ഹൃദയങ്ങളെയാണ് തൊടുന്നത്. ബൗദ്ധികമായ ഒരു കലാവിഷ്‌കാരമെന്നതിനേക്കാള്‍ കടലും കരയും മനുഷ്യരും തമ്മിലുള്ള ജൈവബന്ധത്തിലേക്കാണ് ഇടപ്പള്ളിയിലെ കേരള മ്യൂസിയത്തില്‍ സെപ്റ്റംബര്‍ 24ന് തുടക്കമിട്ട പ്രദര്‍ശനം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കടലേറ്റം, അത് മനുഷ്യരിലും ജീവജാലങ്ങളിലും പ്രകൃതിയില്‍ തന്നെയും വരുത്തുന്ന മാറ്റങ്ങള്‍ ദൃശ്യമായും ശ്രാവ്യമായും നാം അനുഭവിക്കുന്നുണ്ടിവിടെ.

ആഴി, അഴി, അഴല്‍ എന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റലേഷന്‍, സംഗീതം, ദൃശ്യാവിഷ്‌കാരം എന്നിങ്ങനെ കലയുടെ വൈവിധ്യത്തിലൂടെ പ്രകൃതിയെ തന്നെയാണ് നാം കാണുന്നത്. വികസനവും മൂലധനതാല്‍പര്യങ്ങളും കടലിനെയും ചരക്കാക്കി മാറ്റുന്നത് എങ്ങനെയാണ്, അത് കേവലം മനുഷ്യനെ മാത്രം കേന്ദ്രീകരിക്കുന്നതാണോ, മാനവകുലത്തിന്റെ, ചരാചരങ്ങളുടെ അതിജീവനത്തിന്റെ പ്രശ്‌നമാണോ, കലയും ശാസ്ത്രവും തമ്മിലെന്ത് എന്നിങ്ങനെ സങ്കീര്‍ണവും എന്നാല്‍ ലളിതവുമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നതാണ് പ്രദര്‍ശനത്തിന്റെ പ്രസക്തി. കല എന്നത് കേവലമൊരു ആവിഷ്‌കാരമല്ലെന്നും നമുക്ക് ബോധ്യപ്പെടും. കടലേറ്റം, അഥവാ കാലാവസ്ഥാ വ്യതിയാനം ബാധിക്കപ്പെടുന്ന മനുഷ്യര്‍ അവരുടെ ജീവിതവും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഇത്തരത്തില്‍ ഒരു പ്രദര്‍ശനം കേരളത്തില്‍ ആദ്യത്തേതാകാം. സാമൂഹികജീവിതം, ശാസ്ത്രം, സാങ്കേതികവിജ്ഞാനം എന്നിവയുടെ ഒരു വിനിമയമാണ് ഒറ്റനോട്ടത്തില്‍ കഭൂം.

കടലേറ്റം ഏറെ ബാധിക്കുന്ന കൊച്ചിയുടെ ജീവിതപരിസരങ്ങളിലേക്കാണ് കഭൂം നമ്മെ ക്ഷണിക്കുന്നത്. ‘കടലേറ്റമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനുഷ്യനെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ചിന്ത നാം മാറ്റേണ്ടതുണ്ട്. മനുഷ്യര്‍ മനുഷ്യരെ മാത്രമാണ് കേന്ദ്രമാക്കുന്നത്. അതിനപ്പുറത്താണ് പ്രശ്‌നങ്ങളുടേ വേരുകള്‍’ – കഭൂം ക്ലൈമറ്റ് കമ്യൂണിറ്റി ആര്‍ട്ട് ഇനീഷ്യേറ്റീവ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവും ക്യൂറേറ്ററുമായ രാധാ ഗോമതി പറയുന്നു.

ദൃശ്യകലാകാരര്‍, പെര്‍ഫോമേഴ്‌സ്, ആര്‍കിടെക്റ്റുകള്‍, ശാസ്ത്രവിശാരദര്‍ തുടങ്ങിയ ഏതാനും പേരുടെ ആത്മസമര്‍പ്പണവും അധ്വാനവും ബൃഹത്തായ ഈ ഉദ്യമത്തിനു പിന്നിലുണ്ട്. അഞ്ജു ആചാര്യ, ആരതി എം.ആര്‍., ബബിത രാജീവ്, ബിജു ഇബ്രാഹിം, ബ്ലെയ്‌സ് ജോസഫ്, ഹരിഹരന്‍ എസ്, ജയശ്രീ പി.ജി., ജോഷ് പി.കെ., ലതീഷ് ലക്ഷ്മണന്‍, പ്രകാശന്‍ കെ.എസ്., സബിത കടന്നപ്പള്ളി, സലില് മോഹന്‍ദാസ്, സുനില്‍ എ.പി., സുനില്‍ രാജ്, സുനില്‍ വല്ലാര്‍പ്പാടം,ഇ.പി. ഉണ്ണി, എം.ആര്‍. വിഷ്ണുപ്രസാദ്, ആര്‍ച്ച ഗൗരി, ദീപ പാലനാട്, ഡോ. ശ്രീജിത്ത് രമണന്‍, അനിത് ശ്രീജിത്ത്, കലാമണ്ഡലം സുധീഷ്, പുഷ്പവതി പൊയ്പ്പാടത്ത്, ജയ് ഗോപാല്‍ റാവു, ലത രാമന്‍ ജയ് ഗോപാല്‍, സൗമിനി രാജ, ഹന്ന പത്രോസ്, ലബീബ് ജാന്‍ എസ്.എസ്., സഞ്ജയ് വീരകുമാര്‍, വിഷ്ണു കെ., രവികൃഷ്ണന്‍, ഡോ. ജയചന്ദ്രന്‍ സി., ഡോ. മധുസൂദനന്‍ സി.ജി., ഡോ. ശ്രീജ കെ.ജി., ഷാജന്‍ എം.പി., എന്നിവരെ കൂടാതെ എഴുത്തുകാരിയായ ഡോ. ജെ. ദേവികയും കഭൂം-ന്റെ ഭാഗമാണ്.

വിദ്യാര്‍ഥികളടക്കമുള്ള വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇതിനകം പ്രദര്‍ശനം കാണാനെത്തി. പ്രദര്‍ശനം ഒക്ടോബര്‍ 19ന് സമാപിക്കും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message