news

മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സുരേഷ് ഗോപിക്കെതിരേ കേസ് നല്‍കി

തൃശൂര്‍: രാമനിലയത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മുകേഷ് വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍കത്തകരെയാണ് മന്ത്രി കയ്യേറ്റം ചെയ്തത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം.
സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങളെന്നാണ് നേരത്തെ കേന്ദ്രമന്ത്രി പറഞ്ഞത്. ചലച്ചിത്രമേഖലയിലുള്ള ചിലര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നനിക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും ചോദിച്ചു. വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടത്തില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ക്ഷോഭത്തോടെയുള്ള പ്രതികരണം.
‘ഞാന്‍ അമ്മയില്‍ എപ്പോഴുണ്ട്. അമ്മയുടെ യോഗത്തില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ചോദിക്കുക. ഞാനൊരു വിശുദ്ധ കര്‍മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്‍ അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ’- സുരേഷ് ഗോപി പറഞ്ഞു.
‘ഞാന്‍ എന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ എന്റെ ഓഫീസിനെ സംബന്ധിച്ച കാര്യം ചോദിക്കണം. എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കണം. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മീഡിയയ്ക്കുള്ള ഒരു തീറ്റയാണത്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കൊള്ളു, ഒരു കുഴപ്പവുമില്ല. പക്ഷെ ഒരു വലിയ സംവിധാനത്തിനെ തകിടം മറിക്കുകയാണ് നിങ്ങള്‍’- സുരേഷ് ഗോപി പറഞ്ഞു.
‘ഈ വിഷയങ്ങള്‍ എല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, കോടതിക്ക് യുക്തിയുണ്ട്. കോടതി തീരുമാനമെടുക്കും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊണ്ടുചെന്നാല്‍ അവര് എടുത്തോളും. എടുത്തോട്ടെ?. നിങ്ങള്‍ ഇത് ആടിനെ തമ്മില്‍ തല്ലിച്ചിട്ട് ചോര കുടി മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്?. നിങ്ങള്‍ ജനങ്ങളോട് എന്താണ് പറയുന്നത്?. നിങ്ങള്‍ കോടതിയാണോ? അല്ലല്ലോ?. കോടതി തീരുമാനിക്കും’- സുരേഷ് ഗോപി പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message