വയനാടിന് സമര്‍പ്പിച്ച് തെക്കേഗോപുരനടയില്‍ പൂക്കളം
തൃശൂര്‍: അത്തംനാളില്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ ഇക്കുറിയും പൂക്കളമൊരുക്കി. വയനാടിനുള്ള സമര്പ്പണായിട്ടാണ് പൂക്കളമൊരുക്കിയത്. ഭീമന്‍പൂക്കളം ഇടാറുള്ള സൗഹൃദക്കൂട്ടായ്മ ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭീമന് പൂക്കളത്തിന് പകരം ചെറു പൂക്കളമാണ് ഇട്ടത്. വയനാട് ദുരന്തത്തിന് ഇരകളായവര്‍ക്കും ജീവന് നഷ്ടമായവര്‍ക്കുമുള്ള സമര്‍പ്പണമാണ് ചെറിയ പൂക്കളമെന്ന് സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷോബി ടി. വര്‍ഗീസ് പറഞ്ഞു. ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച് ചെറിയ പൂക്കളത്തിലൂടെ വയനാടിനോടൊപ്പം ചേരുകയാണ് കൂട്ടായ്മ. പുലര്‍ച്ചെ അഞ്ചോടെ പൂക്കളമിട്ടു തുടങ്ങി. എട്ടോടെ പൂക്കളം ഏകദേശം പൂര്‍ത്തിയായി. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്ശന് പൂക്കളം സമര്‍പ്പിച്ചു. സൗഹൃദകൂട്ടായ്മയുടെ അംഗങ്ങള്‍ വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന ചെക്കുകള്‍ കേരള ബാങ്ക് ചെയര്മാന് എം.കെ. കണ്ണന് സ്വീകരിച്ചു.
കൂട്ടായ്മയിലെ നൂറോളം പേര് ചേര്‍ന്നാണ് പൂക്കളം നിര്‍മിച്ചത്. വയനാട് ദുരന്തത്തിന്റെ നേര്കാഴ്ചകളില് ചിലത് പൂക്കളത്തിലും വരച്ചിട്ടുണ്ട്. 2008ലാണ് സൗഹൃദ കൂട്ടായ്മ തെക്കേഗോപുരനടയില്‍ പൂക്കളം ഇട്ടു തുടങ്ങിയത്. പിന്നീടത് ഭീമന്പൂക്കളത്തിലേക്ക് വഴിമാറി. തുടര്‍ന്ന് പൂക്കളമൊരുക്കല്‍ തൃശൂരിലെ ഓണച്ചടങ്ങുകളുടെ ഭാഗമായി മാറി. 2018ലെ പ്രളയ കാലത്തും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020, 2021 ലും ചെറിയ പൂക്കളമാണ് തീര്‍ത്തത്.ഇത് നാലാം തവണയാണ് പൂക്കളം പേരിനു മാത്രമാക്കിയത്. ഭീമന് പൂക്കളമല്ലെങ്കിലും പൂക്കളം കാണാനും ഫോട്ടോയെടുക്കാനും നിരവധി ആളുകളെത്തിയിരുന്നു.
ഫോട്ടോ: കെ.കെ. അര്ജുനന്
