കൃഷിക്ക് പമ്പിങ് നടത്താന്‍ സ്ഥാപിച്ചസോളാര്‍ പ്ലാന്റ് നോക്കുകുത്തിയായി
തൃശൂര്‍: കോള്‍ നിലങ്ങളില്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ച് കൃഷിക്ക് പമ്പിങ് നടത്താന്‍ ലക്ഷ്യമിട്ട് ചാഴൂര്‍ പഞ്ചായത്തിലെ പുള്ളില്‍ പൈലറ്റ് പ്രോജക്ടായി സ്ഥാപിച്ച സോളാര്‍ പ്ലാന്റ് നോക്കുകുത്തിയായി. 2022ല്‍ പരീക്ഷണ പമ്പിങ് വിജയകരമായി നടത്തിയ സോളാര്‍ പ്ലാന്റാണ് അനര്‍ട്ട് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം പ്രയോജനരഹിതമായത്. 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അനര്‍ട്ടിന്റെ പദ്ധതി പ്രകാരം കണ്ണൂര്‍ ആസ്ഥാനമായുള്ള റെയ്ഡ്കോ 50 എച്ച്.പി. വെര്‍ട്ടിക്കല്‍ ആക്സിയല്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സോളാര്‍ വൈദ്യുതി പ്ലാന്റ് പുള്ള് പാടത്ത് സ്ഥാപിച്ചത്. 2019 ല്‍ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനം 2022ല്‍ വിജയകരമായി പരീക്ഷണ പമ്പിങ്ങ് നടത്തിയതോടെയാണ് പൂര്‍ത്തിയായത്.
സോളാര്‍ പാനലുകളില്‍ ഉത്പ്പാദിപ്പിക്കുന്ന ഡിസി കറന്റ് എസി ആക്കി മാറ്റിയാണ് 50 എച്ച്.പി. പമ്പ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ കൃഷിക്കായുള്ള പമ്പിങ് സൗരോര്‍ജത്തിലേക്ക് മാറ്റി ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പൈലറ്റ് പ്രോജക്ടായി പ്ലാന്റ് സ്ഥാപിച്ചത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറി വില ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2022ല്‍ ട്രയല്‍ റണ്‍ വിജയകരമായതിനേ തുടര്‍ന്ന് കമ്മിഷനിങ് ഉടന്‍ നടത്തുമെന്ന് അനര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും നടന്നിട്ടില്ല. സോളാര്‍ പ്ലാന്റും അനുബന്ധ ഉപകരണ സംവിധാനങ്ങളും നശിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തിനൊട്ടാകെ മാതൃകയാകുമായിരുന്ന പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് ഉപയോഗശൂന്യമാകുന്നതിനെതിരെ ആലപ്പാട്-പുള്ള് പടവിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
