കഥ സമകാലിക അവസ്ഥകളെ പ്രതിഫലിപ്പിക്കണം: ഇ. സന്തോഷ് കുമാര്‍
തൃശൂര്‍: സമകാലിക അവസ്ഥകളെ കഥയുടെ പരിസരമാക്കാനുള്ള ഉള്‍ക്കാഴ്ച പുതിയ എഴുത്തുകാര്‍ ആര്‍ജിക്കണമെന്ന് എഴുത്തുകാരന്‍ ഇ. സന്തോഷ് കുമാര്‍ പറഞ്ഞു. അയനം – സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരം ഷനോജ് ആര്‍. ചന്ദ്രന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരുണമായ ജീവിത സന്ദര്‍ഭങ്ങളെ ചിത്രീകരിക്കാനും മരണത്തെ വിമോചനമാക്കി പരിവര്‍ത്തിപ്പിക്കാനുമുളള വിചിത്രമായ ക്രാഫ്റ്റ് സ്വന്തമാക്കിയ പുതുതലമുറ എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ഷനോജ് ആര്‍. ചന്ദ്രന്‍. പരിചിതമായ ജീവിത സന്ദര്‍ഭങ്ങളെ, പല ഭാവത്തില്‍ ആവിഷ്‌കരിക്കാനുള്ള പ്രതിഭയാണ് യുവ എഴുത്തുകാര്‍ മൂലധനമാക്കേണ്ടതെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു. മലയാള കഥാരംഗം വളരെ സജീവമാണ്. പുതിയ എഴുത്തുകാരില്‍ പലരും പ്രതീക്ഷയുണര്‍ത്തി പിന്നീട് വഴിമാറി പോകുന്ന പ്രവണത നിരാശയുണ്ടാക്കുന്നതാണെണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശികമായ സംസ്‌കാരത്തെയും അനുഭവത്തെയും സാര്‍വലൗകികമായ ഒരു അനുഭവമാക്കി പുതിയ കാലത്തെ എഴുത്തുകാര്‍ പഴയകാലത്തെ പിന്തള്ളുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പി. ബാലചന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. കഥയുടെ വ്യവഹാര ഭൂമികയില്‍ കാലത്തിന് കടലെടുത്തു പോകാന്‍ കഴിയാത്ത സാഹസികമായ കഥാനുഭവങ്ങള്‍ പകരുമ്പോഴും പുരുഷാധിപത്യ സ്വഭാവത്തില്‍ നിന്ന് മലയാള കഥയ്ക്ക് വഴിമാറി നടക്കാനായിട്ടില്ല എന്ന ആഭ്യന്തര വൈരുദ്ധ്യം വായനക്കാര്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി സി.എസ്. ചന്ദ്രിക അധ്യക്ഷത വഹിച്ചു. ഷനോജ് ആര്‍ ചന്ദ്രന്‍, രോഷ്‌നി സ്വപ്ന വി.കെ.കെ. രമേഷ്, ടി.ജി. അജിത, സുബീഷ് തെക്കൂട്ട്, എം.ആര്‍. മൗനിഷ്, ടി എം അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡയറക്ടര്‍ മോഹന്‍ അനുസ്മരണം ശനിയാഴ്ച
തൃശൂര്‍: അന്തരിച്ച ചലചിത്ര സംവിധായകന്‍ മോഹന്റെ വേര്‍പാടില്‍ അനുശോചിക്കാന്‍ ചലചിത്ര പ്രവര്‍ത്തകരുടെ യോഗം സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ശനിയാഴ്ച വൈകിട്ട് 5.30 നു നടക്കും. ഭരതന്‍ സ്മൃതി വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണത്തില്‍ എം.പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി അനില്‍ വാസുദേവ് അറിയിച്ചു.
