Kerala NewsPolitics

തൃശൂര്‍ പൂരം കലക്കിയതു തന്നെ; ഗൂഢാലോചന പുറത്തു വരണം: വി എസ് സുനില്‍ കുമാര്‍

എ ഡി ജി പി അജിത്കുമാറിനെതിരേ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി

തൃശൂര്‍: പൂരം കലക്കിയതിനു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന സംശയം ബലപ്പെടുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പൂരം അലങ്കോലമാക്കിയതെന്ന് അന്നു തന്നെ സംശയമുയര്‍ന്നിരുന്നു. പോലീസിലെ ഉന്നതര്‍ക്കും സംഘപരിവാറില്‍പ്പെട്ടവര്‍ക്കും നേരെയായിരുന്നു അന്ന് സംശയം ഉയര്‍ന്നിരുന്നത്. ആ സംശയം ശരിവയക്കുന്ന രീതിയിലാണ് പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ പുറത്തുവന്നത്. ഇതിനിടെ തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പോലീസിന് പങ്കുണ്ടെന്ന് സി.പി.ഐ. നേതാവും ലോക്‌സഭാ സ്ഥാനാര്‍ഥിയുമായിരുന്ന വി എസ്. സുനില്‍ കുമാര്‍ പറഞ്ഞതും ശ്രദ്ധേയമായി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുനില്‍ കുമാര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയത്. പകല്‍ സമയത്ത് പ്രശ്‌നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിര്‍ത്തിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിലെന്നും സുനില്‍കുമാര്‍ ഉറപ്പിച്ചു പറഞ്ഞു. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എ ഡി ജി പി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അന്‍വര്‍ പറഞ്ഞ വിവരമേ ഉള്ളൂ. ബി ജെ പി സ്ഥാനാര്‍ഥി ആര്‍ എസ് എസ് നേതാക്കള്‍ക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പോലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാര്‍ക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. രാത്രിയില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആരാണ് തീരുമാനിച്ചതെന്നും അദ്ദേഹം ചോദിച്ചു. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനില്‍ കുമാര്‍ പറയുന്നു.
ബി ജെ പി സ്ഥാനാര്‍ഥിയെ രാത്രി ആംബുലന്‍സില്‍ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം. എ ഡി ജി പിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ല. തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ ആവശ്യം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. റിപ്പോര്‍ട്ട് പുറത്തുവിട്ടാലേ ചേരയാണോ മൂര്‍ഖനാണോ എന്നറിയൂവെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എ ഡി ജി പി അജിത് കുമാറിനെതിരേ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പി വി അന്‍വര്‍ എം എല്‍ എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വി ആര്‍ അനൂപാണ് പരാതി നല്‍കിയത്. അജിത് കുമാറിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഏതായാലും തൃശൂര്‍ പൂരം കലക്കിയത് ബി ജെ പി സ്ഥാനാര്‍ഥിയുടെ വിജയത്തിനുവേണ്ടിയാണെന്ന പ്രചാരണം ശരിവയ്ക്കുന്നതാണ് അന്‍വര്‍ എം എല്‍ എയുടെ ആരോപണങ്ങള്‍.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message