ദൂതനായി എ.ഡി.ജി.പിയെ അയച്ചെങ്കില്‍ എന്തിനെന്ന്മുഖ്യമന്ത്രി പറയണമെന്ന് വി. മുരളീധരന്
തൃശൂര്‍: ആര്.എസ്.എസ്. നേതാക്കളുടെ അടുത്തേക്ക് ദൂതനായി എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെ അയച്ചുവെങ്കില്‍ എന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്. ആര്.എസ്.എസ്. നേതാക്കളെ കണ്ടത് എന്തിനാണെന്നു എ.ഡി.ജി.പിയും വ്യക്തമാക്കണം. അല്ലെങ്കില്‍ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആര്.എസ്.എസ്. നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര്.എസ്.എസിനെ എന്നു മുതലാണ് പ്രതിപക്ഷനേതാവിന് അയിത്തമായി തുടങ്ങിയത്. പറവൂരില്‍ നടന്ന ചടങ്ങില്‍ ഗോള്‍വര്‍ക്കറുടെ ചിത്രത്തിന് മുമ്പില്‍ വിളക്ക് തെളിയിച്ച ആളാണ് വി.ഡി. സതീശന്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി.ഡി. സതീശന് പങ്കെടുത്തു. അയോദ്ധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാതെ കേരളത്തിലെ കോണ്‍ഗ്രസ് ആണ് ആദ്യം മാറിനിന്നത്. ഈ സതീശന് ആണ് ആര്‍എസ്.എസിനെയും ബി.ജെ.പിയെയും ഹിന്ദു സ്നേഹം പഠിപ്പിക്കുന്നതെന്നും മുരളീധരന് പരിഹസിച്ചു. പൂരം കലക്കിയതിനെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടട്ടെ. ബി.ജെ.പിയെയും സുരേഷ് ഗോപിയെയും പഴി പറഞ്ഞിട്ട് കാര്യമില്ല. പൂരം കലക്കിയത് കേരളത്തിലെ പോലീസാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയില്‍ ആര്.എസ്.എസിനെ വലിച്ചെഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് പിന്നിലുള്ള ഗൂഢാലോചനയ്ക്ക് പിന്നിലാരെന്ന് ജനങ്ങള്‍ക്കറിയാമെനന്നും മുരളീധരന് പറഞ്ഞു. തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും കെ. മുരളീധരന് പരസ്യമായി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം ടി.എന്‍. പ്രതാപനെതിരെയും ജില്ലാ പ്രസിഡന്റിനെതിരെയും പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ട് വരുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതൊക്കെ തൃശൂര്‍ പൂരം കലക്കിയത് കൊണ്ടാണോയെന്നും മുരളീധരന് ചോദിച്ചു.
