വിധവാ കൂട്ടായ്മ സംഘടിപ്പിച്ചു
തൃശൂര്‍: പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹമായി വിധവകള്‍ മാറേണ്ടതില്ലെന്നും അവര്‍ മുഖ്യധാരയോട് ചേര്‍ന്നുനിന്ന് സാമ്പത്തിക പുരോഗതി ആര്‍ജിക്കുന്നതിനായി കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ചെയര്‍മാനും ജനശക്തി വിധവാ സംഘം അഡൈ്വസറി ചെയര്‍മാനുമായ എം.എന്‍. ഗിരി ആവശ്യപ്പെട്ടു. ജനശക്തി വിധവാ സംഘം വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെയും സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെയും വിധവാ കൂട്ടായ്മയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്ന പല പദ്ധതികളും അര്‍ഹരായ വിധവകള്‍ക്ക് ലഭിക്കുന്നില്ല. അത് നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനശക്തി വിധവാ സംഘം നടപ്പാക്കണം.
ജനശക്തി വിധവാ സംഘം ആരംഭിക്കുന്ന കറി പൗഡര്‍, തയ്യല്‍ യൂണിറ്റുകളും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനശക്തി വിധവാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ഹീര അധ്യക്ഷയത വഹിച്ചു. നേതാക്കളായ കെ.കെ. ബേബി, പി.കെ. വനജ, ആലീസ് ആന്റണി, അരുന്ധതി പി.എം, രജനിഎ.ടി., നളിന പ്രഭ, സന്തോഷ് കുമാര്‍ എം.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
