ദലിത് യുവതിയെ മാനസികമായി പീഡിപ്പിച്ചു എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍
ദലിത് യുവതിയെ പോലീസ് സ്‌റ്റേഷനില്‍ വച്ചും അല്ലാതെയും വിവേചനം കാണിക്കുകയും അവര്‍ക്ക് നീതി നിഷേധിക്കുകയും ചെയ്ത സംഭവം ഇടതുപക്ഷ സര്‍ക്കാരിനെതിരായ വന്‍ പ്രതിഷേധത്തിനു വഴിവച്ചു. വീട്ടുവേലക്കാരിയായ യുവതിയെ മാല മോഷണക്കുറ്റം ചുമത്തിയാണ് പേരൂര്‍ക്കട പോലീസ് കസറ്റഡിയിലെടുത്തത്. മോഷണമുതല്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടും പോലീസ് യുവതിയോട് നിയമവിരുദ്ധമായാണ് പെരുമാറിയത്. ഇതുസംബന്ധമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് യുവതി പരാതി നല്‍കിയപ്പോഴും അപമാനമാണ് നേരിട്ടത്. വിഷയത്തില്‍ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പോലീസുകാര്‍ക്കും പരാതിക്കാരിക്കുമെതിരേ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നു വിവിധ ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ പോലീസ് സ്റ്റേഷനില്‍ ദലിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ നടപടി. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ എസ്.ഐ. പ്രസാദിനെ സസ്പെന്‍ഡ് ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. ദലിത് യുവതി ബിന്ദുവാണ് മോഷണപരാതിയില്‍ പോലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണമുന്നയിച്ച് ബിന്ദു രംഗത്തെത്തിയിരുന്നു.
ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പോലീസ് ഈ കൊടും ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു പറഞ്ഞത്.
ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവന്‍ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പോലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. മാലയെവിടെടീ എന്ന് ചോദിച്ച് തെറി പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാന്‍ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.
പിന്നാലെ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ നീതി ലഭിച്ചില്ലെന്നും ബിന്ദു പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ കടുത്ത അവഗണനയാണ് ഉണ്ടയതെന്നും ബിന്ദു പറഞ്ഞു. പരാതി നല്‍കിയപ്പോള്‍ അത് വായിച്ചുപോലും നോക്കിയില്ലെന്നും കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ പോലീസ് വിളിപ്പിച്ചോളുമെന്നും പി. ശശി പറഞ്ഞു. മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പോലീസ് വിളിപ്പിക്കുമെന്നും പി. ശശി പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ പോകാന്‍ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താന്‍ പോയത് എന്നും കാര്യങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും അവിടെനിന്ന് തയ്യാറായില്ല എന്നും ബിന്ദു പറഞ്ഞു.
