കളരിവിദ്യയുമായി കുട്ടിക്കൂട്ടം കലക്ടറെ കാണാനെത്തി
തൃശൂര്‍: എങ്ങനെയുണ്ട് ഞങ്ങടെ തൃശ്ശൂര്? എന്ന നാലു വയസ്സുകാരന്‍ രുദ്രാക്ഷിന്റെ ചോദ്യത്തിന് കലക്ടര്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി ‘തൃശൂര്‍ അടിപൊളി അല്ലേ!’ ജില്ലയിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് കളക്ടറുമായി സംവദിക്കുന്നതിനായി നടത്തുന്ന ‘മുഖാമുഖം -മീറ്റ് യുവര്‍ കലക്ടര്‍ ‘ പരിപാടിയുടെ 34-ാം അദ്ധ്യായത്തില്‍ അതിഥികളായി എത്തിയതായിരുന്നു തൃക്കൂര്‍ കെ കെ ജി കളരി സംഘത്തിലെ രുദ്രാക്ഷ് ഉള്‍പ്പെടെയുള്ള ഇളമുറക്കാരായ വിദ്യാര്‍ത്ഥികളും പരിശീലകരും.
മെയ് 21 നു നടന്ന മുഖാമുഖത്തില്‍ നാല് വയസ്സു മുതല്‍ 17 വയസ്സുവരെ വരുന്ന 25 ഓളം കുട്ടികളോട് കളരിയിലെ വിവിധ ആയുധങ്ങളെപ്പറ്റിയും അടവുകളെക്കുറിച്ചും ചോദിച്ചറിഞ്ഞുകൊണ്ടാണ് കളക്ടര്‍ സംവാദം തുടങ്ങിയത്. സംസ്ഥാന കായികമേളയില്‍ കളരി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും കളക്ടറുടെ കളരി പഠിക്കാനുള്ള താല്പര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ചോദ്യങ്ങളില്‍ കൂടുതലും സിവില്‍ സര്‍വ്വീസ് പരീക്ഷയെയും തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചുമായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ മഴക്കെടുതിയും ഈ വര്‍ഷത്തെ കാലവര്‍ഷം നേരിടാനുള്ള തയ്യാറെടുപ്പുകളും സംവാദത്തിലെ വിഷയങ്ങളായിരുന്നു. ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നല്ല രീതിയില്‍ കാണാനായതിന്റെ സന്തോഷവും കുട്ടികള്‍ കലക്ടറെ അറിയിച്ചു. കുട്ടികള്‍ വേനലവധി ചിലവഴിച്ചത് എങ്ങനെയെന്ന് ചോദിച്ചറിഞ്ഞ കലക്ടര്‍ സ്‌കൂള്‍ തുറക്കുന്നതിനു വേണ്ട തയ്യാറെടുപ്പുകളെപ്പറ്റിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് പറഞ്ഞുകൊടുത്തു. സ്‌കൂള്‍ കാലഘട്ടം നന്നായി ആസ്വദിക്കാനും എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കാനും കളക്ടര്‍ കുട്ടികളോട് പറഞ്ഞു. പരിപാടിയില്‍ പരിശീലകരായ ചന്ദ്രന്‍, ശരത് എന്നിവരും പങ്കെടുത്തിരുന്നു.
