Kerala NewsnewsPolitics

നായരാധിപത്യം തകരാതെ ആധുനിക കേരളം സാധ്യമല്ല

രജിശങ്കര്‍ ബോധി

ജാതി സെന്‍സസ് നടപ്പാക്കിയാല്‍ അനര്‍ഹമായി കയ്യടക്കി വെച്ചിരിക്കുന്ന പദവികളും സമ്പത്തും കൈവിടേണ്ടി വരുമെന്ന് വാലുള്ള മനുഷ്യര്‍ക്ക് അറിയാം. നഷ്ടപ്പെട്ടവന് അറിയില്ലെങ്കിലും മോഷ്ടിച്ചവന് എന്തൊക്കെ എടുത്തു എന്ന് കൃത്യമായി അറിയാമല്ലോ. ജാതി സെന്‍സസിനെതിരേയുള്ള എന്‍ എസ് എസിന്റെ നിലപാടുമായി ബന്ധപ്പെട്ട് രജിശങ്കര്‍ ബോധി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വാലുള്ളവരുടെ പേടെയിക്കുറിച്ച് പറയുന്നത്.
ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ, എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ ‘ആധിപത്യ’ സമുദായങ്ങളുടെ സംഘടനകള്‍ ഇവിടെ നിലനില്‍ക്കുമ്പോഴാണ് വേടന്‍ ജാതി ഉണ്ടാക്കിയെന്ന് പറയുന്നത്. മിനിറ്റില്‍ 100 ജാതിപീഡനങ്ങള്‍ നടക്കുന്ന രാജ്യമാണ്. കേരളത്തിന്റെ തെരുവിലൂടെ 10 മിനിറ്റ് നടന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളെക്കാള്‍ ജാതി സംഘടനകളുടെ ബോര്‍ഡുകള്‍ കാണാവുന്ന നാടാണ്.
കേരളത്തില്‍ ജാതി എന്ന് പറയുന്നത് ക്രിസ്ത്യാനികളുടെ സ്വര്‍ഗ്ഗരാജ്യം പോലെയാണ്. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് യേശു പറഞ്ഞത് ‘ഇതാ ഇവിടെ അതാ അവിടെ എന്നല്ല, നിങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ടല്ലോ’ എന്നാണ്. അതുപോലെതന്നെയാണ് ജാതിയും. എവിടെ എന്ന് ചോദിക്കുമ്പോള്‍ ഇവിടെ എന്ന് പറയാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ അത് നമുക്കിടയില്‍ വലിയ പ്രൗഢിയോടഴകൂടി അദൃശ്യമായങ്ങനെ നില്‍ക്കുന്നുണ്ട്. ചില സമയത്തൊക്കെ മറനീക്കി വെളിച്ചത്തു വന്നു നില്‍ക്കും.
ജാതിവാല്‍ വെച്ചുകൊണ്ട് തന്നെ ജാതിക്കെതിരെയും, ജാതിയുണ്ടോ? എന്നു വരെയും ചോദിക്കുന്ന മനുഷ്യരുടെ നാടാണ്. പിന്നെ എന്തിനാണ് ഈ വാല് എന്ന് ചോദിച്ചാല്‍ ഞാന്‍ അത് ഒരു പേരായിട്ട് മാത്രമേ കരുതിയിട്ടുള്ളൂ എന്ന് നിഷ്‌ക്കളങ്കമായി പറയും. അതിനേക്കാള്‍ മനോഹരമായ പേരുകള്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ കുടുംബത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആണെന്ന് പറയും. ഇതെല്ലാം നമ്മള്‍ വിശ്വസിക്കണം. നമ്മളത് വിശ്വസിച്ച പോലെ നടിച്ചുകൊണ്ട് പരിഹസിച്ചാലും അതിന്റെ അന്തസ്സ്‌കേട് എന്താണെന്ന് അവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. കാരണം ജാതിയിലും അതിന്റെ മഹിമയിലും അഭിരമിക്കുന്ന ഇവരാണ് യഥാര്‍ത്ഥ ഗോത്രവര്‍ഗ്ഗക്കാര്‍.
ജാതി സെന്‍സസ് നടപ്പാക്കിയാല്‍ അനര്‍ഹമായി കയ്യടക്കി വെച്ചിരിക്കുന്ന പദവികളും സമ്പത്തും കൈവിടേണ്ടി വരുമെന്ന് വാലുള്ള മനുഷ്യര്‍ക്ക് അറിയാം. നഷ്ടപ്പെട്ടവന് അറിയില്ലെങ്കിലും മോഷ്ടിച്ചവന് എന്തൊക്കെ എടുത്തു എന്ന് കൃത്യമായി അറിയാമല്ലോ. തിരുവിതാംകൂറിലെ അധികാരത്തെ പൊതിഞ്ഞു നിന്ന പട്ടന്മാര്‍ക്ക് എതിരെ സമരം ചെയ്ത നായന്മാര്‍ ഇപ്പോള്‍ പട്ടന്മാരെ കടത്തി വെട്ടിരിക്കുകയാണ്. ‘പട്ടരില്‍ പൊട്ടന്‍ ഇല്ലെ’ന്ന അന്നത്തെ ആപ്തവാക്യം ‘നായരില്‍ പൊട്ടന്‍ ഇല്ല’ എന്ന് പരിഭാഷപ്പെടുത്തിയതാണ് മലയാളി മെമ്മോറിയലിന്റെ ഗംഭീരവിജയം.
നമ്പൂതിരിമാരുടെ ഭൃത്യന്മാരും ദാസന്മാരും ആയിരുന്നെങ്കിലും ഇവര്‍ നമ്പൂരിയേയും മറികടന്നു പോയി. അത് മറ്റുള്ള ജാതിക്കാര്‍ അഭിമാന ബോധത്തോടെ പ്രതികരിച്ചത് പോലെയല്ല, ബ്രാഹ്‌മണിസത്തെ കവചവും ആയുധവും ആക്കുകയാണ് അവര്‍ ചെയ്തത്. അവരുടെ സ്ത്രീകളോട് പെരുമാറിയതെല്ലാം നാണക്കേട് തോന്നാതെ മറന്നു കളഞ്ഞു. ഇന്ത്യയില്‍ ബ്രാഹ്‌മണ ആധിപത്യത്തിനെതിരെ ശരിക്കും വിപ്ലവം നടത്താന്‍ യോഗ്യതയുള്ള ഒരേയൊരു സമുദായമാണ് പക്ഷേ ആത്മാഭിമാനവും വീര്യവും ഉള്ള ഒരുത്തനും അതിലുണ്ടായില്ല എന്നുള്ളത് കൊണ്ടാണ് തന്ത്രപരമായി ബ്രാഹ്‌മണരെ മറികടന്ന് സാമ്പത്തിക ആധിപത്യ ശക്തിയായി അവര്‍ മാറിയത്. അതുമാത്രമല്ല അവര്‍ ചെയ്തത് മലയാളി എന്ന ബ്രാന്‍ഡ് നെയിം അവരുടെ സ്വന്തമാക്കുകയാണ് ഉണ്ടായത്. ഭൂരിപക്ഷം വരുന്ന മറ്റുള്ള ജാതികള്‍ക്ക് മലയാളി എന്ന നിലയില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ നായന്മാരുടെ ഡ്രസ്സ് കോഡ് ഉപയോഗിക്കണം എന്നുള്ള ഒരു നിലയിലേക്ക് അവര്‍ സാമൂഹ്യ ദൃശ്യത ഉണ്ടാക്കിയെടുത്തു. മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ അത് നായര്‍ പെണ്‍കുട്ടി ആണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നത് അങ്ങനെയാണ്. അവരുടെ ലാവണ്യ ബോധമാണ് സാഹിത്യത്തിലും കവിതകളിലും തത്തി കളിക്കുന്നത്. തുഞ്ചന്‍പറമ്പിലെ തത്തയുടെ നിറം പച്ചയല്ല കാവിയാണെന്ന് നമ്മള്‍ മനസ്സിലാക്കണം.
ഇങ്ങനെയുള്ള ഒരു നായര്‍ എങ്ങനെയാണ് ജാതി സെന്‍സസിനെ അംഗീകരിക്കുന്നത്.? തുല്യത എന്നു പറഞ്ഞാല്‍ ഹിന്ദുമതത്തില്‍ തരി പോലുമില്ല കണ്ടുപിടിക്കാന്‍ എന്നതാണ് വാസ്തവം. മറ്റുള്ളവരെ ഇക്കാഴ്ത്താതെ പുച്ഛിക്കാതെ ഒരാള്‍ക്ക് അവിടെ മാന്യന്‍ ആകാന്‍ കഴിയില്ല. ആധുനിക മനുഷ്യരാകാന്‍ കഴിയുന്ന എല്ലാ സാഹചര്യങ്ങളെയും അവഗണിച്ച് കടന്നു പോകുന്നവരാണ് ഈ പറയുന്നവര്‍. വാസ്തവത്തില്‍ ഇവര്‍ തന്നെയാണ് യഥാര്‍ത്ഥ ഗോത്രവര്‍ഗ്ഗക്കാര്‍

വാല്‍ക്കഷണം
ഗോത്രവര്‍ഗ്ഗം എന്ന് പ്രയോഗിച്ചത് കണ്ടു പ്രഖ്യാപിത ഗോത്രവര്‍ഗ്ഗക്കാരും പട്ടികജാതിക്കാരും കണ്ണുരുട്ടിക്കൊണ്ട് ഇപ്പോള്‍ വരുമെന്ന് അറിയാം. എന്നാല്‍ അവര്‍ കൂടി അറിയാനുള്ള കാര്യമാണ്, ഗോത്രം പോലെ ആധുനികതയ്ക്കും ജനാധിപത്യ സംവിധാനത്തിനും പൊതുസമൂഹ നിര്‍മ്മാണത്തിനനും വിഘാതമായി നില്‍ക്കുന്ന മറ്റൊരു പ്രതിബന്ധവും ഇല്ല. തന്റെ ഗോത്രത്തിന് വെളിയില്‍ ഉള്ള മനുഷ്യരെ തന്നെപ്പോലെ തന്നെ കരുതാന്‍ ഒരു ഗോത്ര ജീവിക്ക് കഴിയുകയില്ല. വൈവാഹികമോ മറ്റു ഇതര ബന്ധങ്ങളോ ഗോത്ര ബാഹ്യമായി നടന്നാല്‍ അവരെ അതില്‍ നിന്നും പുറത്താക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെയുള്ളവര്‍ എങ്ങനെയാണ് ഒരു പൊതുസമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമാകുന്നത്? അതുകൊണ്ട് ഗോത്രം എന്നു പറയുന്നത് ഒരു വൃത്തികെട്ട സംവിധാനം മാത്രമാണ് .അത് ജാതിയെക്കാള്‍ മാരകമാണ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message