മഹാജ്ഞാനിയായ രാവണന്‍: തന്തൈ പെരിയാര്‍
കണ്ണന്‍ മേലോത്ത്
വാത്മീകിരാമായണത്തില്‍നിന്നു തന്നെയുള്ള തെളിവുകള്‍ സ്വീകരിച്ചുകൊണ്ട് തന്തൈ പെരിയാര്‍, രാവണന്‍ മഹാത്യാഗിയും വിജ്ഞാനസാഗരനും പ്രജാക്ഷേമതത്പരനും ബന്ധുമിത്രാദികളുടെ സംരക്ഷകനും ധീരനും ചിത്തബലമുള്ളവനും അനവധി വരദാനങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ളവനുമായ പുരുഷോത്തമനായിരുന്നുവെന്ന് രേഖപ്പെടുത്തുന്നു.
ജ്യേഷ്ഠ സഹോദരന്റെ ഈ അതിപ്രതാപത്തില്‍ അസൂയ പെരുത്ത അനുജന്‍ വിഭീഷണന്റെ ഒറ്റ് നിമിത്തം രാവണന്‍ രാമനാല്‍ കൊല്ലപ്പെടാനിടയായി. ശത്രുപക്ഷം ചേര്‍ന്ന വിഭീഷണന്‍ രാമഭക്തനായി മാറിക്കൊണ്ടാണ് ജ്യേഷ്ഠനും പരമാധികാരിയുമായിരുന്ന രാവണനെ ചതിച്ചത്. ജ്യേഷ്ഠനെ ഒതുക്കി അധികാരം കൈക്കലാക്കണമെന്ന ദുര്‍മോഹം കൊണ്ടുമാത്രമാണ് വിഭീഷണന്‍ രാമഭക്തനായി നടിച്ചത്. അല്ലെങ്കില്‍ എന്തിന് ഒരു രാക്ഷസന് ക്ഷത്രിയനില്‍ ഭക്തിയുണ്ടാകണം? രാവണന്റെ മൃതദേഹത്തിന് അരികില്‍വന്ന് പശ്ചാത്തപിക്കുന്ന വിഭീഷണന്റെ വാക്കുകളില്‍നിന്നും അദ്ദേഹത്തിന്റെ ഇംഗിതം എന്തായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. ഉത്തരകാണ്ഡം 111-ാം ശ്ലോകം ഉദ്ധരിച്ചുകൊണ്ട് പെരിയാര്‍ വിഭീഷണന്റെ വിലാപം എന്തായിരുന്നുവെന്ന് എഴുതുന്നു; ‘നീതി ചെയ്യുന്നതില്‍ അങ്ങൊരിക്കലും പരാജയപ്പെട്ടിട്ടില്ല. അങ്ങന്നും മഹാന്മാരെ ആദരിക്കുന്നവനായിരുന്നു’.
രാവണന്റെ കുറ്റമായി ശത്രുപക്ഷത്തെ ഇന്നത്തെ വക്താക്കള്‍പോലും ചൂണ്ടിക്കാണിക്കുന്നത് സീതാപഹരണമാണ്. സ്വസഹോദരി ശൂര്‍പ്പണഖയെ അപമാനിക്കുകയും അവള്‍ക്ക് അംഗഭംഗം വരുത്തുകയും ചെയ്ത രാമലക്ഷ്മണന്മാരുടെ ക്രൂരകൃത്യത്തിനുള്ള പ്രതികാരമായിട്ടാണ് രാവണന്‍ സീതയെ അപഹരിച്ചത് -അല്ലാതെ അവളോട് കാമം തോന്നുകയാലല്ല. അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്ന ദുശ്ശീലക്കാരനായിരുന്നില്ല ലങ്കാധിപതി രാവണന്‍.
ലങ്കയിലെത്തിച്ച ശേഷം രാവണന്‍ സീതക്ക് സര്‍വവിധ സുരക്ഷിതത്വവും നല്കി. യാതൊരുവിധ ശല്യവും ആരില്‍നിന്നും അവള്‍ക്കുണ്ടാകുവാന്‍ ഇടവരുത്തിയില്ല. മണ്ഡോദരിയുടെ നിര്‍ബന്ധപ്രകാരം, യുദ്ധം ഒഴിവാക്കുന്നതിന് എന്തെങ്കിലും പോംവഴിയുണ്ടോ എന്ന് ആരായുന്നതിനായി, ഒരേ ഒരു ദിവസം മാത്രമാണ് രാവണന്‍ സീതയെ സന്ദര്‍ശിച്ചത്. രാവണന്റെ മാന്യതയുടെ ഉരകല്ലാണ് ഈ പെരുമാറ്റമെന്ന് ചരിത്രം രേഖപ്പെടുത്തി.
സുന്ദരകാണ്ഡത്തിലെ 9-ാം ശ്ലോകത്തിലുള്ള ഹനുമാന്റെ സാക്ഷ്യപ്പെടുത്തല്‍ ഇപ്രകാരമാണ്; ‘സമ്മതം കൂടാതെ ഒരു സ്ത്രീയെയും രാവണന്‍ തൊടാറില്ല. അതായത്, ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നത് രാവണന്റെ ശീലമല്ല’. തന്നെ കാംക്ഷിക്കുന്ന അനേകം സ്ത്രീരത്നങ്ങള്‍ ലങ്കയിലുള്ളപ്പോഴാണ് രാവണന്റെ ഈ സംയമനം എന്ന കാര്യം ശ്രദ്ധേയമാണ്.
എത്രത്തോളം പ്രകോപനമുണ്ടായാലും ആരുടേയും മൂക്കും മുലയും ഛേദിക്കുന്ന നീചമായ പ്രവൃത്തിയെക്കുറിച്ച് ഒരിക്കലും രാവണന്‍ ചിന്തിക്കകുകപോലുമുണ്ടായിട്ടില്ല. പക്ഷെ രാമലക്ഷ്മണന്മാര്‍ സീതയോട് ചെയ്തതെന്താണ്- പെരിയാര്‍ നിരീക്ഷിക്കുന്നു; ‘ഒരു ഗൂഢാലോചനയുടെ ഭാഗമായാകണം സീതയെ കൊടുങ്കാട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തിയത്. രാവണന്‍ അപഹരിച്ചോട്ടെ എന്നുവെച്ചാകണം രാമന്‍ അത് ചെയ്തത്. സീതയെ സംബന്ധിച്ചിടത്തോളവും അത് സ്ന്തോഷപ്രദമായ കാര്യമായിരുന്നു. പല രാമായണ പരിഭാഷകരും സീതാപഹരണകഥയെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്’.
രാവണന്‍ യാഗം മുടക്കിയാണെന്നുള്ള അടുത്ത കുറ്റാരോപണത്തെയും പെരിയാര്‍ പൊളിച്ചുകളയുന്നു. ‘രാവണന്‍ ദേവന്മാരേയും ഋഷിമാരെയും വെറുത്തു. യാഗത്തിന്റെപേരില്‍ മിണ്ടാപ്രാണികളെ അവര്‍ നിഷ്‌കരുണം കുരുതികൊടുക്കുന്നതുകൊണ്ടാണ് രാവണന്‍ അവരെ വെറുത്തത്’.
ബംഗാളി രാമായണമായ ‘ലങ്കവതാര സുത്ത’ പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റെയും നിലവാരമുള്ള തത്വചിന്തകനായാണ് രാവണനെ ചിത്രീകരിക്കുന്നതെന്ന് പെരിയാര്‍ നിരീക്ഷിക്കുന്നു. തന്നെയുമല്ല രാവണന്‍ ബുദ്ധമതം സ്വീകരിച്ചതായും ഗ്രന്ഥത്തില്‍ വിജ്ഞാപനമുണ്ട്.
അവസാനശ്വാസം വരെ രാവണന്‍ രാവണനായിരുന്നു! ബംഗാളിയിലെ കൃത്തിവാസ രാമായണത്തില്‍- രാമശരമേറ്റ് മരണത്തെ പുല്‍കുന്നതിനുമുമ്പ് രാവണന്‍ രാമനെ അടുത്തുവിളിച്ച് ചെവിയില്‍ പറഞ്ഞു; ‘രാമാ, നീ യുദ്ധം ജയിച്ചത് കായികബലംകൊണ്ടല്ല. ചതികൊണ്ടാണ്’. ‘എന്റെ അനുജന്‍ വിഭീഷണന്‍ ഒറ്റിയില്ലായിരുന്നെങ്കില്‍ ലങ്കയില്‍ നിനക്ക് ഒരു മൈരും ചെയ്യാന്‍ കഴിയുമായിരുന്നില്ല…!’
തന്റെ പഠനത്തിനുള്ള ആധാരഗ്രന്ഥങ്ങള്‍ വാല്മീകിരാമായണവും ബ്രാഹ്‌മണര്‍ അതിന് നല്കിയ തമിഴ് വ്യാഖ്യാനങ്ങളുമാണെന്ന് പെരിയാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
