Kerala News

അനന്തുവിന്റെ ദാരുണാന്ത്യം: ദലിത് സമുദായ മുന്നണി നിലമ്പൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും 17ന്

നിലമ്പൂര്‍: വഴിക്കടവ് വെള്ളക്കെട്ടയില്‍ മൃഗവേട്ടയ്ക്കു വെച്ച വൈദ്യുതിക്കെണിയില്‍ അകപ്പെട്ട് കൊല്ലപ്പെട്ട അനന്തുവിന്റെയും പരിക്ക് പറ്റിയ യദു കൃഷ്ണയുടെയും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സമുദായ മുന്നണി നിലമ്പൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 17ന് രാവിലെ 11ന് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. അനന്തുവിന്റെ മരണത്തിന് ഉത്തരവാദികളായ വൈദ്യുതി മോഷ്ടാവ്, കെ.എസ്.ഇ.ബി., വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പാക്കുക, അനന്തുവിന്റെ കുടുംബത്തിന് അടിയന്തരസഹായമായി 25 ലക്ഷം രൂപ നല്‍കുക, അനന്തുവിന്റെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ ഏഴിനാണ് ദാരുണമായ സംഭവമുണ്ടായത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന അനന്തുവിന്റെ മരണം മന:പൂര്‍വ്വമായ നരഹത്യയാണ്. വന്യമൃഗവേട്ടക്കു വേണ്ടി ജനവാസ മേഖലയില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ അകപ്പെട്ടാണ് അനന്തു കൊല ചെയ്യപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്തിനു സമീപം വെച്ചിരുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റ് കുഞ്ഞുകുട്ടന്‍ എന്നയാള്‍ മരണപ്പെട്ടിരുന്നു. ഇതറിയാവുന്ന പ്രതി വിനീഷ് ബോധപൂര്‍വ്വം തന്നെയാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് വ്യക്തമാണ്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അനധികൃതമായ വൈദ്യുതക്കെണിയെ സംബന്ധിച്ച് വനം -വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അറിയിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ ഇരയാണ് അനന്തു. വീഴ്ച വരുത്തി അനന്തുവിന്റെ മരണത്തിന് വഴിയൊരുക്കിയ വനം -വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.എസ്.എം. ആവശ്യപ്പെട്ടു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message