Kerala NewsSports

പട്ടിക വിഭാഗവികസന പദ്ധതികള്‍: പ്രതിപക്ഷനേതാവിന്റെ ആക്ഷേപം തെറ്റിദ്ധാരണാജനകമെന്ന് മന്ത്രി

തിരുവനന്തപുരം: പട്ടിക വിഭാഗ വികസന വകുപ്പുകളുടെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ച തുക വെട്ടിച്ചുരുക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം പൂര്‍ണ്ണമായും തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി ഒ ആര്‍ കേളു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ വകുപ്പുകളുടെ ബജറ്റ് വകയിരുത്തലുകളില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചാണ് മികച്ച വിനിയോഗം സാധ്യമാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി പട്ടികവിഭാഗം ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ ബജറ്റില്‍ വകയിരുത്തിയ 223 കോടി രൂപയുടെ സ്ഥാനത്ത് റൂള്‍ 300 പ്രകാരം അധികമായി അനുവദിച്ച 172 കോടി രൂപയും വിനിയോഗിച്ച് പ്രീമെട്രിക് പോസ്റ്റ്‌മെട്രിക് ധനസഹായം വിതരണം ചെയ്തു. പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് 2024-25 വര്‍ഷം ബജറ്റില്‍ 273 കോടി വകയിരുത്തിയ സ്ഥാനത്ത് 573 കോടി രൂപയാണ് വിതരണം ചെയ്തത്. അതായത് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ പൂര്‍ണ്ണ വിനിയോഗം നടത്തിയിട്ടുണ്ട്.

2011-12 മുതല്‍ 2014-15 വരെ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് 5870.92 കോടി രൂപ പദ്ധതി വിഹിതം അനുവദിച്ചപ്പോള്‍ 5196.28 കോടി രൂപമാത്രമാണ് ചെലവിട്ടത്. എന്നാല്‍ 2021-22 മുതല്‍ 2024-25 വരെ എല്‍ഡിഎഫ് കാലത്ത് 11646.20 കോടി രൂപ പദ്ധതി വിഹിതം അനുവദിച്ചപ്പോള്‍ 10248. 65 കോടി രൂപ ചെലവിട്ടു. പട്ടികവര്‍ഗ വികസന വകുപ്പിലും സമാനമായ രീതിയിലാണ് യു ഡി എഫ് കാലത്ത് പദ്ധതി തുകള്‍ വിനിയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ജനവിഭാഗങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് നിരവധി ക്ഷേമ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ 9 വര്‍ഷമായി നടപ്പിലാക്കുന്നത്. ഭൂ രഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കി. ഭവന നിര്‍മ്മാണത്തിനായി 9 വര്‍ഷത്തിനുള്ളില്‍ 33058 പട്ടികജാതിക്കാര്‍ക്ക് 1653 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. അതുപോലെ ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55ല്‍ നിന്നും 70 ആക്കിയും വരുമാനപരിധി 1,00,000 രൂപയായും ഉയര്‍ത്തി.

അടിസ്ഥാന വികസന പദ്ധതിയായ അംബേദ്കര്‍ ഗ്രാമ വികസനത്തിലൂടെ ഓരോ ഉന്നതികളുടെയും മുഖഛായ മാറുകയാണ്. 15 കുടുംബങ്ങള്‍ വരെയുള്ള ഉന്നതികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതിനു പുറമേ ഭരണാനുമതി ജില്ലാ തലത്തിലുമാക്കിയത് പദ്ധതി പൂര്‍ത്തീകരണത്തിന് വേഗം കൂട്ടി.
2016 മുതല്‍ 2025 വരെ 1062 ഉന്നതികളില്‍ ഒരു കോടി രൂപ വീതം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതികള്‍ ഏറ്റെടുത്തു. അടിസ്ഥാനസൗകര്യ വികസനത്തിനായി കഴിഞ്ഞ 9 വര്‍ഷങ്ങളിലായി 1037.89 കോടി രൂപ കോര്‍പ്പസ് ഫണ്ട് ഇനത്തിലും നല്‍കി.
പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രി പട്ടികജാതി വികസനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. 2012 ല്‍ ആരംഭിച്ച കോളേജില്‍ മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ 56.54 കോടി വിനിയോഗിച്ച സ്ഥാനത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 വര്‍ഷത്തിനുള്ളില്‍ 733.22 കോടി രൂപയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭവന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്ന ലൈഫ് പദ്ധതിയില്‍ 1,14,610 പട്ടികജാതി ഗുണഭോക്താക്കള്‍ക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 പട്ടിക വര്‍ഗ ഗുണഭോക്താള്‍ക്കായി 802 കോടിയും നല്‍കി. ഈ സര്‍ക്കാരന്റെ കാലയളവില്‍ ലൈഫിലൂടെ 62,921 വീടുകള്‍ അനുവദിച്ചു. അവയില്‍ 54,342 എണ്ണം പൂര്‍ത്തിയായി. ബാക്കി നിര്‍മാണ ഘട്ടങ്ങളിലാണ്. ഇതിനു പുറമേ അപൂര്‍ണ്ണ ഭവനങ്ങളുടെ പൂര്‍ത്തീകരണ – പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന സേഫിലൂടെ 32680 വീടുകള്‍ സുരക്ഷിതമാക്കി. 2 ലക്ഷം രൂപ വീതം 20829 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗത്തില്‍ 11851 കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്.

രാജ്യത്തിനാകെ മാതൃകയായി സര്‍ക്കാര്‍ നടപ്പാക്കിയ മറ്റൊരു പദ്ധതിയാണ് പഠനമുറി. 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന പഠനമുറി പദ്ധതിയില്‍ 2022 മുതല്‍ 5 മുതല്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയും, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും കൂടി ഉള്‍പ്പെടുത്തി. 2018 മുതല്‍ 2025 വരെ 2 ലക്ഷം രൂപവീതം 40236 പഠനമുറികള്‍ക്ക് ധനസഹായം അനുവദിച്ചു. പട്ടികവര്‍ഗ ഉന്നതികളില്‍ പൊതുവായി 364 സാമൂഹ്യ പഠനമുറികളും പൂര്‍ത്തീകരിച്ചു. ഉന്നതി സ്‌കോളര്‍ഷിപ്പ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാര്‍ത്ഥികളാണ് വിദേശ സര്‍വകലാ ശാലകളില്‍ പഠിക്കുന്നത്. 731 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും 54 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും 57 പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വിദേശ പഠന സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയത്.

ഇതിനും പുറമേ ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ്)- പദ്ധതിയിലൂടെ ഇതുവരെ 4044 പ്രഫഷണലുകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി.
പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കാനായി ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം തുടങ്ങിയവ കേരളത്തില്‍ വനം – റവന്യു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്നു. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 8919 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 8573.54 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. ഇതൊക്കെ കാണാന്‍ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തെറ്റായ പ്രസ്താവന നടത്തി പുകമറ സൃഷ്ടിക്കുന്നതെന്നും ഒ ആര്‍ കേളു വ്യക്തമാക്കി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message