കഥാകൃത്ത് എം. ചന്ദ്രശേഖരന്‍ അന്തരിച്ചു
മുംബൈ: എഴുപതുകളിലെ മലയാളചെറുകഥയില്‍ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്ന എം. ചന്ദ്രശേഖരന്‍ (74) മുംബൈ ഡോമ്പിവില്ലിയില്‍ അന്തരിച്ചു. മയ്യഴിയിലെ മംഗലാട്ട് കുടുംബാംഗമാണ്. മംഗലാട്ട് കുഞ്ഞിരാമന്റെയും തയ്യുള്ളതില്‍ മാധവിയുടെയും മകനായ ചന്ദ്രശേഖരന്‍ ലബൂര്‍ദ്ദോനെ കോളേജില്‍നിന്ന് മെട്രിക്കുലേഷന്‍ പഠനം പൂര്‍ത്തിയാക്കി ജോലിതേടി കേരളം വിട്ടു.
മാതൃഭൂമി, കലാകൗമുദി, മലയാളനാട് ഉള്‍പ്പെടെ മുഖ്യധാരാസാഹിത്യപ്രസിദ്ധീകരണങ്ങളില്‍ എഴുപതുകളിലും എണ്‍പതുകളിലും ചന്ദ്രശേഖരന്റെ കഥകള്‍ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു. അസ്തിത്വവാദികളായ കഥാകൃത്തുക്കളെ പിന്തുടര്‍ന്നുവന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി എം. അച്യുതന്‍ ചെറുകഥ ഇന്നലെ ഇന്ന് എന്ന പുസ്തകത്തില്‍ എടുത്തുപറഞ്ഞ കഥാകൃത്താണ്. സ്വച്ഛനീലമായ ആകാശം, ഏകാന്തജാലങ്ങള്‍ എന്നീ കഥാസമാഹാരങ്ങള്‍ എന്‍. ബി. എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളുടെ സമഗ്രസഞ്ചയം പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നതിനിടെയാണ് അദ്ദേഹം വിട്ടുപിരിഞ്ഞത്.
വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ജയരാം മാഷ്, സി. എച്ച്. ഗംഗാധരന്‍ എന്നിവരോടൊപ്പമായിരുന്നു. ജോലി തേടിയും അല്ലാതെയും നാടുവിടുന്ന ഇടവേളകള്‍ അവസാനിപ്പിച്ച് ക്ലബ്ബില്‍ എത്തുമായിരുന്നു. കാക്കനാടന്‍ മലയാളനാട് പത്രാധിപരായിരിക്കെ അദ്ദേഹത്തോടൊപ്പം പ്രൂഫ് വിഭാഗത്തില്‍ ജോലിചെയ്തിരുന്നു. ഏറെക്കാലം മുംബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ കമര്‍ഷ്യല്‍ മാനേജറായി പ്രവര്‍ത്തിച്ചു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ. പുഷ്പ. മക്കള്‍. പ്രിയങ്കര്‍ (മാനേജര്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് ) ആതിര (ഐ.ടി ഫീല്‍ഡ് )
സഹോദരങ്ങള്‍: പരേതരായ എം. ബാലചന്ദ്രന്‍, എം. പത്മിനി, എം. സാവിത്രി. കഥാകൃത്ത് എം. ഗോകുല്‍ദാസ്.
