Culture & HistoryKerala NewsPolitics

ഭാരതാംബ വിവാദം: നിയമപരമായ നടപടികളിലേക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടി. ചീഫ് സെക്രട്ടറിയാണ് വിവാദത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയില്‍ എന്തൊക്കെ ചിഹ്നങ്ങള്‍ വെക്കണമെന്ന പ്രോട്ടോക്കോള്‍ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. മറുപടിക്ക് ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്ഭവന്‍ പ്രസ്താവന ഇറക്കിയിരുന്നു.
അതേസമയം മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവന്‍ നിലപാട്. ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവന്റെ നിലപാട്. ഇതോടെ ഇനി രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ നടക്കാനുള്ള സാധ്യതകള്‍ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരുമാനത്തില്‍ രാജ്ഭവന്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനില്‍ നടക്കുക. ശിവന്‍കുട്ടിയുടെ പ്രോട്ടോകോള്‍ ലംഘനത്തില്‍ രാജ്ഭവന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയില്‍ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message