Business & AgricultureKerala News

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീയുടെ കെ-ടാപ് പദ്ധതി

തൃശൂര്‍: കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ-ടാപ്) കാര്‍ഷിക മേഖലയില്‍ സുസ്ഥിര വികസനം നേടിയെടുക്കാന്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സാങ്കേതികവിദ്യയും നൂതന ആശയങ്ങളും ലഭ്യമാക്കാന്‍ അവസരം ഒരുക്കുന്നു. ഇന്ത്യയിലെ പ്രമുഖ കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ ഗവേഷണ സ്ഥാപനങ്ങളുടെ 180-ലധികം നൂതന സാങ്കേതിക വിദ്യകള്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, തഞ്ചാവൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്, കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കേരള കാര്‍ഷിക സര്‍വ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങള്‍ കെ- ടാപ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

പ്രമേഹ സൗഹൃദ ഇന്‍സ്റ്റന്റ് കേക്ക് മിക്‌സ്, തേന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ഹൈ-പ്രോട്ടീന്‍ ലഘുഭക്ഷണങ്ങള്‍, ഷുഗര്‍ഫ്രീ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ലോ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉല്‍പ്പന്നങ്ങള്‍, നാച്ചുറല്‍ ഫുഡ് കളറുകള്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡുകള്‍, പലതരം ഫ്രൂട്ട് ജ്യൂസുകള്‍, നാളികേര ഉല്‍പ്പന്നങ്ങള്‍, കിഴങ്ങുവിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ചെറുധാന്യങ്ങള്‍, മുരിങ്ങയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, ഐസ്‌ക്രീമുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് മിക്‌സുകള്‍ തുടങ്ങി 180 ഓളം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് ഈ പദ്ധതിയിലൂടെ തയ്യാറാക്കാനാകും.

ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ടെക്‌നോളജി ഡിസ്സെമിനേഷന്‍ ക്ലിനിക്കില്‍ 350-ഓളം കര്‍ഷകരും സംരംഭകരും പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സലില്‍ യു. അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും അവതരിപ്പിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. എന്‍. ദീപ നന്ദിയും പറഞ്ഞു.

ഫോട്ടോ: കുടുംബശ്രീ സംഘടിപ്പിച്ച കെ-ടാപ്പ് ഡിസ്സെമിനേഷന്‍ ക്ലിനിക്ക്ല്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് സംസാരിക്കുന്നു

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message