പുത്തൂര്‍ സൂവോളജിക്കല്‍ പാര്‍ക്കിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ബസ് സര്‍വ്വീസ്
മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സന്ദര്‍ശനം നടത്തി
തൃശൂര്‍: പുത്തൂര്‍ സൂവോളജിക്കല്‍ പാര്‍ക്കില്‍ കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി സാധ്യതാ പരിശോധന നടത്തി. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സ്ഥലത്ത് നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ജനങ്ങള്‍ക്ക് തുറന്നുനല്‍കുമ്പോള്‍ കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ പാര്‍ക്കിനകത്ത് ഒരുക്കുന്നതിനായി കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു ആലോചനാ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. മന്ത്രി അഡ്വ. കെ രാജന്‍, വനം മന്ത്രി എ. കെ ശശീന്ദ്രന്‍, ഗതാഗത മന്ത്രി കെ. ബി ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം റവന്യൂ, വനം, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത ആലോചനാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സാധ്യതാ പരിശോധന നടത്തിയതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
6.5 കിലോമീറ്റര്‍ ചുറ്റളവുള്ള പാര്‍ക്കില്‍ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവര്‍ക്കായിക്കൂടിയാണ് ബസ് സേവനങ്ങള്‍ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാര്‍ക്കിനകത്തു കൂടി യാത്ര ചെയ്യും. പാര്‍ക്കിനകത്തെ പ്രത്യേക പോയിന്റുകളില്‍ ആളുകള്‍ക്ക് ബസ്സില്‍ നിന്ന് ഇറങ്ങുവാനും കയറുവാനുമുള്ള സൗകര്യം ഉണ്ടാകും. ഇതുവഴി ഒരു തവണ ബസ്സ് ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് ബസ്സില്‍ കയറി ഓരോ പോയിന്റുകളില്‍ ഇറങ്ങി കാഴ്ചകള്‍ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കല്‍ പാര്‍ക്ക് മുഴുവനായും ആസ്വദിക്കാനാകും. കൂടാതെ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാക്കി തൃശൂര്‍ നഗരത്തില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കും കെ.എസ്.ആര്‍.ടി.സിയുടെ തുറന്ന വാഹനം എന്ന ആശയവും ചര്‍ച്ചയായി.
തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളില്‍ നിന്നുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുന്ന നടപടികള്‍ക്കൊപ്പം കേരളത്തിലെ മൃഗശാലകളില്‍ ഇല്ലാത്തതും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളതുമായ 37 ഇനം പക്ഷികളെയും മൃഗങ്ങളെയും പുത്തൂരില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും അഞ്ച് ഘട്ടങ്ങളിലായി മക്കാവു, കക്കാട്ടു എന്നീ പക്ഷികളെയും അനക്കൊണ്ടയേയും ഇലാന്റ വിഭാഗത്തില്‍ പെട്ട ആഫ്രിക്കന്‍ മാനിനെയും, സീബ്രയും ജിറാഫും അടക്കമുള്ള 37 ഇനം മൃഗങ്ങളെയുമേയാണ് ഈ വര്‍ഷം തന്നെ പുത്തൂരില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഫാരി സൂ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സഫാരി സൂവിന്റെ ഭാഗമായ മൃഗങ്ങളെയും പക്ഷികളെയും പാര്‍പ്പിക്കുവാനാവശ്യമായ കൂടുകളുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ടെണ്ടര്‍ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ മാസത്തില്‍ തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. പാര്‍ക്കില്‍ ഒരുക്കുന്ന പെറ്റ് സൂ, കുട്ടികള്‍ക്ക് ആകര്‍ഷകമാകുന്ന വിധത്തില്‍ ഒരുക്കുന്ന വെര്‍ച്ച്വല്‍ സൂ എന്നിവ നടപ്പാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി സൂചിപ്പിച്ചു.
പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് സജിത്ത്, ഗ്രാമ പഞ്ചായത്തംഗം പി.ബി സുരേന്ദ്രന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ജെ വര്‍ഗീസ്, വനം വകുപ്പ് സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആടലരശന്‍, ഡയറക്ടര്‍ നാഗരാജ്, കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍, കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
