എസ്.സി.,എസ്.ടി. ലിസ്റ്റിലെ ക്രീമിലെയറും ഉപസംവരണവും മറികടക്കാന്‍ സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവ്
ഒക്ടോബര്‍ 13, 14 തീയതികളില്‍ കോട്ടയത്ത്
കോട്ടയം: എസ്.സി.,എസ്.ടി. ലിസ്റ്റില്‍ ക്രീമിലെയറും ഉപസംവരണവും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കികൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍, ദലിത് – ആദിവാസി സംഘടനകളുടെയും അംബേദ്കറൈറ്റ് രാഷ്ട്രീയ പാര്‍ട്ടിയായ വി.സി.കെ. പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ കോട്ടയം കേന്ദ്രമായി ‘സംവരണത്തെ സംബന്ധിച്ച് എസ്.സി.,എസ്.ടി. സംഘടനകളുടെ സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവ് നടത്താന്‍ തീരുമാനം. ഒക്ടോബര്‍ 13, 14 തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലും ഐ.എം.എ. ഹാളിലുമായാണ് പരിപാടി നടക്കുക. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും 1000 ത്തോളം പ്രതിനിധികള്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഭരണഘടനയുടെ 341, 342 വകുപ്പുകളനുസരിച്ച് എസ്.സി.,എസ്.ടി. ലിസ്റ്റിന്റെ സംരക്ഷണത്തില്‍ പാര്‍ലമെന്റിലും ഇന്ത്യന്‍ പ്രസിഡന്റിലും നിക്ഷിപ്തമായ അധികാരം റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുക എന്നതാണ് സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവ് പരിഗണിക്കുന്ന പ്രധാന വിഷയം. സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക രാഷ്ട്രീയാധികാര കേന്ദ്രങ്ങള്‍ക്കും എസ്.സി – എസ്.ടി. ലിസ്റ്റ് നിര്‍ണയനത്തില്‍ അധികാരം നല്‍കിയാല്‍ ജാതി വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത ഡോ. അംബേദ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാലാണ് രാജ്യത്തെ പരമോന്നത ജനായത്ത സഭയായ പാര്‍ലമെന്റില്‍ എസ്.സി., എസ്.ടി ലിസ്റ്റിന്റെ പരിപാലനം നിക്ഷിപ്തമാക്കിയത്. സുപ്രീം കോടതി നിയമനിര്‍മാണത്തിലൂടെ ഈ ഭരണഘടനാ തത്വമാണ് ലംഘിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
ജുഡീഷ്യറി – സര്‍ക്കാര്‍ പൊതുമേഖലാ – എയ്ഡഡ് തുടങ്ങിയ എല്ലാ മേഖലകളിലും എസ്.സി.,എസ്.ടി. സംവരണം സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുക, മതിയായ പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങള്‍ക്ക് – പ്രത്യേകിച്ചും എസ്.സി.,എസ്.ടിയിലെ അതിപിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം ഉറപ്പാക്കാന്‍ മേല്‍പറഞ്ഞ നിയമത്തില്‍ പ്രത്യേക റിക്രൂട്ട്മെന്റും ആവശ്യമായ ചട്ടങ്ങളും ഉറപ്പുവരുത്തുക, സ്വകാര്യമേഖലയില്‍ സംവരണവും വിവിധ സംരംഭങ്ങളില്‍ മൂലധനിക്ഷേപത്തിനും അവസരമൊരുക്കുന്ന യു.എസിലെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് മാതൃകയിലുള്ള നിയമനിര്‍മ്മാണം നടത്തുക, സമഗ്രമായ ജാതിസെന്‍സസ് നടപ്പാക്കുക, ജാതിസെന്‍സസ് പൂര്‍ത്തീകരിക്കുന്നതുവരെ സംവരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കുക, വിദ്യാഭ്യാസ മേഖലയിലെ ഗ്രാന്റുകള്‍ക്ക് വരുമാനപരിധി നിര്‍ണ്ണയിച്ച നടപടി റദ്ദാക്കുക തുടങ്ങിയവയാണ് കോണ്‍ക്ലേവില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍.
വി.സി.കെ. പാര്‍ട്ടി നേതാക്കളായ ഡോ. തോല്‍ തിരുമാവളവന്‍ എം.പി., ഡോ. ഡി. രവികുമാര്‍ എം.പി., ഓഗസ്റ്റ് 21 ന്റെ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ അശോക് ഭാരതി, കേരളത്തിലെ മുതിര്‍ന്ന ദലിത് – ആദിവാസി നേതാക്കള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവിന് നേതൃത്വം നല്‍കും. വിവിധ മുന്നണികളില്‍ നിന്നുള്ള ജനപ്രതിനിധികളും ിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പട്ടിക ജാതി – പട്ടികവര്‍ഗ്ഗ സമുദായ സംഘടനാ നേതാക്കളും അക്കാദമിക് വിദഗ്ധരും നിയമവിദഗ്ധരും രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. സുപ്രീംകോടതി വിധിയും ഉപസംവരണവുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് പാലക്കാട്, വയനാട്, ഇടുക്കി, കൊല്ലം തുടങ്ങിയ മേഖലകളില്‍ പൊതുസംവാദം സംഘടിപ്പിക്കും.
സ്വാഗതസംഘം ചെയര്‍മാന്‍ വി.സി.കെ. പാര്‍ട്ടി കേരള ഓര്‍ഗനൈസറും വി.സി.കെ നാഷ്ണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറിയുമായ ഇളം ചെഗുവേര, ജനറല്‍ കോ-ഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍, കെ. അംബുജാക്ഷന്‍(കെ.ഡി.പി), ഐ.ആര്‍. സദാനന്ദന്‍(കേരള ചേരമര്‍ സംഘം), സുരേഷ് പി. തങ്കച്ചന്‍ (ക.എച്ച്.സി.എ), തിലകമ്മ പ്രേംകുമാര്‍ (എ.ഇ.സി.എസ്.സി.എസ്.ടി.ഒ), ആന്‍ഡ്രൂസ്(എം.എ.എസ്.എസ്), കെ.ജി. ജോണ്‍സണ്‍ (എം.എ.എസ്.എസ്), അഡ്വ.പി.ഒ. ജോണ്‍ (എന്‍.ഡി.എല്‍.എഫ്), സി.ജെ തങ്കച്ചന്‍(ആദി ജനസഭ), വി.സി. സുനില്‍ (സൈന്ധവമൊഴി), പി.ഡി സുരേഷ്(ഭരതര്‍ മഹാ ജനസഭ), സി.കെ ഷീബ(ഇന്‍ഡിജിനസ് വുമണ്‍ കളക്ടീവ്), ശ്രീജിത്ത് പി. ശശി(കെ.പി.എം.എസ്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
