മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തെന്ന പരാതി: സുരേഷ് ഗോപിക്കെതിരേ കേസില്ലെന്ന് പോലീസ്
തൃശൂര്‍: തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍. മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര നല്കിയ പരാതില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. അനില്‍ അക്കരയ്ക്കു സെപ്റ്റംബര്‍ 25 തീയതിവച്ചു നല്കിയ മറുപടിക്കത്തിലാണ് പരാതിക്കാര്യത്തില്‍ ബി.എന്‍.എസ്. അനുസരിച്ചും പോലീസ് ആക്ട് അനുസരിച്ചും നിയമനടപടി സ്വീകരിക്കേണ്ട വകുപ്പുകള്‍ ഇല്ലാത്തതിനാല്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ചത്. അനല്‍ അക്കര ഓഗസ്റ്റ് 27ന് ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അസി. പോലീസ് കമ്മിഷണര്‍ മുഖേന വിശദമായ അന്വേഷണം നടത്തിയെന്നും വിഡിയോ ദൃശ്യങ്ങള്‍, രാമനിലയത്തിലെ സിസി ടിവി. ദൃശ്യങ്ങള്‍, മറ്റു സാക്ഷിമൊഴികള്‍, ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയെന്നും കമ്മിഷണര്‍ ആര്. ഇളങ്കോ അറിയിച്ചു.
ഹേമ കമ്മിഷന് റിപ്പോര്‍ട്ടില്‍ നടന് മുകേഷിനെക്കുറിച്ചുള്ള പരാമര്‍ശം വന്നതിനെക്കുറിച്ചുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെയാണ് രാമനിലയത്തില്‍വച്ച് സുരേഷ് ഗോപി കൈയേറ്റം ചെയ്തന്നൊണ് പരാതി. കേന്ദ്രമന്ത്രിയുടെ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചിരുന്നതുമാണ്.
കൈയേറ്റത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ മൊഴി പോലീസിന് നല്‍കിയിട്ടുണ്ട്. എന്നിട്ടും കേസെടുക്കാത്തത് പിണറായി-ബി.ജെ.പി. ഡീലിന്റെ ഭാഗമാണെന്ന് അനില്‍ അക്കര ആരോപിച്ചു.
