മലയാളി സ്ത്രീകളെ തുണിയുടുപ്പിക്കാന്‍ രക്തസാക്ഷിയായ ഗോപാലദാസന്
റെജി ശങ്കര്‍
സാംസ്കാരിക കേരളം പിറക്കുക ആയിരുന്നില്ല, ബലമായി ‘പിറപ്പി’ക്കുകയായിരുന്നു. നട്ടെല്ലുറപ്പുള്ള അയിത്തജാതിക്കാരുടെ കൈക്കരുത്തും മനക്കരുത്തും കൊണ്ടാണ് ഇന്നത്തെ കേരളം പിറന്നത്. പരശുരാമന് മഴുവെറിഞ്ഞത് അറബിക്കടലിലേക്കല്ല; സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും നേരെ ആയിരുന്നു.
നാലുപേര്‍ക്ക് മുമ്പില്‍ അല്ലെങ്കില്‍ ഒരു പരിഷ്കൃത സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ തക്കതായ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു ഭൂപ്രദേശം മാറ്റുവാന്‍ ഒത്തിരി പേരുടെ ചോരയും കണ്ണീരും വിലയായി നല്‍കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പില്ക്കാലത്ത് കേരള ചരിത്രം രചിക്കപ്പെട്ടപ്പോള്‍ അവരൊക്കെ വിസ്മൃതിയില്‍ ആണ്ടുപോവുകയാണ് ഉണ്ടായത്.
മനുഷ്യനെ പട്ടിയെക്കാള്‍ വിലകുറച്ച് കണ്ടിരുന്ന, പൊതുവഴി, പൊതു ഇടം എന്ന ഒരു സങ്കല്‍പ്പവും ഇല്ലാതിരുന്ന; സാംസ്കാരികമായി ഒരു രീതിയിലും ഒന്നും പറയാനില്ലാതിരുന്ന ഒരു നാട്! അതിനെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ച് ആദരിച്ചത്??
വസ്ത്രധാരണത്തിന്റെയും സാമൂഹ്യ ചലന നിയമങ്ങളുടെയും പേരില്‍ പാശ്ചാത്യരെ പരിഹസിക്കുന്ന മലയാളികള്‍ ഒരു കാര്യം ഓര്‍ക്കണം; കാര്യമായ നൂല്‍ബന്ധം ഇല്ലാതിരുന്ന, വസ്ത്രം ധരിച്ചുകൊണ്ട് പുറത്തിറങ്ങിയാല്‍ അത് പറിച്ചെറിയുന്ന ‘സാംസ്കാരിക നായന്മാര്’ ഉള്ള, പൊതുവഴിയില്‍ ഇറങ്ങിയാല്‍ തല്ലിക്കൊല്ലുന്ന കേരളത്തിന്റെ സാംസ്കാരിക ചരിത്രം കേള്‍ക്കാന്‍ ഒട്ടും സുഖമുള്ളതല്ല. ഇങ്ങനെയുള്ള ഒരു നാട്ടില്‍ സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാന്‍ നടത്തിയ സമരത്തിന് നേതൃത്വം കൊടുത്തത് മുന്തിയ വസ്ത്രം ധരിച്ചു നടക്കുന്ന അഭിജാതരുടെ പൂര്വികരായിരുന്നില്ല. സ്ത്രീകള്‍ മാറുമുറച്ചാല് വ്രണപ്പെടുന്ന സാംസ്കാരിക കുരുവുമായി ജീവിച്ച മലയാളികള്‍ക്കിടയില്‍ അതിനെതിരായി രംഗത്തുവന്നതും ആ സാമൂഹ്യവിരുദ്ധതയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിച്ചതും പുലയരായിരുന്നു. അതില്‍ കൊല്ലപ്പെട്ട പുലയരുടെ കണക്ക് നിശ്ചയമില്ല. ആ രക്തത്തിന്റെ വില കൊടുത്താണ് മലയാളി മങ്കമാര്‍ മേല്‍വസ്ത്രം ധരിച്ചു തുടങ്ങിയത് അതില്‍ അവര്‍ണ്ണരും സവര്‍ണ്ണരും ഉള്‍പ്പെടുന്നു. ആ സമരത്തില്‍ നേതൃത്വം കൊടുത്ത ഗോപാലദാസന് എന്ന ആണൊരുത്തനാണ് .
സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ അനേകം ദലിതര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേരെ കാണാതായി. ഗോപാലദാസന് എവിടെയോ അപ്രത്യക്ഷമായി. ആ സമരത്തിന് ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അദ്ദേഹത്തിന് സമരത്തിനിടയില്‍ നായന്മാര് അഴിച്ചുവിട്ട ഭീകര ആക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ അഭയം തേടിയ കുഞ്ഞോലിനൊപ്പം ഗോപാലദാസനെയും ചെളിയില്‍ ജീവനോടെ ചവിട്ടിത്താഴ്ത്തി എന്നും പറയുന്നുണ്ട്. കേരള ചരിത്രത്തില്‍ ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെന്ന് സവര്‍ണ്ണ ചരിത്രകാരന്മാരും ദളിത് ചരിത്രകാരന്മാരും ചിന്തിച്ചിട്ടില്ല. ഇന്ന് സെറ്റ് ഉടുത്ത്, പട്ടുടുത്ത് ജയ് ശ്രീ റാം വിളിക്കുമ്പോള്‍ അതില്‍ വിലങ്ങിപ്പോയ ഗോപാലദാസന്റെ ശ്വാസത്തിന്റെ ചൂടും ചൂരും ഉണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. പ്രത്യേകിച്ച് അനിതാ രവിയെപ്പോലുള്ള അഭിജാത സ്ത്രീകള്‍ ഇനി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ സമരത്തിന്റെ നെടുനായകത്വം വഹിച്ചിരുന്നത് അനിതാരവി വെറും പുലയന് എന്ന് പുച്ഛിച്ച മഹാത്മ അയ്യന്‍കാളി ആയിരുന്നു. അയ്യങ്കാളിയെയും ഗോപാലദാസനേയും പോലെയുള്ള പുലയര്‍ അടക്കമുള്ള കേരളത്തിലെ മുഴുവന്‍ അയിത്ത ജാതിക്കാരുടെയും പോരാട്ടത്തിന്റെ ഫലമാണ് ഇന്നുണ്ടായ നവകേരളം എന്നു പറയുന്നത്. അല്ലാതെ ഒരു അഭിജാതരുടെയും ഔദാര്യമല്ല.
ചുരുക്കി പറഞ്ഞാല്‍ തന്തയ്ക്ക് പിറന്ന തദ്ദേശീയ ജനതയാണ് കേരളത്തില്‍ പിറപ്പിച്ചത്. സ്വന്തം തള്ളയെ കഴുത്ത് വെട്ടിക്കൊന്നയാളുടെ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന് വിശ്വസിക്കുന്ന മണ്ടന്മാര് ഇനി കുറച്ച് ചരിത്രം പഠിച്ചു തുടങ്ങണം.
