news

സബാൾടേൺ ഒരു മലിന പദമാണ്

By Reji Sankar

“അധികാരഘടനക്ക് പുറത്തുള്ള വിഭാഗത്തിലോ മേഖലയിലോ പെടുന്ന വ്യക്തികളുടെ കാഴചപ്പാടിനെ പൊതുവായി പരാമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ്‌ സബാൾട്ടൻ(:Subaltern) അല്ലെങ്കിൽ കീഴാളപക്ഷം. തെക്കെനേഷ്യൻ ഉപഭൂഖണ്ഡത്തിലെ കോളനിവത്കരിക്കപ്പെട്ട ജനവിഭാഗത്തെ പരാമർശിക്കുന്നതിനായി 1970 കളിൽ ഈ സംജ്ഞ ഉപയോഗിച്ചു തുടങ്ങി.”

അതിനുമുമ്പ് സബാൾടൻ എന്ന വാക്ക് സൈനികമായ ഒന്നുമാത്രമായിരുന്നു. താഴെത്തട്ടിലുള്ള സൈനികരെ സൂചിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ചുവന്നിരുന്ന ഒരു വാക്ക് പിൽക്കാലത്ത് താഴ്ത്തപ്പെട്ട മനുഷ്യരുടെ പര്യായമായി ഉപയോഗിച്ചത് അന്തോണിയോ ഗ്രാംഷി ആയിരുന്നു.

കോളനി വൽക്കരണം നടത്തിയവരുടെ കാഴ്ചപ്പാടിൽ നിന്നും തദ്ദേശീയ ചരിത്രങ്ങളെ കോളനിവൽക്കരണത്തിന് ഇരയായവരുടെ കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചത് കീഴാള ചരിത്ര നിരീക്ഷണങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു എന്നാൽ അത് അഭിജാതരുടെ താഴെത്തട്ടിൽ ഉള്ളവരുടെ നേർക്കുള്ള ഉദാരമായ സമീപനത്തിന്റെ സംബോധനയായിട്ട് മാത്രമാണ് കാണാൻ കഴിയുന്നത് കീഴാളൻ എന്ന് പറയുന്നത് വാസ്തവത്തിൽ സാംസ്കാരികമായി മാന്യമായി കീഴ്പ്പെടുത്തുന്ന ഒരു ഇടപെടൽ ആണെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും. കീഴാള ചരിത്രം കീഴാള സംസ്കാരം എന്നൊക്കെ വ്യാഖ്യാനിക്കുമ്പോൾ അവിടെ മറ്റൊരു അഭിജാത സംസ്കാരത്തെ അതിനോടൊപ്പം തന്നെ നിർമ്മിച്ച് വൃത്തിയാക്കി വെക്കുന്നുണ്ട്. ഇന്ത്യക്കാർ പലപ്പോഴും ജ്ഞാനം എന്നതിന് പകരം ബ്രാഹ്മണൻ എന്ന് പറയാറുണ്ട് അജ്ഞാനത്തിന് ശൂദ്രൻ എന്നും പഞ്ചമൻ എന്നും അതിൻറെ വിപരീതമായി പറയുന്നുണ്ട്. തിരുക്കുറളിൽ കൊലപാതകം തൊഴിലായി സ്വീകരിക്കുന്നവർ ( കശാപ്പു ജോലി) പുലയരുടെ നിലയിലേക്ക് ചെന്ന് പതിക്കും എന്നുപറയുന്നുണ്ട് .’ കൊല വിനൈയരാകിയ മക്കൾ പുലൈവിനയർ പുന്മയ് തെരിവാരകത്ത് ” (കുറൾ 329)
അതായത് കൊലത്തൊഴിൽ (കശാപ്പ്) ചെയ്തു ജീവിക്കുന്നവൻ അതിൻറെ ഭവിഷ്യത്ത് അറിയാതെയാണെങ്കിൽ പോലും പുലയരുടെ നിലവാരത്തിലേക്ക് പതിക്കും. വ്യാഖ്യാതാക്കൾ ഇതിനെ ഏറ്റവും നീചമായ ജോലി എന്നുള്ള നിലയിലാണ്
പുലൈവിനയർ’എന്നതിനെ വ്യാഖ്യാനിക്കുന്നത്. പുലയർ ചെയ്യുന്ന ജോലി എന്നുപോലും പറയാതെ തന്നെ പുലയർ എന്നു മാത്രം ഉച്ചരിച്ചാൽ നീചമായത് എന്നുള്ള അർത്ഥം കിട്ടുന്നുണ്ട്.

ഈ പറഞ്ഞ
കാര്യങ്ങൾ വാസ്തവത്തിൽ വിപരീതം ആണെങ്കിൽ കൂടി അതിനൊരു പോസിറ്റീവ് ആയ നിലനിൽപ്പുണ്ട്. അങ്ങനെ ഒരു അവസ്ഥയാണ് കീഴാളൻ എന്നുള്ള പ്രയോഗത്തിന് ലഭിക്കുന്നത് .ഇതൊരു മാനസികമായ കീഴ്പ്പെടുത്താൻ കൂടിയാണെന്ന് മനസ്സിലാക്കണം അഭിജാതരായ പുരോഗമനവാദികൾ തദ്ദേശീയ ജനതയെ തന്ത്രപരമായി ചേർത്തുനിർത്തിക്കൊണ്ട് ചവിട്ടി താഴ്ത്തി കൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ്. ഈ വാക്ക് ഒരിക്കലും ഉപയോഗിച്ചു കൂടാ ശരിയായാലും തെറ്റായാലും ഒരു വാക്കിനെ ഒരു ആശയത്തെ പ്രസാദാത്മകമായി സമീപിക്കുമ്പോൾ അതിനോട് താദാത്മ്യം പ്രാപിക്കുന്നുണ്ട്. അങ്ങനെ തന്നെ കീഴാളൻ എന്നുള്ള സംബോധന അതിനു സമീപിക്കുന്നവരുടെ മാനസിക നിലയെ സമനിലയിൽ നിന്നും കുറച്ചു താഴേക്ക് ഇറക്കി നിർത്തുന്നുണ്ട് .

ഇവിടെയാണ് അഭിജാത ബുദ്ധിജീവികളും സാഹിത്യകാരന്മാരും നടത്തുന്ന കീഴാള പ്രയോഗം പ്രസക്തമാകുന്നത്. കീഴാളൻ എന്ന വാക്കിന് വളരെ മലിനമായ ഒരു അർത്ഥതലം ഇന്ത്യക്കാർക്കിടയിൽ ഉണ്ടന്നുള്ള കാര്യം വൃത്തിയായി അവർക്കറിയാം . താഴെത്തട്ടിൽ ഉള്ള ജനതയെ ഒരു പട്ടിയുടെ വില പോലും നൽകാത്തവരാണ് ഇവിടത്തെ അഭിജാതർ എന്ന് ബോർഡ് വെച്ച് നടക്കുന്നവർ അവർ കമ്മ്യൂണിസ്റ്റായും കോൺഗ്രസ് ആയൂം സനാതനരായും മാറിമാറി പ്രത്യക്ഷപ്പെട്ടാലും അവൻറെ ഉള്ളടക്കം ഇതുപോലുള്ള മാലിന്യങ്ങൾ നിറഞ്ഞതാണ് .

കീഴാള സംസ്കാരം കീഴാള ചരിത്രം കീഴാള പഠനം എന്നുള്ള പ്രയോഗങ്ങൾ തീർച്ചയായും ബോധപൂർവ്വം ഒഴിവാക്കേണ്ടതുണ്ട്. നേർപ്പിച്ച അപകർഷം കലർത്തിയ ഈ സൂചകവാക്യം ഉപയോഗിക്കാനുള്ള ബാധ്യത നമുക്കില്ല. സോഷ്യൽ ഡിസ്റ്റൻസ് എന്ന ഇംഗ്ലീഷ് വാക്കിന് തീണ്ടാപ്പാട് എന്ന പരിഭാഷ ഉണ്ടാക്കിയ ഇടതുപക്ഷ ബുദ്ധിജീവികളുടെ നാട്ടിലാണ് നമ്മൾ ജീവിച്ചിരിക്കുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message