ജാതി ഇല്ലെന്നു പറയുന്നതിലും ജാതിഭേദം
റെജി ശങ്കര്‍
ശ്രീനാരായണഗുരു നമുക്ക് ജാതിയില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് വലിയൊരു ദാര്‍ശനിക വിസ്ഫോടനമാണെന്ന് മലയാളികള്‍ തലകുലുക്കി സമ്മതിച്ചു ഒരു നൂറ്റാണ്ട് കാലമായി അത് ആഘോഷിച്ചു കൊണ്ടും ഇരിക്കുന്നു. എന്നാല്‍ വേടന് താന്‍ ഒരു ജാതിയില്‍ പെട്ടവനല്ലെന്നും ഒരു തമ്പുരാനെയും അംഗീകരിക്കുന്നില്ലെന്നും പ്രഖ്യാപിച്ചിട്ടും അത് മനസ്സിലാക്കാനുള്ള ബോധം പൊതുസമൂഹത്തില്‍ നിന്നും പുതിയ തലമുറയ്ക്കല്ലാതെ അധികമാര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്
പുതിയ തലമുറയിലെ കുട്ടികളെ യാതൊരു ലോജിക്കും ഇല്ലാതെ കഞ്ചാവ്, ലഹരി കൂതറകള്‍ ആണെന്ന് പ്രഖ്യാപിക്കുന്ന തൊട്ടുമുമ്പുള്ള അവിഞ്ഞ തലമുറ ഈ ലോകത്തെ ഏറ്റവും വലിയ പിന്തിരിപ്പന്മാര് ആണെന്ന് അവര്‍ക്ക് മാത്രമേ അറിയാത്തതുള്ളൂ. ഏറ്റവും വലിയൊരു കോമഡി എന്നു പറയുന്നത് ജാതിയില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ ജാതി ഗുരുവാക്കിയ ഈഴവരില്‍ ഒരു വിഭാഗം വേടനെ പരിഹസിക്കാന്‍ ജാതി ഹിന്ദുവിനോപ്പം നില്‍ക്കുന്നുണ്ട് എന്നുള്ളതാണ്. നമുക്ക് ജാതിയില്ല എന്ന് ഗുരു പ്രഖ്യാപിച്ചത് വ്യാഖ്യാനിക്കുന്നതും ആഘോഷിക്കുന്നതും ഒരു ജാതിയുടെ ശ്രീകോവിലില്‍ നിന്നുകൊണ്ടാണ്. മുനി നാരായണ പ്രസാദ് അടുത്തകാലത്ത് അയ്യന്‍കാളി ഗുരുവിന് സമശീര്ഷനാകുന്നത് എങ്ങനെയല്ലെന്ന് നന്നായി വിശദീകരിച്ചത് നമ്മള് കേട്ടതാണ്. എന്നാല്‍ സഹോദരന് അയ്യപ്പന്റെ പാരമ്പര്യമുള്ള, ശ്രീനാരായണഗുരുവിലെ മനുഷ്യസ്നേഹിയെ തിരിച്ചറിഞ്ഞ ഈഴവര്‍ ഇതിനോട് യോജിക്കുന്നില്ല എന്നുകൂടി പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. പക്ഷേ അക്കാലത്തെ പോലെ തന്നെ ഇക്കാലത്തും സഹോദരനെ അംഗീകരിച്ച ഗുരുവിന്റെ നന്മയെ ഉള്‍ക്കൊണ്ട ആളുകള്‍ കുറവാണ്. തനിക്ക് ജാതിയില്ലെന്ന് പറയുന്ന കാര്യത്തില്‍ ജാതിഭേദം ഉണ്ട് എന്നാണ് വേടന്റെ കാര്യത്തില്‍ ബോധ്യമാകുന്നത്.
