സംസ്കൃതത്തില്‍ വിശ്വസനീയമായ ഒരു ഗ്രന്ഥം പോലുമില്ല
സ്വാമി ധര്‍മ്മ തീര്‍ത്ഥ മഹാരാജ് എഴുതുന്നു:
‘മുന്‍കാലങ്ങളിലെപ്പോലെതന്നെ ഇപ്പോഴും പൂരാതന ഋഷിമാരുടെ പേരില്‍ ശാസ്ത്രങ്ങളും പുരാണങ്ങളും മറ്റു ഗ്രന്ഥങ്ങളും നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്നതായിരുന്നു അവര്‍ ബ്രാഹ്മണര്‍ ഒന്നാമതായി ചെയ്തത്. തങ്ങളുടെ പ്രമാണങ്ങള്‍ യുക്തിഹീനങ്ങളാണെന്നും സമുദായത്തിന്റെ നന്മക്ക് വേണ്ടി വ്യവസ്ഥകള്‍ ചെയ്യുവാന്‍ തങ്ങള്‍ അയോഗ്യരാണെന്നും പുരോഹിതന്മാര്ക്കു തന്നെ ബോധമുണ്ടായിരുന്നതിനാലാണ് അവര്‍ പൂര്വികന്മാരുടെ പേരില്‍ പുതിയ ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കയും പഴയ ഗ്രന്ഥങ്ങളില്‍ ഇഷ്ടംപോലെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തത്. അവര്‍ കൂട്ടിചേര്ക്കയോ വെട്ടിക്കുറയ്ക്കയോ മറ്റു വിധത്തില്‍ കൃത്രിമം ചെയ്യാത്തതോ ആയി വല്ല സംസകൃതകൃതിയും ഉണ്ടോ എന്നു സംശയമാണ്. പ്രസിദ്ധന്മാരായ സകല ഋഷിമാരുടെ പേരിലും അവര്‍ കൃത്രിമ ഗ്രന്ഥങ്ങള്‍ ചമച്ചിട്ടുണ്ട്. കള്ളക്കഥകളും പഴങ്കഥകളും സങ്കല്പ്പചരിത്രങ്ങളും കൂട്ടിക്കലര്ത്തപ്പെടാത്ത മതഗ്രന്ഥം കാണാന്‍ പ്രയാസമാണ്. ഏറ്റവും പുരാതനഗ്രന്ഥമായ ഋഗ്്വേദം പോലും ഈ വിധമുള്ള കൃത്രിമങ്ങളില്നിന്ന് രക്ഷപ്പട്ടിട്ടില്ല. അതിലെ പത്താം അദ്ധ്യായം മുഴുവന്‍ ദേവന്മാര് രചിച്ചതാണെന്നു പറയപ്പെട്ടിരിക്കുന്നത് പില്കാലങ്ങളില് കൃത്രിമമായി കൂട്ടിച്ചേര്‍ത്തതാണെന്നുള്ള സത്യത്തെ മറയ്ക്കുവാനായിരിക്കണം. ചരിത്രസത്യം പാലിക്കുന്നതില്‍ ബ്രാഹ്മണഗ്രന്ഥകാരന്മാര് ഒരിക്കലും നിഷ്ക്കര്‍ഷ പാലിച്ചിട്ടില്ല. അതുകൊണ്ട് സംസ്കൃതഭാഷയില്‍ ചരിത്രദൃഷ്ട്യാ വിശ്വാസയോഗ്യമായ ഗ്രന്ഥങ്ങള്‍ ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു. അവയില്‍ നെന്മണി ഏത്, പതിര് ഏത്, ഏതുവരെ സത്യം ഉണ്ട്, എവിടെ സങ്കല്പ്പകഥകള് ആരംഭിക്കുന്നു എന്നു പറയുവാന്‍ സമര്‍ത്ഥനായ ഒരു വിമര്ശകനുപോലും സാധിക്കയില്ല. ഇക്കാര്യത്തില്‍ മതഗ്രന്ഥങ്ങളുടെ സ്വഭാവമാണ് ഏറ്റവും ശോചനീയം. ബ്രാഹ്മണമതത്തിന്റെ തലയെടുപ്പു കാലത്താണ് കൃത്രിമശാസ്ത്രങ്ങളും പുരാണങ്ങളും ധാരാളമായി സൃഷ്ടിക്കപ്പെട്ടത്. അനേകം ബ്രാഹ്മണര്‍ ഉത്തരേന്ത്യയില്‍നിന്ന് മുസ്ലീമുകള്‍ക്കു കീഴ്പ്പെടാത്ത ദക്ഷിണപ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുവാന്‍ തുടങ്ങി. അവിടത്തെ രാജാക്കന്മാര്ക്ക് പൂര്വ്വികന്മാരെപ്പറ്റിയോ, അവരുടെ സംസ്കൃതഗ്രന്ഥങ്ങളെപ്പറ്റിയോ പറയത്തക്ക വിവരമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പുരാതന മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ പുതിയ കൃത്രിമശാസ്ത്രങ്ങളെ പ്രചരിപ്പിക്കുന്നതിന് വലിയ പ്രയാസം ഉണ്ടായിരുന്നില്ല. തങ്ങളുടെ ദുഷ്പ്രഭുത്വം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ള പരിശ്രമങ്ങളില്‍ നിമഗ്നരായ, മഹാകൃത്രിമികളായ ഒരു പുരോഹിതവര്‍ഗ്ഗം എന്തെല്ലാം നീചപ്രവൃത്തികള്‍ ചെയ്യുമെന്നുള്ളതിന് ഇക്കാലത്തെ പുരാണങ്ങളും ധര്‍മ്മശാസ്ത്രങ്ങളും നിത്യസ്മാരകങ്ങളാകുന്നു. ‘ഇപ്പോഴുള്ള പുരാണഗ്രന്ഥങ്ങള്‍ ആദ്യമായി രചിക്കപ്പെട്ടത് വിക്രമാദിത്യന്റേയും ശിലാദിത്യന്റേയും കാലത്താണ്. അതിനുശേഷം പല നൂറ്റാണ്ടുകളായി അവയില്‍ പല മാറ്റങ്ങള്‍ വരുത്തുകയും പുതുസംഗതികള് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഹിന്ദുസമുദായത്തിലെ പല സമ്പ്രദായക്കാര്‍ അവരവരുടെ ദേവന്മാരെ പുകഴ്ത്തുവാനും മറ്റു ദേവന്മാരെ തരംതാഴ്ത്തുവാനും നടത്തിയിരുന്ന വാദകോലാഹലങ്ങള്കൊണ്ട് പുരാണങ്ങള്‍ നിറഞ്ഞിരിക്കുന്നതായി കാണാം. അന്നത്തെ എഴുത്തുകാര്‍ സ്വന്തം പേരുകള്‍ വെളിപ്പെടുത്താതെ പുരാതന ഗുരുക്കന്മാരുടെ പേരുകള്‍വെച്ച് എഴുതുകയാണ് ചെയ്തത്. അങ്ങനെ പതിനെട്ടു പുരാണങ്ങളും വേദവ്യാസന്റെ കൃതികളാണെന്ന് പറയപ്പെടുന്നു’
(പേജ് 103, ഹൈന്ദവദുഷ്പ്രഭുത്വ ചരിത്രം
-First published in 1941 at Lahore. Recent edition2018.
പുസ്തകപ്രസാധക സംഘം, കോഴിക്കോട്. വില 180 രൂപ)
പ്രഭാകരന് വരപ്രാത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് പകര്‍ത്തിയത്.
