Kerala NewsPolitics

ജാതി സെന്‍സസും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പും

കെ. സുനില്‍ കുമാര്‍

ഇന്ത്യയിലെ പിന്നാക്ക- ദലിത്- ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തമായ സാമൂഹിക- രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഈ തീരുമാനം ഹിന്ദുത്വ രാഷ്ട്രീയത്തിന് മേല്‍ സാമൂഹിക നീതി രാഷ്ട്രീയം നേടിയ വലിയ വിജയമാണിത്. ജാതി സെന്‍സസിലും സംവരണത്തിലും താല്‍പര്യമില്ലാത്ത മോദി സര്‍ക്കാര്‍ എപ്രകാരമാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് വിജ്ഞാപനം പുറത്തുവരുമ്പോള്‍ മാത്രമേ മനസ്സിലാകൂ.
സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിണറായി വിജയന്‍ സര്‍ക്കാരും സിപിഎമ്മും മുഖം തിരിച്ചു നിന്നെങ്കിലും മധുര പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കണം എന്നതായിരുന്നു.
കോണ്‍ഗ്രസ് ആകട്ടെ രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം ജാതി സെന്‍സസ് നടപ്പാക്കണമെന്നും സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നും ആണ്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു.
പക്ഷെ ജാതി സെന്‍സസ് നടപ്പാക്കാന്‍ തീരുമാനിച്ച ബിജെപിയും അത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ ഈ വിഷയത്തില്‍ ഒരുപോലെ നിശ്ശബ്ദരാണ്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും അവര്‍ ഈ വിഷയത്തില്‍ മൗനത്തിലാണ്. ജാതി സെന്‍സസ് നടപ്പാക്കിയ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നില്ല.
തങ്ങള്‍ നടത്തിയ സമ്മര്‍ദ്ദമാണ് കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നിലമ്പൂരില്‍ അവകാശപ്പെടുന്നില്ല. കേരളത്തില്‍ ജാതി സെന്‍സസ് നടപ്പാക്കാത്ത പിണറായി സര്‍ക്കാരിനെ യുഡിഎഫ് ഒരുതരത്തിലും കുറ്റപ്പെടുത്തുന്നില്ല. ഗണ്യമായ ന്യൂനപക്ഷ- പിന്നാക്ക- ദലിത് വോട്ടുകള്‍ ഉള്ള മണ്ഡലമായിട്ട് പോലും അവര്‍ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കുന്നില്ല. സംസ്ഥാനമല്ല, കേന്ദ്രമാണ് ജാതി സെന്‍സസ് നടപ്പാക്കേണ്ടത് എന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടാണ് ശരിയെന്ന് തെളിഞ്ഞതായി സിപിഎമ്മും സിപിഐയും പറയുന്നില്ല.
എന്താണ് ഈ പക്ഷഭേദമില്ലാത്ത നിശ്ശബ്ദതക്ക് കാരണം? കാരണം മറ്റൊന്നുമല്ല, ജാതി സെന്‍സസ് നടപ്പാക്കരുതെന്നും സംവരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന എന്‍എസ്എസിനെയും സവര്‍ണ ശക്തികളെയും മൂന്ന് കൂട്ടരും ഒരുപോലെ ഭയപ്പെടുന്നു. ജാതി സെന്‍സസ് നടപ്പാക്കി വ്യത്യസ്ത ജന വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സ്ഥിതിവിവരങ്ങള്‍ പുറത്തുവരണമെന്ന ജനാധിപത്യപരമായ താല്‍പര്യത്തെ ഈ പാര്‍ട്ടികള്‍ മാനിക്കുന്നതേയില്ല. കേരളത്തിലും ജനസംഖ്യപരമായ ഭൂരിപക്ഷ താല്‍പര്യങ്ങളെയും വോട്ടിനെയും പോലും മറികടക്കുന്നത് ന്യൂനപക്ഷ സവര്‍ണ താല്‍പര്യങ്ങള്‍ തന്നെയാണ്.
അതുകൊണ്ടാണ് ആരും ആവശ്യപ്പെട്ടില്ലെങ്കിലും മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്.) എന്ന സംവരണ അട്ടിമറിക്ക് സംഘപരിവാറിനൊപ്പം ഇടതും കോണ്‍ഗ്രസും പാര്‍ലമെന്റില്‍ കൈ പൊക്കിയത്. അതിനെതിരെ വോട്ട് ചെയ്ത മുസ്ലിം ലീഗ് പോലും നിലമ്പൂരിലും കേരളത്തിലും ജാതി സെന്‍സസിനെക്കുറിച്ച് നിശ്ശബ്ദരാണ് എന്നതാണ് വിചിത്രമായ കാര്യം.

Image from Muslim Mirror

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message