ഓപ്പറേഷന്‍ കഗാറിന്റെ ലക്ഷ്യം ആദിവാസികളുടെ ഉന്മൂലനം
ഡല്‍ഹി: മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ ഓപ്പറേഷന്‍ കഗാറിലൂടെ ലക്ഷ്യം വെയ്ക്കുന്നത് ആദിവാസികളുടെ ഉന്‍മൂലനമെന്ന് ആക്ഷേപം. ഛത്തിസ്ഗഡ് അടക്കമുള്ള വനമേഖകളിലെ ധാതുലവണങ്ങളും മറ്റും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഓപ്പറേഷന്‍ കഗാറെന്ന് മാവോയിസ്റ്റുകളല്ലാത്ത സംഘടനകളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, സമാധാനചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകള്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കമ്പള കേശവ റാവുവിനെയും മറ്റും നിഷ്‌കരുണം ഏറ്റുമുട്ടല്‍കൊലപാതകത്തിലൂടെ വധിച്ചത് മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആദിവാസികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കാനും കൂടിയാണെന്നും പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകളെന്ന വ്യാജേന കൊലപ്പെടുത്തിയവരില്‍ ഏറെയും ആജിവാസികളാണ്. അതില്‍തന്നെ സ്ത്രീകളും ഏറെയാണ്.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളല്ല ഫാസിസ്റ്റ് സര്‍ക്കാരിന്റെ ലക്ഷ്യം, മറിച്ച് മാവോയിസ്റ്റുകളുള്ള അബു്ജ്മാഡ് വനമേഖലയാണെന്ന് മാധ്യമ-സാമൂഹികപ്രവര്‍ത്തകന്‍ ജയരാജന്‍ സി.എന്‍. തന്റെ എഫ്.ബി. പേജിലൂടെ വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പ് വടക്കന്‍ ഛത്തീസ്ഗഢിലെ ഹസ്ദിയോ ആരന്ദ് വനമേഖലയിലെ കല്‍ക്കരി ഖനന പദ്ധതികളില്‍ ആഴത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഏകദേശം 1,70,000 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ വനം സമ്പന്നമായ ജൈവവൈവിധ്യത്തിനും ആദിവാസി സമൂഹങ്ങള്‍ക്കും പേരുകേട്ടതാണ്. അദാനി മൈന്‍ ഡെവലപ്പറും ഓപ്പറേറ്ററുമായി (എം.ഡി.ഒ)പ്രവര്‍ത്തിക്കുന്ന പ്രധാന കല്‍ക്കരി ബ്ലോക്കുകളില്‍ ഇവ ഉള്‍പ്പെടുന്നു: 1. പാര്‍സ ഈസ്റ്റ് കെന്റെ ബസാന്‍ (പി.ഇ.കെ.ബി) കല്‍ക്കരി ഖനി: 2013 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. 2. പാര്‍സ കല്‍ക്കരി ബ്ലോക്ക്: പി.ഇ.കെ.ബിക്ക് അടുത്താണ്, ഖനനം ഉടന്‍ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. 3. ഹസ്ദിയോ ആരന്ദ് മേഖലയിലെ അധിക ബ്ലോക്കുകളും ഭാവി ഖനനത്തിനായി കണ്ടെത്തിയിട്ടുണ്ട്, അവയില്‍ പലതിനും അദാനിയെ എം.ഡി.ഒ, അഥവാ മൈന്‍ ഡവലപ്പര്‍ ഓപ്പറേറ്റര്‍ ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതികള്‍ക്ക് പ്രാദേശിക ആദിവാസി സമൂഹങ്ങളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. വനനശീകരണം, ഉപജീവനമാര്‍ഗ്ഗങ്ങളുടെ നഷ്ടം, നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിന് കാരണം. ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിലെ ബൈലാഡില ഇരുമ്പയിര് ഡിപ്പോസിറ്റ്-13-ന്റെ മൈന്‍ ഡെവലപ്പറും ഓപ്പറേറ്ററുമായി (എം.ഡി.ഒ) അദാനി എന്റര്‍പ്രൈസസിനെയാണ് തെരഞ്ഞെടുത്തത്. 320 ദശലക്ഷം ടണ്ണിലധികം കരുതല്‍ ശേഖരമുള്ള ഈ ഖനി, മേഖലയിലെ ഒരു പ്രധാന ഇരുമ്പയിര് പദ്ധതിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ പദ്ധതിക്ക് പ്രാദേശിക ആദിവാസി സമൂഹങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നു. അതിന്റെ ഫലമായി ഈ പരിപാടി മുന്നോട്ടു പോകാതെ ഒടുവില്‍ പദ്ധതി റദ്ദ് ചെയ്തിരിക്കയാണ്.
ഇങ്ങനെ ഛത്തീസ്ഗഢിലെ വനമേഖലകളില്‍ അദാനി ആദിവാസികള്‍ക്ക് മേല്‍ ദുരിതം വിതച്ചുകൊണ്ട് പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനും വന നശീകരണം നടത്താനും ഊര്‍ജിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ ജില്ലകളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അബുജ്മാഡ് വനമേഖല മാവോയിസ്റ്റ് മുക്തമാക്കാനുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ കടുത്ത മോഹത്തെ കാണേണ്ടത്.
