ഗുജറാത്തില്‍ ദലിതര്‍ക്കും ആദിവാസികള്ക്കുമെതിരേഅതിക്രമം: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ കോണ്‍ഗ്രസ് വമ്പിച്ച പ്രകടനം നടത്താന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി എം.എല്‍.എ. അറിയിച്ചു. ഗാന്ധിനഗറിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മേവാനി. ഗുജറാത്തില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരായ അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മൗനം പാലിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഈ വിഷയം ഉന്നയിച്ച് പാര്‍ട്ടി തെരുവിലിറങ്ങും. ഭരണഘടനയെ മാനിക്കാത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മനുസ്മൃതിയെ ഭരണഘടനയ്ക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നതായും ദളിതര്‍ക്ക് നേരെ കണ്ണടക്കുന്നതായും ജിഗ്നേഷ് മേവാനി ആരോപിച്ചു.
ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്ന് മോവാനി ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ ഇത് 30-35% ആണെന്നും ഗുജറാത്തില്‍ ഇത് 3-5% മാത്രമാണെന്നും പറഞ്ഞു. സംസ്ഥാനത്തെ 95 ശതമാനം കുറ്റവാളികളും ശിക്ഷയില്ലാതെ രക്ഷപ്പെടുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.അമ്രേലിയില്‍ 19 വയസുള്ള ഒരു ദലിത് യുവാവിന്റെ കൊലപാതകം, പഠാനില്‍ ഒരു മുതിര്‍ന്ന ദലിത് പൗരനെ ചുട്ടുകൊന്ന സംഭവം, ബി.ജെ.പി. അംഗങ്ങള്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം തുടങ്ങി നിരവധി ദളിത് അതിക്രമങ്ങള്‍ ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കൂടാതെ രോഹിത് വെമുലയുടെ ആത്മഹത്യ, ഹാത്രാസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് മരണശേഷം അവളെ കാണാന്‍ അനുവാദം നിഷേധിച്ചത്, ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കള്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടത് തുടങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരും ദുര്‍ബലരുമായ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
സുരേന്ദ്രനഗര്‍ ജില്ലയിലെ അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്കാന് പോയ ദലിത് ആണ്‍കുട്ടികളെ എ.കെ 47 ഉപയോഗിച്ച് വെടിവച്ചുവെന്നും മേവാനി ആരോപിച്ചു. ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്, ഗൂഢാലോചനയുടെ ഭാഗമായി ദലിത്, ഒ.ബി.സി, ആദിവാസി വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖങ്ങളില്‍ മനപ്പൂര്‍വം വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ മാര്‍ക്ക് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
Photo Credits PTI
