Kerala News

എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

നിയമനം പി എസ് സിക്ക് വിടാന്‍ നിയമനിര്‍മാണം നടത്തണമെന്ന്
എസ്.സി, എസ്.ടി. ഭരണഘടനാവകാശ സംരക്ഷണ പ്രസ്ഥാനം

കോഴിക്കോട്: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ നിയമനങ്ങള്‍ പിഎസ് സി വഴി നടത്താന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം വഴി അറിയിക്കണമെന്ന് എസ്.സി,എസ്.ടി. ഭരണഘടനാവകാശ സംരക്ഷണ പ്രസ്ഥാനം മുഖമന്ത്രിയോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കേരള ഹൈക്കോടതി 2025 ജൂണ്‍ 13ന് കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ നിയമനങ്ങളില്‍ ഒരു നെക്‌സസ് നിലനില്‍ക്കുന്നതായി നിരീക്ഷിക്കുകയും നിയമന നടപടികള്‍ സുതാര്യമാക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് ഒരാഴ്ചക്കകം ഹൈക്കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുമെന്ന് കരുതുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഇ. എം. എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി ആയ കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ കേരള വിദ്യാഭ്യാസ ബില്ലിനെ സംബന്ധിച്ച് ചില എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മാനേജുമെന്റുകള്‍ ഉന്നയിച്ച പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ട് സുപ്രീം കോടതി ആറംഗ ഭരണഘടനാബെഞ്ച് 1958 മെയ് 22ന് വ്യക്തമാക്കിയത് ചെലവ് വഹിക്കുന്ന സര്‍ക്കാരിനാണ് നിയമനാധികാരം എന്നും നിയമനങ്ങള്‍ പിഎസ് സി വഴി നടത്തണം എന്നുമാണ്.
1960 ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയ സര്‍ക്കാര്‍ കേരള വിദ്യാഭ്യാസ നിയമത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനാധികാരം മാനേജ്‌മെന്റുകളില്‍ നിക്ഷിപ്തമാക്കി നിയമത്തില്‍ ഭേദഗതി വരുത്തി. തല്‍സ്ഥിതി തുടരുകയാണ്.

കേരള നിയമസഭയിലെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള യുവജന കാര്യ, യുവജന ക്ഷേമ സമിതിയിലെ അംഗങ്ങള്‍ ടി. വി. രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ 2017 മെയ് 18ന് സമര്‍പ്പിച്ച ശിപാര്‍ശകളില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭരണഘടനാ ധാര്‍മികതയുടെ ഭാഗമായ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സംവരണാവകാശം ഉറപ്പുവരുത്തണമെന്നും നിയമനങ്ങള്‍ പി എസ് സി വഴി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന വസ്തുത മുഖ്യമന്ത്രിക്ക് അറിവുള്ളതാണല്ലോയെന്നും നിവേദനത്തില്‍ ചോദിക്കുന്നു.

കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് ചോദ്യം ചെയ്ത് എന്‍ എസ് എസും കാത്തലിക് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യവും സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയ കേരള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു സ്ഥാപനങ്ങള്‍ ആണെന്ന് വ്യക്തമാക്കിയതും സുപ്രീം കോടതിയുടെ ശാസനയെ തുടര്‍ന്ന് പരാതിക്കാര്‍ കേസ് പിന്‍വലിച്ചതും തുടര്‍ന്ന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ നിയമനാധികാരം സര്‍ക്കാര്‍ ഏറ്റെടുത്തതും താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു.

ആറര പതിറ്റാണ്ടായി കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ നിലനില്‍ക്കുന്ന ആശാസ്യമല്ലാത്ത നടപടികള്‍ രണ്ടാം നവോഥാന കേരളത്തിന് കളങ്കം സൃഷ്ടിച്ചു കൊണ്ട് ഇനിയും തുടര്‍ന്നുകൂടാ എന്ന് ഇച്ഛാശക്തിയോടെ പ്രഖ്യാപിക്കേണ്ട സന്ദര്‍ഭമാണിത്.
ഒന്നാം ഇഎംഎസ് മന്ത്രിസഭ അവതരിപ്പിച്ച കേരള വിദ്യാഭ്യാസ നിയമത്തിന്റെ അന്തസ്സത്ത നിലനിര്‍ത്തിക്കൊണ്ട് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ നിയമനങ്ങള്‍ പിഎസ് സി വഴി നടത്താന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി
ഹൈക്കോടതിയില്‍ സത്യവാങ്മൂലം വഴി അറിയിക്കണമെന്ന് ചെയര്‍ പേഴ്‌സണ്‍ എന്‍.സി. ഹരിദാസന്‍, കണ്‍വീനര്‍ പി.കെ. ശശിധരന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message