ലോക മെഡി ഗെയിംസില്‍ ഇരട്ട സ്വര്‍ണം: ഡോ. ആല്‍വിന്‍ ആന്റണി നാടിന് അഭിമാനമായി
തൃശൂര്‍: ലോക മെഡി ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടി ഡോ. ആല്‍വിന്‍ ആന്റണി രാജ്യത്തിന്റെ അഭിമാനമായി. ആലപ്പാട് ഗ്രാമത്തിനു അഭിമാനവുമായി. സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ നടക്കുന്ന 44-ാമത് ലോക മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസിലാണ് ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോ. ആല്‍വിന്‍ ആന്റണി നേട്ടം കൊയ്തത്. 2025ല്‍ നടന്ന ‘മാക്’ ഓപ്പണ്‍ നാഷണല്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായി. ആരോഗ്യപ്രവര്‍ത്തകരുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേള്‍ഡ് മെഡിക്കല്‍ ഗെയിംസില്‍ 50ലധികം രാജ്യങ്ങളില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജോസഫ് ജി അബ്രാഹമിന്റെ കീഴിലാണ് ഡോ. ആല്‍വിന്‍ പരിശിലനം നേടിയത്.
തിങ്കളാഴ്ച നടന്ന 100 മീറ്റര്‍ മത്സരത്തിലും വ്യാഴാഴ്ച നടന്ന 200 മീറ്റര്‍ മത്സരത്തിലുമാണ് മെഡല്‍ നേടിയത്. 2023-ല്‍ വിജയവാഡയിലും 2024 -ല്‍ ഔറം ഗബാദിലും നടന്ന ഐഎംഎ ദേശീയ കായികമേളകളില്‍ 100 മീറ്ററിലും 200 മീറ്ററിലും ഡോ. ആല്‍വിന്‍ വെള്ളിമെഡല്‍ നേടിയിരുന്നു.
തൃശൂര്‍ ആലപ്പാട് ചിറമ്മല്‍ കാരാത്ത് ആന്റണിയുടെ മകനായ ഡോ. ആല്‍വിന്‍ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് താമസം. ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഐഎംഎ കൊച്ചി ജോയിന്റ് സെക്രട്ടറിയായയി സേവനം അനുഷ്ടിക്കുന്നു. ഭാര്യ: ഡോ. അശ്വതി വര്‍ഗീസ് പനമ്പള്ളി നഗറിലെ ഡിഡിആര്‍സിയില്‍ കണ്‍സള്‍ട്ടന്റാണ്. ഏഴ് വയസ്സുകാരന്‍ ആഷ്ലിനും നാല് വയസ്സുകാരന്‍ അബ്രാമുമാണ് മക്കള്‍.
ഫോട്ടോ: ലോക മെഡി. ഗെയിംസില്‍ ഇരട്ട സ്വര്‍ണ നേടിയ ഡോ. ആല്‍വിന്‍ ആന്റണി സഹ ജേതാക്കളോടൊപ്പം
(വാര്‍ത്തയ്ക്ക് കടപ്പാട്: കെ.എസ്. മധു, ചെറുതോണി-ഇടുക്കി, മനോരമ)
