ബാലി-രാവണവധം: വഴിവെച്ചത് സുഗ്രീവന്റേയും വിഭീഷണന്റേയും അധികാരമോഹം
കണ്ണന് മേലോത്ത്
ശീര്‍ഷകം ചിലരെ വിസ്മയിപ്പിച്ചേക്കാം. ഒരര്‍ത്ഥത്തില്‍ ദ്രാവിഡവര്‍ഗക്കാര്‍തന്നെ കടന്നുകയറ്റക്കാരായ ആര്യന്മാര്ക്ക് തങ്ങളുടെ ഇടങ്ങള്‍ വിട്ടുകൊടു ത്തുകൊണ്ട് സ്വന്തം ശവക്കുഴി തോണ്ടിയതായാണ് വാല്മീകിരാമായണത്തിന്റെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ബോധ്യമാവുക.
ആദ്യം നാം മനസ്സിലാക്കേണ്ട വസ്തുതയെന്തെന്നാല്‍, രാമനാല്‍ വധിക്കപ്പെട്ട ബാലിയും രാവണനും വ്യത്യസ്ത നരവംശങ്ങളില്‍ പെടുന്നവരല്ല എന്നുള്ളതാണ്. അവര്‍ രണ്ടുപേരും ഒരേ രക്തപാരമ്പര്യമുള്ള ദേശികരാണ്.
പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള ‘അന്നത്തെ കേരളം’ എന്ന കൃതിയില്‍, ‘രാമായണത്തിലെ ദ്രാവിഡകഥാപാത്രങ്ങളാണു കുരങ്ങന്മാരും രാക്ഷസന്മാരുമെന്നു വിശ്വസിക്കുവാന്‍ തെളിവുകളുണ്ട്. ആര്യന്മാരുടെ മുമ്പില്‍ ദ്രാവിഡന്മാര് വെറും കുരങ്ങന്മാരും രാക്ഷസന്മാരുമായിരുന്നു. തമിഴിലേയും തെലുങ്കിലേയും മലയാളത്തിലേയും ചില പ്രയോഗങ്ങള്‍ ഇതിനുതെളിവാണ്’. (അന്നത്തെ കേരളം). രാവണാദി രാക്ഷസരും സുഗ്രീവാദി വാനരന്മാരും ഒരേവര്‍ഗം തന്നെയെന്നര്‍ത്ഥം.
പള്ളത്തു രാമന്റെ ‘രാവണപുത്രന്‍’ നാടകത്തിന്റെ മൂന്നാം അങ്കത്തില്‍ ഇന്ദ്രജിത്തിനെ കാണാനായി കടന്നുവരുന്ന ഹനുമാന്, ‘ഇന്ദ്രജിത്തിനോട് എനിക്ക് പുത്രവാത്സല്യമാണുള്ളത്, ഞങ്ങള്‍ അകന്ന വര്ഗക്കാരല്ലല്ലൊ’ എന്ന് പറയുന്നിടത്ത് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ പ്രസ്താവനയുടെ സാക്ഷ്യപ്പെടുത്തലുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ ‘ബാലിവിജയം’ തുള്ളല്‍ക്കഥയില്‍ ബാലി-രാവണന്മാര് സഹോദരങ്ങളാണ്. അതായത് വാനരനായ ബാലിയും രാക്ഷസനായ രാവണനും ഒരേ വര്‍ഗമാണ് എന്നര്‍ത്ഥം.
ബാലി കിഷ്കിന്ധായും രാവണന് ലങ്കയും വാണിരുന്നു. ബാലിയുടെ അനുജനായ സുഗ്രീവനും രാവണന്റെ അനുജനായ വിഭീഷണനും ജ്യേഷ്ഠന്മാരുടെ ഉഗ്രപ്രതാപത്തില്‍ അസൂയ പെരുത്തിരുന്നു. രാജ്യാധികാരം കൈക്കലാക്കാന്‍ അവര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. അധികാരദുര്‍മോഹത്താല്‍ ജ്യേഷ്ഠന്മാരെ വധിക്കാന്‍പോലും അവര്‍ തയാറായിരുന്നു.
ഇനി കഥയിലേക്ക്/കാര്യത്തിലേക്ക് കടക്കാം- തന്റെ സഹോദരി ശൂര്പണഖയെ അപമാനിക്കുകയും അവള്‍ക്ക് അംഗഭംഗം വരുത്തുകയും ചെയ്തതിനുള്ള പ്രതികാരനടപടിയെന്നനിലയില് രാവണന് പഞ്ചവടിയിലെത്തി രാമപത്നി സീതയെ അപഹരിക്കുന്നു. സീതയെ വീണ്ടെടുക്കുന്നതിനുള്ള പോംവഴികള്‍ ആലോചിച്ചിരിക്കെ രാമലക്ഷ്മണന്മാര് സുഗ്രീവമന്ത്രിയായ ഹനുമാനെ കണ്ടുമുട്ടുന്നു. ബാലിയെ വധിച്ച് അവന്റെ സഹോദരനും തന്റെ സ്നേഹിതനുമായ സുഗ്രീവനെ കിഷ്കിന്ധായിലെ രാജാവായി വാഴിച്ചാല്‍ സീതയെ വീണ്ടെടുക്കുന്നതിന് സഹായിക്കാമെന്ന് ഹനുമാന് രാമന് വാക്കുകൊടുക്കുന്നു. അതനുസരിച്ച് രാമന് ചതിപ്രയോഗത്താല്‍ ബാലിയെ വധിക്കുന്നു. ഹനുമാന് രാമന് കടപ്പെട്ടവനാകുന്നു. കടപ്പാട് നിറവേറ്റാന്‍ ലങ്കയിലെത്തിയ ഹനുമാന് സീതയെ കണ്ടുമുട്ടുകയും, കോപം പെരുത്ത് പുരമാകെ എരിക്കുകയും വിഭീഷണനെ കണ്ട് യുദ്ധത്തിനുള്ള കോപ്പുകൂട്ടുകയും ചെയ്യുന്നു. തുടര്‍ന്ന് ലങ്കയിലെത്തുന്ന രാമന് ആദ്യം ചെയ്ത പ്രവൃത്തി വിഭീഷണനെ ലങ്കയിലെ രാജാവായി വാഴിച്ചു എന്നതാണ് -രാവണന് ഭരണാധി പനായിരിക്കുമ്പോള്ത്തന്നെ! (എത്രനല്ല മര്യാദ!). അനന്തരം ബാലിക്കുനേരെ ചെയ്ത അതേ ചതിപ്രയോഗത്തിലൂടെ രാവണനെ വധിച്ച് രാമന് സീതയെ വീണ്ടെടുക്കുന്നു.
പ്രശ്നങ്ങളുടെ തുടക്കം ശൂര്‍പ്പണഖയെ അപമാനിക്കുന്നിടത്താണ്. ഉത്തരവാദിത്വം രാമലക്ഷ്മണന്മാരിലും. അവര്‍ ആ നീചപ്രവൃത്തി ചെയ്തിരുന്നില്ലെങ്കില്‍ രാവണന് സീതയെ അപഹരിക്കില്ലായിരുന്നു. തുടര്‍ന്നുള്ള സുഗ്രീവസഖ്യവും ലങ്കാദഹനവും സംഭവിക്കില്ലായിരുന്നു.
സുഗ്രീവന്റേയും വിഭീഷണന്റേയും ദുര്‍മോഹം അവരവരുടെ ജ്യേഷ്ഠന്മാര്തന്നെ ശമിപ്പിച്ചേനെ. അതോടെ കാര്യങ്ങള്‍ അവസാനിക്കുമായിരുന്നു. ബാലിയോ രാവണനോ രാമന് യാതൊരു വിധത്തിലുമുള്ള അലോസരവും ഉണ്ടാക്കിയിട്ടില്ല. സുഗ്രീവന് തന്റെ സ്നേഹിതന് ഹനുമാന് മുഖേനയാണ് ജ്യേഷ്ഠനെ വധിക്കാന്‍ കൂട്ടുനിന്നതെങ്കില്‍ വിഭീഷണന് അത് നേരിട്ടാണ് ചെയ്തതെന്നു മാത്രം.
രാമനും ഹനുമാനും തമ്മിലുള്ള ബന്ധമാണ് ലോകത്തെ ഒരേയൊരു നിഷ്കാമകര്‍മം എന്നാണ് വി ടി ഭട്ടതിരിപ്പാട് അഭിപ്രായപ്പെടുന്നത്. രാമന് ഹനുമാനോട് കടപ്പാടുണ്ട്. തിരിച്ച് ഹനുമാന് രാമനോടും. കടപ്പാടിന്റെ അളവ് ഇരുവരിലും തുല്യമാണെങ്കിലും ഹനുമാന് രാമനിലാണ് ഭക്തി. എന്നാല്‍ രാമന് ഹനുമാനോട് ഭക്തി ഇല്ലതാനും! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? രാമന് യജമാനനാണ്; ഹനുമാന് ആശ്രിതനും. ആശ്രിതന് യജമാനന് എന്തൊക്കെ ചെയ്തുകൊടുത്താലും അയാള്‍ക്ക് അവനില്‍ ഭക്തിവേണ്ട! (വി ടിയുടെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍)
രാമന് ആര്യന്മാരുടെയും ഹനുമാന് ദ്രാവിഡരുടെയും പ്രതിനിധാനങ്ങളാണെന്ന് വി ടി പ്രസ്താവിക്കുന്നുണ്ട്. -അപ്പോള്‍ ആര്യന്മാര് യജമാനന്മാരും ദ്രാവിഡര്‍ അവരുടെ ആശ്രിതന്മാരുമാണെന്ന് വി ടി കരുതുന്നുണ്ടോ?
