സംഗീതം: മലയാളിയുടെ അറിവ് ദരിദ്രം
റെജി ശങ്കര്‍
വേടനെ അറസ്റ്റ് ചെയ്യുന്നതിനും
ഏതാനും ദിവസം മുമ്പ് എഴുതിയത്
കഴിഞ്ഞദിവസം വേടന്റെ ഒരു വീഡിയോയില്‍ ഒരാള്‍ നിഷ്കളങ്കമായി ചോദിച്ച ഒരു ചോദ്യം അതത്ര’ പ്രസക്തം’ ഒന്നുമില്ലെങ്കില്‍ പോലും വളരെ ‘പ്രസക്തമാണ്’. ഹരിമുരളീരവം പോലൊരു പാട്ടുപാടാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചോദിച്ച അദ്ദേഹത്തെ തെറ്റ് പറയാന്‍ കഴിയില്ല. കാരണം സംഗീതം എന്നാല്‍ അത്തരത്തിലുള്ള പാട്ടുകള്‍ ആണെന്ന് ധരിച്ചുവച്ചിരിക്കുന്ന അനേകായിരങ്ങളില്‍ ഒരാളാണ് ചോദ്യകര്‍ത്താവ്. സംഗീതത്തെ സംബന്ധിച്ച് മലയാളികളുടെ അറിവ് വളരെ ദരിദ്രമാണെന്ന് പറയുമ്പോള്‍ അഹങ്കാരി എന്ന് വിളിക്കരുത്. ബഹുഭൂരിപക്ഷം ആളുകള്‍ക്കും സിനിമാപ്പാട്ടിനപ്പുറം കുറച്ചൊക്കെ ഒരു ധാരണ ഉണ്ടാവുന്നത് ഇന്റര്‍നെറ്റ് വന്നതിനുശേഷം ഉണ്ടായ സോഷ്യല്‍ മീഡിയ വഴിയാണ്. സിനിമയ്ക്കു വെളിയില്‍ പാട്ടുകള്‍ ഉണ്ടാകുന്നുണ്ട് എന്ന് ചില ബോധ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഗീതത്തില്‍ അനേകം പിരിവുകളുണ്ടെന്നൂം അത് വ്യത്യസ്തങ്ങളാണെന്നും അതിന്റെ ആസ്വാദന നില എന്ന് പറയുന്നത് ഓരോരുത്തരുടെയും അറിവിന്റെ അളവില്‍ ആണെന്നും ഒക്കെയുള്ള ധാരണ മലയാളികള്‍ക്ക് വളരെ കുറവാണ്. അതുകൊണ്ടാണ് വേടന് പാടുമ്പോള്‍ അവര്‍ക്ക് അരോചകമായി തോന്നുന്നത്.
പിന്നെ മറ്റൊരു കാര്യം വേടന് പാടുന്ന വരികളുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികള്‍ ചരിത്രത്തില്‍നിന്നും സമകാലിക ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണ്. നൂറ്റാണ്ടുകളുടെ സഹനങ്ങളുടെയും വേദനയുടെയും ആകുലതയുടെയും പിടച്ചിലുകള്‍ അദ്ദേഹത്തിന്റെ പാട്ടുകളില്‍ ഉണ്ട്. കേള്വിക്കാരന് അനുഭൂതി നല്‍കുന്നതും സാന്ത്വനം നല്‍കുന്നതും മാത്രമല്ല സംഗീതം എന്ന് വേടന്റെ പാട്ടുകള്‍ തെളിയിക്കുന്നുണ്ട്. അത് കേള്‍ക്കുവാന്‍ തടിച്ചു കൂടുന്ന ആളുകള്‍ അവരുടെ ഹൃദയത്തില്‍ തീര്‍ച്ചയായും ഗതകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ കുത്തിനോവിക്കുന്നുണ്ടാവും. പീറ്റര്‍ തോഷിന്റെയും ബോബ് മാര്‍ലിയുടെയും പാട്ടുകള്‍ ട്രഞ്ച് ടൗണിന്റെ ഹൃദയത്തില്‍ വീണ തീപ്പന്തങ്ങള്‍ ആയിരുന്നു. വെയിലേഴ്സിന്റെ കുഞ്ഞുങ്ങളുടെ പാട്ടുകള്‍ ലോകമാസകലമുള്ള വിമോചനത്തിനായി തുടിക്കുന്ന ജനങ്ങളുടെ വികാരമായി അലയടിച്ചു. അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്. രസ്തഫാരിയന്‍ സംഗീതം ഒരു ജനതയെ അവരുടെ പ്രാചീനമായ അനുഭൂതികളെയും സ്വാതന്ത്ര്യത്തിന്റെ പ്രകാശത്തെയും സംഗീതത്തെയും എല്ലാം ഉണര്‍ത്തുകയായിരുന്നു. വേടന്റെ പാട്ടുകളും കൃത്യമായും ആ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വേടനെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാന്‍ നോക്കുന്നത്. എന്നാല്‍ ബോബ് മാര്‍ലി വെടിവെച്ചിട്ട ഷെരീഫിന്റെ നിലയിലേക്ക് അഭിജാത ഷെരീഫുകള്‍ നിപതിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെ വരികളില്‍ അഭിജാതരുടെ ചരിത്രമുണ്ട്. അത് പച്ചയായി ഇങ്ങനെ തിരിച്ചു പറയുമ്പോള്‍ വളരെ വികൃതമായി തോന്നൂം. നമ്മള് ചെയ്ത ഒരു തെറ്റ് വളരെ വ്യക്തമായി തിരിച്ചു പറഞ്ഞു മനസ്സിലാക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വലിയൊരു അസ്വസ്ഥത തന്നെയാണ് പൊതുസമൂഹം എന്ന് പറയുന്ന അല്ലെങ്കില്‍ മുഖ്യധാര എന്ന് പറയുന്ന വ്യാജ നിര്‍മ്മിതികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത്. രണ്ടാമത് പറഞ്ഞ കാര്യം മനസ്സിലായവരാണ് ഏറ്റവും വലിയ അപകടകാരികള്‍. അവര്‍ വളരെ പകയോടുകൂടിയാണ് വേടനെ കാണുന്നതും പ്രതികരിക്കുന്നതും.
ഇനി ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം. ഹരിമുരളീരവം പോലുള്ള പാട്ടുകള്‍ കേട്ടുറങ്ങിയ മലയാളിക്ക് പുരുഷമായ വരികള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അസ്വസ്ഥത ചെറുതല്ല. ഞാന്‍ ആദ്യം പറഞ്ഞതുപോലെ സംഗീതത്തിന്റെ വ്യത്യസ്ത വഴികളെക്കുറിച്ചും ഘടനയെക്കുറിച്ചുമൊന്നും അവര്‍ക്ക് വലിയ അറിവൊന്നുമില്ല. ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് എന്നീ രണ്ട് ദേശീയ സംഗീത വിഭാഗങ്ങളില്‍ അനേകം പിരിവുകളുണ്ട്. ചിട്ടപ്പെടുത്തലുകളുടെ വ്യത്യസ്തത കൊണ്ട് പല ഘടനകളിലേക്ക് മാറിനിന്നുകൊണ്ട് പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതം തന്നെ പല ഗായകരും അവരുടെതായ രീതി ശൈലികള്‍ കൊണ്ട് അതിനെ വ്യത്യസ്തമാക്കുന്നുണ്ട്(ഖരാന). അതില്‍ തന്നെ കവ്വാലി, ഗസല്‍, ക്ലാസിക്കല്‍, ലളിതഗാനം, സിനിമാ ഗാനം എന്നിങ്ങനെ അനേകം വ്യത്യസ്ത രൂപഭാവങ്ങള്‍ ഉണ്ട്. അവയ്ക്കെല്ലാം വ്യത്യസ്തമായ അനുഭൂതികളും നല്കാന് കഴിയുന്നുണ്ട്. ഒരേ രാഗത്തില്‍ തന്നെ ചിട്ടപ്പെടുത്തിയ ലളിതഗാനവും സിനിമാഗാനവും ഗസലും കവ്വാലിയും നാടന്‍പാട്ടും വെവ്വേറെയായി തന്നെ നമുക്ക് അനുഭവപ്പെടും. വെസ്റ്റേണ്‍ മ്യൂസിക്കില്‍ ആണെങ്കില്‍ പോപ്പ്, റാപ്പ്, റോക്ക്, മെറ്റല്‍ റോക്ക്, ക്ലാസിക് അങ്ങനെ ഇനിയും ഒട്ടേറെ വിഭാഗങ്ങളുണ്ട് അതുമാത്രമല്ല മധ്യകാല, നവോത്ഥാനം, ബറോക്ക്, ക്ലാസിക്കല്‍, റൊമാന്റിക്, മോഡേണ്‍ ഇങ്ങനെ കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയും വിഭജിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രസ്തഫാരിയന്‍ സംഗീതം എന്ന പ്രതിരോധത്തിന്റെ പാട്ടുകള്‍ ഉണ്ട്. ഇങ്ങനെ ഇന്ത്യന്‍ സംഗീതവും ലോക സംഗീതവും അനേകമനേകം പിരിവുകളായി നിലനില്‍ക്കുമ്പോഴും യേശുദാസിന്റെ പാട്ട് മാത്രം കേട്ട് ശീലിച്ചവര്‍ക്ക് വേടന് പാടുന്ന പാട്ടും അതിന്റെ വരികളുടെ മൂര്‍ച്ചയും മനസ്സിലാകണമെന്നില്ല.
ഇന്ത്യയില്‍ ഏറ്റവും അഭിജാതരാണെന്ന് സ്വയം കരുതുന്ന ആളുകള്‍ മലയാളികളാണ്. വിദ്യാഭ്യാസ നിലവാരം മറ്റുള്ള സ്ഥലങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണെങ്കിലും മലയാളിയുടെ സാമൂഹ്യബോധം വളരെ പിന്നിലാണ്. വേടന്റെ സംഗീത ആലാപന രീതികള്‍ ഇഷ്ടമല്ലെങ്കില്‍ അതിനെ അവഗണിക്കുക. അല്ലാതെ അയാളുടെ നിറം കണ്ടു അയാളുടെ രൂപം കണ്ട് വംശീയ ആക്ഷേപം നടത്തുന്ന രീതി തന്തയ്ക്ക് പിറക്കാഴികയാണെന്ന് പറയുമ്പോള്‍ അത് മോശം ഭാഷയാണെന്ന് വിചാരിക്കരുത്. അതില്‍ കുറഞ്ഞൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. അതുകൊണ്ടാണ് അങ്ങനെ പറയേണ്ടി വരുന്നത്.
ഇനി പാട്ട് പാട്ടിനു പോകട്ടെ. മറ്റൊരു കാര്യം പറയാം വേടനെ വംശീയമായി അധിക്ഷേപിക്കുന്നവരുടെ കുലമഹിമയും കുലത്തിന്റെ സംസ്കാരവും എന്താണെന്ന് കൂടി ചരിത്രം അറിയാവുന്നവര്‍ പരിശോധിക്കും. കേരളത്തില്‍ ഇന്ന് അഭിജാതരായി കുട പിടിച്ചുനില്‍ക്കുന്നവര്‍ക്ക് ആധുനിക സഭ്യതയുമായി മുഖാമുഖം നില്ക്കുമ്പോള് എന്തുവില ലഭിക്കും എന്നുള്ളത് പരിശോധിക്കണം. ഒരു പത്തറുപത് വര്‍ഷം മുമ്പ് വരെ സ്വന്തം പിതാവ് ആരാണെന്ന് മാതാവിനു പോലും തെളിയിക്കാന്‍ പറ്റാത്ത കണ്ഫ്യൂഷന് ഇന്ന് ആലോചിക്കുമ്പോള്‍ ഒരു തമാശയായിരിക്കും. പക്ഷേ ബ്രാഹ്മണരുടെ വ്യഭിചാര കോളനിയായി ദീര്‍ഘകാലം നിലനിന്ന സ്ഥലത്തു നിന്നുകൊണ്ട് വേടനേയും അദ്ദേഹത്തിന്റെ വംശത്തെയും ‘കോളനി വാണം’ എന്ന് വിളിക്കുമ്പോള്‍ നിങ്ങളെ ‘ലൈംഗിക കോളനി ഗുണ്ടുകള്‍’ എന്നാരെങ്കിലും തിരിച്ചു വിളിച്ചാല്‍ ആ ഒറ്റ വിളിയില്‍ ചരിത്രം ഇങ്ങനെ തുടിച്ചു തുടിച്ചു നില്ക്കുന്നുണ്ടാവും. കേരളം എന്ന പേരിനും തെങ്ങിനും (കേര വൃക്ഷം) ബന്ധമുണ്ട്. ചൂട്ടുകറ്റ ഉണ്ടാക്കിയത് കേര വൃക്ഷത്തിന്റെ ഇല കൊണ്ടാണ്. കേര വൃക്ഷം വളരുന്ന നാട് ഉണ്ടാക്കിയത് പരശുരാമനാണ്. പരശുരാമന് ബ്രാഹ്മണനാണ്. അതുകൊണ്ടാണ് തെങ്ങിന് ബ്രാഹ്മണ്യം ഉണ്ടാകുന്നത്. ബ്രാഹ്മണ്യം ഉള്ള തെങ്ങിന്റെ ഇല കൊണ്ട് ഉണ്ടാക്കിയ ചൂട്ടുകറ്റ പവിത്രമാണ്. അങ്ങനെയാണ് ലൈംഗിക കോളനികള്‍ പവിത്രവും അഭിജാതവും ഉന്നതവുമായത്. അതുകൊണ്ട് കോളനി ഗുണ്ടുകളും പവിത്രവുമാണ്.
റാപ്പ് എന്ന സംഗീത വിഭാഗത്തെക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാത്ത വിവരം കെട്ട അഭിജാത അശ്ലീലങ്ങളാണ് കോളനി വാണം എന്നു പറഞ്ഞു തെറി വിളിക്കുന്നത്. ജാതി മഹിമയല്ലാതെ അഞ്ചു പൈസയുടെ വിവരം ഇല്ലാത്ത ഇത്തരം തെമ്മാടികളെ കൃത്യമായി സാംസ്കാരികമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിന് ബഹിരാകാശത്ത് പോയിട്ട് വരേണ്ട കാര്യമില്ല. അവരുടെ സ്വന്തം ചരിത്രം തിരിച്ചു പറഞ്ഞു കൊടുത്താല്‍ മതി. വേടന്റെ പാട്ടുകള്കായി ജാതിമതങ്ങള്‍ക്കതീതമായി പുതിയ തലമുറ കാത്തു നില്ക്കുമ്പോള് പ്രതീക്ഷയുണ്ട്. ലോകം അത്രകണ്ട് അഭിശപ്തമായിട്ടില്ല. മുക്രയിടുന്നതും കുത്താന്‍ വരുന്നതും മൂത്തു മുരടിച്ചു പോയ തറവാട്ട് വൈറസുകളാണ്.
