പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്റെ ദേഹവിയോഗ വാര്‍ഷികദിനാചരണം
ഇരവിപേരൂര്‍: പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃത്വത്തില്‍ അടിമവംശത്തിന്റേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും രക്ഷകനും ദൈവവുമായ പൊയ്കയില്‍ ശ്രീകുമാരഗുരുദേവ ദേഹവിയോഗത്തിന്റെ 86-ാമത് വാര്‍ഷിക ദിനാചരണവും ഉപവാസ ധ്യാനയോഗവും ജൂണ്‍ 15 മുതല്‍ 29 വരെ നടത്തും. ദിനാചരണത്തിനു മുന്നോടിയായി ശാഖകളില്‍ ഇന്നുമുതല്‍ ജൂണ്‍ 27 വരെ വൈകീട്ട് ഉപവാസ ധ്യാനയോഗങ്ങള്‍ നടക്കും. തുടര്‍ന്ന് 28ന് ശാഖകളില്‍നിന്ന് വിശ്വാസികള്‍ ഇരവിപേരൂരിലേക്ക് പദയാത്രയായി എത്തിച്ചേരും. വൈകീട്ട് 6ന് പൊയ്കതീര്‍ത്ഥാടന പദയാത്രികര്‍ക്ക് ഇരവിപേരൂര്‍ ജങ്്ഷനില്‍ സ്വീകരണം നല്‍കും. 29ന് രാവിലെ 5.30 ന് വിശുദ്ധകുടിലില്‍ പ്രത്യേക പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധമണ്ഡപത്തില്‍ ആത്മീയ യോഗവും നടക്കും. 6.30ന് വിശുദ്ധ സന്നിധാനങ്ങളില്‍ ദീപാരാധന, 7.30ന് ആചാര്യകലാക്ഷേത്രത്തിന്റെ ഉപവാസഗീതങ്ങള്‍ ആലാപനം, 8.30ന് വിശുദ്ധമണ്ഡപത്തില്‍ ആത്മീയയോഗം എന്നിവയുണ്ടാകും. പി.ആര്‍. ഡി.എസ്. പ്രസിഡന്റ് വൈ.സദാശിവന്‍, ഗുരുകുല ശ്രേഷ്ഠന്‍ എം. ഭാസ്‌കരന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 11.30ന് നേര്‍ച്ചവഴിപാട് സ്വീകരണം, വൈകിട്ട് 6.30 ന് വിശുദ്ധ സന്നിധാനങ്ങളില്‍ ദീപാരാധന എന്നിവയുമുണ്ടാകും.
