രാമായണകാലത്തെ മദ്യം, മാംസാഹാരം, മദിരാക്ഷി
കണ്ണന്‍ മേലോത്ത്
റാപ്പര്‍ വേടന്‍ കഞ്ചാവ് കൈവശംവെച്ച സംഭവത്തെയും, ‘രാമനെ അറിയില്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെയും മുന്‍നിര്‍ത്തി കൊലവിളിച്ചലറുന്ന സംഘപരിവാറുകാരും ഹിന്ദു മതമേലധ്യക്ഷന്മാരും അറിയുക, നിങ്ങള്‍ കരുതുന്ന മര്യാദാപുരുഷോത്തമന്‍ രാമന്റെ കാലത്ത് മദ്യശാലകളും കൂത്താട്ടവും സജീവമായിരുന്നു! ഈ രാമായണസംസ്‌കാരത്തെയാണോ തിരികെ കൊണ്ടുവരേണ്ടത്? ഈ രാമനെയാണോ വേടന്‍ അറിയേണ്ടത്? പറയുക.
ഐ സി ചാക്കോയുടെ ‘വാല്മീകിയുടെ ലോകത്തില്‍’ എന്ന കൃതിയിലൂടെ ഒരു വായനാസഞ്ചാരം-1936 മുതല്‍ക്ക് ഐ. സി. ചാക്കോ രാമായണപഠനത്തില്‍ വ്യാപൃതനായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 1954-ലാണ് ‘വാല്‍മീകിയുടെ ലോകത്തില്‍’ എന്ന അദ്ദേഹത്തിന്റെ പഠനം ഗ്രന്ഥരൂപത്തില്‍ പുറത്തുവരുന്നത്. രാമായണ കഥപാത്രങ്ങളിലൂടെ അതിന്റെ രചയിതാവായ വാല്‍മീകിയെ വിലയിരുത്താന്‍ ശ്രമിക്കുകയാണ് ഐ. സി. ചാക്കോ തന്റെ ഗ്രന്ഥത്തിലൂടെ. രാമലക്ഷ്ണണന്മാര്‍ ചിത്രകൂടത്തില്‍വെച്ച് ഭരതന്റെ വരവുകാണുന്ന സന്ദര്‍ഭവിവരണത്തില്‍നിന്ന് അക്കാലത്തെ മാംസാഹാരശീലത്തെക്കുറിച്ചുള്ള അറിവ് ലഭ്യമാകുന്നു.
‘ഒരു ദിവസം ശ്രീരാമന്‍ സീതാലക്ഷ്ണന്മാരെ അടുത്തുള്ള മന്ദാകിനീനദി കാണിക്കുവാന്‍ കൊണ്ടുപോയി. നദി സന്ദര്‍ശിക്കുവാന്‍ പോയ പോക്കില്‍ രാമന്‍ കുറേ പക്ഷികളേയും മൃഗങ്ങളേയും എയ്തുപിടിച്ചു. തിരിച്ചുവന്ന് ഇവയുടെ മാംസങ്ങള്‍ പാകംചെയ്ത് അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഓരോ മാംസത്തിന്റേയും ഗുണങ്ങള്‍ ശ്രീരാമന്‍ സീതയെ പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട്.
‘ഇദം മധ്യേ, മിദം സ്വാദു, നിഷ്ടപ്തമിദമഗ്‌നിനാ
ഏവമാസ്തേ സ ധര്‍മാത്മാ സീതയാ സഹ രാഘവഃ’
‘ഈയിറച്ചി മേധ്യമാണ്; ഇതു നല്ല സ്വാദുള്ളതാണ്; ഇതു നല്ലവണ്ണം വെന്തിരിക്കുന്നു. ഇങ്ങനെയെല്ലാം പറഞ്ഞു രാമന്‍ സീതയെ പ്രോത്സാഹിപ്പിക്കുന്നു’. (വാല്‍മീകിയുടെ ലോകത്തില്‍, പേജ് 50)
ഇന്നത്തെക്കാലത്ത് നിലവിലുള്ള മദ്യശാലകളില്‍ അരങ്ങേറുന്ന നിശാനൃത്തപരിപാടികളില്‍ നടക്കുന്നതുപോലുള്ള ആഘോഷങ്ങള്‍ അന്ന് കൊട്ടാരങ്ങളില്‍ സര്‍വസാധാരണമായിരുന്നു. മദ്യവും മാംസവും മദിരാക്ഷിമാരും ചേര്‍ന്ന് വിരുന്നൊരുക്കുന്ന പരിപാടിയാണത്. കേകയത്തില്‍നിന്നും തിരിച്ചെത്തിയ വേളയില്‍ ഭരതന് അത്തരമൊരു വിരുന്നുസല്‍ക്കാരം ലഭിക്കുകയുണ്ടായി. ഭരതനെ സേവിക്കാന്‍ ഒത്തുകൂടിയ നാരദന്‍, തംബുരു, ഗോപന്‍ തുടങ്ങിയ ഗന്ധര്‍വരാജാക്കന്മാര്‍, ഭരതന്റെ മുമ്പില്‍ പാടുകയും അലംബൂഷ, മിശ്രകേശി, പുണ്ഡരീക, വാമന എന്നിവര്‍ ആടുകയും ചെയ്തു. ബ്രഹ്‌മാവും മറ്റും അയച്ച പെണ്ണുങ്ങളില്‍ ഏഴും എട്ടും പേര്‍ ചേര്‍ന്ന് ഓരോ പുരുഷനേയും എണ്ണതേപ്പിച്ചു കുളിപ്പിക്കുകയും ചെയ്തിരുന്നു. ഭരദ്വാജനാണ് ‘പാര്‍ട്ടി അറേഞ്ച്’ ചെയ്തത്. ഐ സി ചാക്കോ രാമായണത്തില്‍നിന്നും ആ സംഭവം ഉദ്ധരിക്കുന്നു;
‘പെണ്ണുങ്ങള്‍ പുരുഷന്മാരെ കുളിപ്പിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് സര്‍വസാധാരണമായ ഒരു ക്ഷണമുണ്ടായിരുന്നു.
‘സുരാം സുരാപാഃ പിബത പായസം ച ബുഭുക്ഷിതാഃ
മാംസാനി ച സുമേധ്യാനി ഭക്ഷ്യന്താം യോ യദിച്ഛതി’
കള്ളു വേണ്ടവര്‍ കള്ളു കുടിക്കാം. വിശപ്പുള്ളവര്‍ പായസവും കുടിക്കാം. നല്ല ശുദ്ധമായ ഇറച്ചികളുമുണ്ട്. ഈ മാംസങ്ങളും ഭക്ഷിക്കാം. ഓരോരുത്തനും എന്തെല്ലാം ഇഷ്ടമുണ്ടോ അതൊക്കെ കുടിക്കുകയോ തിന്നുകയോ ആകാം.
കുളിക്കുന്നതിനുമുമ്പ് ഇതെല്ലാം കഴിക്കുന്നതിനെക്കുറിച്ച് ആയുര്‍വേദ വൈദ്യന്മാരുടെ അഭിപ്രായമെന്തുതന്നെ ആയിരുന്നാലും പെണ്ണുങ്ങള്‍ കുളിക്കുമ്പോള്‍ കള്ളു മുതലായതു കഴിച്ചിരിക്കുന്നതുകൊണ്ടു കുറേ ഗുണമുണ്ടായിരിക്കാം.
മേല്‍വിവരിക്കപ്പെട്ടിരിക്കുന്ന ഭക്ഷ്യപേയങ്ങള്‍ കൂടാതെ മറ്റു പലവിധം ഭോജ്യപദാര്‍ത്ഥങ്ങളും ഇവിടെ ശേഖരിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പ്രധാനമായിട്ടുള്ളതു കള്ളും പായസവും പലവിധം ഇറച്ചികളുമായിരുന്നു.
കള്ളു നമ്മുടെ തെങ്ങിന്‍ കള്ളോ പനങ്കള്ളോ ആയിരുന്നുവെന്നു തോന്നുന്നില്ല.
‘വാപ്യോ മൈരേയപൂര്‍ണാഞ്ച മൃഷ്ടമാംസചയൈര്‍വൃതാഃ
പ്രാപ്തവൈപഠരൈഞ്ചാപി മാര്‍ഗമായൂരകൗക്കുടൈഃ’
എന്നാണു കാണുന്നത്. മൈരേയംകൊണ്ടു നിറച്ച കുളങ്ങളാണ് അവിടെയുണ്ടായിരുന്നത്. വടക്കേ ഇന്ത്യയില്‍ ‘മൗവാ’ എന്നോ മറ്റോ പേരുള്ള ഒരു വൃക്ഷത്തിന്റെ പൂക്കളില്‍നിന്ന് ഒരു തരം മദ്യമുണ്ടാക്കാറുണ്ട്. അതായിരിക്കാം മൈരേയമെന്നു തോന്നുന്നു. ഈ മദ്യക്കുളങ്ങളുടെ ചുറ്റും പലതരം മാംസങ്ങള്‍ പലതരത്തില്‍ പാകം ചെയ്തു വെച്ചിരുന്നു. ഇറച്ചികള്‍ മൃഗങ്ങളുടേയും (മാര്‍ഗ്ഗം) മയിലിന്റേതും (മയൂരം) കോഴിയുടേയും (കൗക്കുടം) ആയിരുന്നു. മാര്‍ഗ്ഗമെന്നു പറഞ്ഞിരിക്കുന്നതു വെറും മാനിറച്ചിയെ മാത്രമുദ്ദേശിച്ചല്ലെന്നു തോന്നുന്നു.
മദ്യം കോരിക്കുടിക്കുന്നതിനും ഇറച്ചിയെടുത്തു തിന്നുന്നതിനും വേണ്ട പാത്രങ്ങളും കുളങ്ങളുടെ ചുറ്റുമുണ്ടായിരുന്നു. ചില റ്റീപ്പാര്‍ട്ടികള്‍ക്കു കുറേ വിസ്‌കിക്കുപ്പികളും ബിസ്‌കറ്റും മറ്റും ഒരു കോണില്‍ വെച്ചിരിക്കുന്നതു നാം കാണാറുണ്ടല്ലോ. ആവശ്യമുള്ളവര്‍ക്കിഷ്ടംപോലെ അതൊക്കെ അനുഭവിക്കാം. ഭരദ്വാജന്റെ സല്‍ക്കാരത്തിന്റെ ഒരു ചെറിയ അനുകരണമായിരിക്കാമിത്’ (വാല്‍മീകിയുടെ ലോകത്തില്‍. പേജ് 47, 48).
മാംസാഹാരത്തേയും മദ്യപാനത്തേയും കുറിച്ചുള്ള അറിവ് ലഭിക്കുന്നത്, സീതാന്വേഷണത്തിനായി ഹനുമാന്‍ ലങ്ക ലക്ഷ്യമാക്കി ഭൂമിയില്‍ നിന്ന് കുതിക്കുന്ന സന്ദര്‍ഭത്തിന്റെ വര്‍ണനയില്‍നിന്നുമാണ്. ഹനുമാന്റെ പദമൂന്നലില്‍നിന്നുണ്ടായ ആഘാതത്തില്‍ ഭൂമികുലുങ്ങി, വൃക്ഷങ്ങളും പക്ഷിമൃഗാദികളും തപസ്വികളും വിനോദത്തിലേര്‍പ്പെട്ടിരുന്ന സ്ത്രീപുരുഷന്മാരും ആകാശത്തേക്ക് ചിതറിത്തെറിക്കുകയുണ്ടായി.
‘വിദ്യാധരന്മാരും അവരുടെ സ്ത്രീഗണങ്ങളും ആ പര്‍വതത്തില്‍ എന്തുചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നു നോക്കാം:
‘പാനഭൂമിഗതം ഹിത്വാ ഹൈമമാസനഭാജനം
പാത്രാണി ച മഹാര്‍ഹാണി കരകാംശ്ച ഹിരണ്മയാന്‍
ലോഹ്യാനുച്ചാവചാന്‍ ഭക്ഷ്യാന്‍ മാംസാനി വിവിധാനി ച
ആര്‍ഷഭാണി ച ചര്‍മാണി ഖഡ്ഗാംശ്ച കനകത്സരുന്‍’
ഇതെല്ലാം ഇട്ടുംവെച്ചാണ് അവര്‍ ആകാശത്തേക്കു ചാടിയത്. അവര്‍ അവിടെ ഒരു ‘പിക്നിക്കു’ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കള്ളുവാടികളിലോ ഇവയെക്കാള്‍ വിശേഷമായ പാനഭൂമികളിലോ ആണ് അവര്‍ ഇരുന്നിരുന്നത്. ഹനുമാന്റെ ശ്വാസംപിടുത്തത്തിന്റെ ഫലം അനുഭവഗോചരമായപ്പോള്‍ ഇതൊന്നും പെറുക്കിയെടുക്കുന്നതിനു നില്‍ക്കാന്‍ അവര്‍ക്കു ധൈര്യമില്ലായിരുന്നു. സ്വര്‍ണാസനങ്ങള്‍, സ്വര്‍ണഭാജനങ്ങള്‍, മഹാര്‍ഹങ്ങളായ മറ്റു പാത്രങ്ങള്‍, സ്വര്‍ണകരകങ്ങള്‍, സ്വര്‍ണപ്പിടിയുള്ള വാളുകള്‍ ഇങ്ങനെ വിലപിടിച്ച പല സാധനങ്ങളും ഉപേക്ഷിച്ചുവെച്ചാണ് അവര്‍ പ്രാണനുംകൊണ്ട് ചാടിയത്. അത്ര വലിയ ഭയം അവരെ ആക്രമിച്ചു.
അവര്‍ കൈവിട്ട വസ്തുക്കളുടെ കൂട്ടത്തില്‍ ലേഹ്യങ്ങളും ഭക്ഷ്യങ്ങളും മാംസങ്ങളും കാളത്തോല്‍കൊണ്ടുള്ള പരിചകളുമുണ്ടായിരുന്നു’ (വാല്‍മീകിയുടെ ലോകത്തില്‍. പേജ് 69)
