ഡി എന്‍ എയും വേടനും പിന്നെ വിമര്‍ശകരും
റെജി ശങ്കര്‍
ഡിഎന്‍എ സംബന്ധിച്ച കാര്യം വിവാദമാക്കി, വേടനെ അതുപയോഗിച്ച് ഒന്ന് ചവിട്ടിത്താഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു തെറ്റുണ്ടാകുമ്പോള്‍ ചെയ്യുന്ന പ്രതിഷേധം എന്ന നിലയിലല്ല അതിനെ ഞാന്‍ മനസ്സിലാക്കിയത്; അത് ചില പ്രതികാര ബുദ്ധികളുടെ, കിട്ടിയ അവസരം ഉപയോഗിക്കല്‍ മാത്രമാണ്.
വേടന് ഡിഎന്‍എ എന്നു പറഞ്ഞത്, അതിന്റെ ശാസ്ത്രീയമായ നിര്ദ്ധാരണമായിട്ടൊന്നുമല്ല. അദ്ദേഹം ഒരു ശാസ്ത്രജ്ഞനല്ല; ജനിതക ശാസ്ത്രത്തെ സംബന്ധിച്ച് വലിയ അറിവുള്ള ആളുമല്ല. ആ സംഭാഷണം കേട്ട ആര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നാടന്‍ഭാഷയില്‍, പുരോഗമിക്കാത്ത ദളിത് കോളനികളിലെ മനുഷ്യരുടെ അല്ലെങ്കില്‍ കുട്ടികളുടെ മാനസിക നിലയെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഹിരണ്‍ ദാസ് ചെയ്യുന്നത്. താന്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തുണ്ടായ ഒരനുഭവം നാടന്‍ ഭാഷയില്‍ പറയുകയാണദ്ദേഹം. കണ്ണൂരില്‍, പയ്യന്നൂര്‍ സൈഡിലൊക്കെ ഒരു കാര്യം പറഞ്ഞിട്ട്, അതിന്റെ മലയാളം ഇതാണ് എന്ന് പറഞ്ഞാല്‍, അതിന്റെ പൊരുള്‍ ഇതാണെന്നേ അര്‍ത്ഥമുള്ളു. അത് മനസ്സിലാക്കാതെ, ആ പറഞ്ഞതിന് പ്രത്യേക മലയാളമുണ്ടോ എന്ന് ചോദിച്ചാല്‍ കുഴങ്ങിപ്പോകും.
ഞാനൊക്കെ പഠിക്കുന്ന കാലഘട്ടത്തില്‍ പഠന കാര്യത്തില്‍ ദലിത് കുട്ടികള്‍ വളരെ പിന്നോക്കം എന്നു പറഞ്ഞാല്‍ ദരിദ്രം തന്നെയായിരുന്നു. ദലിതര്‍ക്ക് ബുദ്ധിയില്ല എന്നൊരു ചൊല്ലും വിശ്വാസവും ഇതര ജാതികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ജനിതകം എന്നൊരു വാക്ക് അന്ന് പ്രചാരത്തിലുണ്ടായിരുന്നില്ല.
അധ്യാപകര്‍ പഠിക്കാത്തവര്‍ എന്ന നിലയിലും, ജാതി ചൂണ്ടിക്കാണിച്ചും അവരെ അപമാനിക്കുമായിരുന്നു. അങ്ങനെ അപമാനിതരായി പഠനം നിര്‍ത്തിയ ഒത്തിരി കുട്ടികളുണ്ട്. അവര്‍ക്ക് പഠിക്കാന്‍ കഴിയാതെ പോയത് അവരുടെ ജീനുകളില്‍ അതിനുള്ള കഴിവില്ലാഞ്ഞതുകൊണ്ടല്ല; സാഹചര്യങ്ങളാണ് അവരെ അന്തര്‍മുഖരും പഠിക്കാന്‍ കഴിയാത്തവരുമാക്കിത്തീര്ത്തത്. അന്നുമിന്നും ദാരിദ്ര്യം നിറഞ്ഞ ദളിത് മേഖലയിലെ അനുഭവങ്ങള്‍ അല്ലെങ്കില്‍ മാനസിക വിക്ഷോഭങ്ങള്‍, സമ്പന്നരല്ലാത്ത ഇതര ജാതിക്കാര്‍ക്കുപോലും സങ്കല്‍പ്പിക്കാനാവാത്ത സംഗതികളാണ്. ഇന്നും ഓരോരുത്തരും എത്ര വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്! അവര്‍ക്ക് എങ്ങനെയാണ് തങ്ങളുടെ ജീവിതനിലവാരവുമായി സന്തുലിതമല്ലാത്ത ഈ സമൂഹത്തില്‍ അഭിമാനത്തോടെയും അന്തസ്സോടെയും ഇറങ്ങിച്ചെന്ന്, ശാന്തമായ മാനസിക നിലയോടെ പഠിക്കാന്‍ കഴിയുന്നത്? ആ കുട്ടികളൊക്കെ തോറ്റുപോകുന്നത് ബുദ്ധിയില്ലാത്തതുകൊണ്ടല്ല; സാമൂഹ്യനീതി അവരെ അവഗണിച്ച് അവരുടെ ബുദ്ധി മരവിപ്പിച്ചതുകൊണ്ടാണ്. അത്തരമൊരവസ്ഥയെയാണ്, വേടന് നാടന്‍ രീതിയില്‍ പഠിക്കാനുള്ള ത്വര അവരുടെ ജീനുകളിലില്ല എന്നു പറഞ്ഞത്.
സമ്പന്നരുടെ മക്കള്‍ക്ക് മാനസികസംഘര്‍ഷങ്ങളില്ലാതെ പഠിക്കാന്‍ കഴിഞ്ഞ സാഹചര്യങ്ങളൊന്നുമല്ല ദലിത് മേഖലയില്‍ ഉണ്ടായിരുന്നത്. എങ്കിലും ചിലര്‍ ഇതിനെയൊക്കെ അതിജീവിച്ചിട്ടുണ്ട്. അതുപക്ഷേ, ഒരു മാനദണ്ഡമായി കണക്കാക്കാന്‍ കഴിയില്ല. പത്രപ്രവര്ത്തകന് ഷാജി കുട്ടപ്പന് ഒരു ലിസ്റ്റ് നിരത്തിയിരുന്നു. അതിലുള്ള ഓരോരുത്തരെയും പരിശോധിച്ചാല്‍ അക്കാലത്ത് സാധാരണ ദളിതര്‍ക്കിടയില്‍ നിന്നും കുറച്ചൊക്കെ വ്യത്യസ്തമായ ജീവിത സാഹചര്യമുണ്ടായിരുന്നവരാണ് അവരൊക്കെ എന്ന് മനസ്സിലാകും. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, അന്ന് പഠിക്കാന്‍ കഴിവില്ലെന്ന് കുറ്റപ്പെടുത്തിയ കാരണത്താല്‍ സ്കൂളുപേക്ഷിച്ചു പോയ ആളുകളുടെ മക്കള്‍ മികച്ച നിലയില്‍ പഠിച്ച് നല്ല ഉദ്യോഗങ്ങളില്‍ പ്രവേശിച്ച ചരിത്രം പിന്നീടുണ്ടായി എന്നതാണ് . എന്റെ ഗ്രാമത്തില്‍ ഞങ്ങളുടെ ചേട്ടന്മാര് തുടങ്ങിവച്ച ട്യൂഷന് സെന്റര്‍ ഞങ്ങള്‍ തുടര്‍ന്നു ; അതിനുശേഷം ഞങ്ങളുടെ അനിയന്മാര് തുടര്‍ന്നു . മുന്നൂറോളം കുട്ടികള്‍ വരെ ഞങ്ങളുടെ ട്യൂഷന് സെന്ററില്‍ പഠിച്ചു- ആരോടും ഒരു പൈസ പോലും വാങ്ങിയില്ല. തളര്‍ന്നു നിലംപൊത്തിയ ഒരു സമൂഹത്തെ അങ്ങനെയാണ് ഞങ്ങള്‍ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത്. മണ്ണെണ്ണയും മെഴുകുതിരിയും വാങ്ങിയ ചെലവല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് വഹിക്കേണ്ടി വന്നില്ല . ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ ഓരോ മണിക്കൂര്‍ പൊതുവിജ്ഞാനം പഠിപ്പിച്ചു. അതുകൊണ്ട് പി എസ് സി പരീക്ഷയെഴുതിയ ആരും പരാജയപ്പെട്ടില്ല. അന്ന് ഞങ്ങള്‍ നടത്തിയ ആ പരിശ്രമത്തിലൂടെ ആ നാട്ടില്‍, ഓരോ കുടുംബത്തിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അല്ലെങ്കില്‍ നല്ല നിലയിലുള്ള ജോലി ലഭിച്ച ആള് ഉണ്ടായി.
പിന്നെ, ചരിത്രത്തിലേക്ക് ഒന്നു നോക്കുമ്പോള്‍ കാണുന്ന, ഇവിടത്തെ അഭിജാതരുടെ കഥ വലിയ തമാശയാണ്. ഐ സി എസ് പോലുള്ള പരീക്ഷ ബ്രാഹ്മണര്‍ പാസായത് അവര്‍ നൂറില്‍ 25 മാര്‍ക്ക് വാങ്ങിയാല്‍ മതി എന്ന് ഇംഗ്ലീഷുകാര്‍ തീരുമാനിച്ചതു കൊണ്ടാണ്. ചരിത്രം വെറും നോക്കുകുത്തിയല്ല; അത് സത്യം വിളിച്ചു പറയുന്ന ഒരു പ്രവാചകന് കൂടിയാണ്. പട്ടരില്‍ പൊട്ടനില്ല എന്നൊരു ചൊല്ലുണ്ട്. അതൊക്കെയൊരു സാമാന്യവല്‍ക്കരണമാണ്. നൂറുകണക്കിന് പൊട്ടന്മാര് അവര്‍ക്കിടയിലുണ്ട്. അതുപോലെത്തന്നെയാണ് ബ്രാഹ്മണര്‍ ജ്ഞാനികളാണ് എന്നുള്ള സങ്കല്‍പ്പവും. ഒരു വിവരവുമില്ലാത്ത ആയിരക്കണക്കിന് ബ്രാഹ്മണരുണ്ട്. സാമാന്യ ഭാഷയില്‍ ഇങ്ങനെയൊക്കെ പറയുന്നത് ചില കാര്യങ്ങളെ സ്ഥൂലമായി ചിത്രീകരിക്കാനാണ്. ഇത് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യവുമാണ്. വേടന് അത് പറഞ്ഞു എന്ന കാരണം കൊണ്ട്, ഇതുവരെയുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ റദ്ദു ചെയ്യാനുള്ള ആയുധമായി ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ചില ദലിതരും വെളിയിലുള്ള മറ്റുചിലരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഒരു കാര്യം മനസ്സിലാക്കണം : ഭാഷ കോണ്‍ക്രീറ്റ് മിശ്രിതവും വാക്കുകള്‍ കല്ലുകളുമല്ല. അടിസ്ഥാനപരമായി ഒന്നിനെ വാക്ക് പ്രതിനിധീകരിക്കുമ്പോഴും, സാന്ദര്‍ഭികമായി അത് മറ്റു ചിലതായും വര്‍ധിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നവര്‍ക്ക് മണ്ടത്തരത്തിലേക്ക് തെന്നി വീഴാതെ രക്ഷപ്പെടാനാവും .
‘കാര്ന്നോന്മാരുടെ പൊട്ടത്തരം’ എന്ന് വേടന് ഇടയ്ക്കിടെ പറയാറുണ്ടെന്നു കരുതി കാരണവന്മാര് മുഴുവന്‍ പൊട്ടന്മാര് ആണെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ അവരായിരിക്കും ഇന്റര്‍നാഷണല്‍ പൊട്ടന്മാര്. അവസാനമായി പറയാനുള്ളത്, ഷവര്‍മ്മ കഴിച്ചാല്‍ ഹിന്ദുക്കള്‍ ചത്തുപോകും എന്ന് കേസരി മധു പറഞ്ഞത് സത്യമാണെങ്കില്‍, ഈ വേടവിമര്ശകരുടെ വാദങ്ങളും സത്യമാണ്!
