Kerala News

പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിന്റെ ജീവിതം തകര്‍ത്തെന്ന് പരാതി: കേസെടുത്തു

തൃശൂര്‍: മ്ലാവിറച്ചി വിറ്റുവെന്ന പേരില്‍ ചാലക്കുടി സ്വദേശി സുജേഷ് കണ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് 39 ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷം മാംസം പോത്തിന്റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത സ്വമേധയാ കേസെടുത്തു. ചാലക്കുടി ഡി.എഫ്.ഒ. 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇടപെടല്‍. താന്‍ മറ്റൊരാള്‍ക്ക് നല്‍കിയതായി പറയപ്പെടുന്ന ഇറച്ചി പോത്തിന്റേതാണെന്ന് ഫോറന്‍സിക് പരിശോധനയിലാണ് തെളിഞ്ഞതെന്ന് സുജേഷ് പറഞ്ഞു.

ഇരിങ്ങാലക്കുട സബ് ജയിലിലാണ് സുജേഷിനെ പാര്‍പ്പിച്ചത്. ജയില്‍ ജീവിതം തന്റെ ജീവിതവും തൊഴിലും നശിപ്പിച്ചതായി സുജേഷ് പറഞ്ഞു. ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. ചുമട്ടു തൊഴിലാളിയായിരുന്ന സുജേഷ് ഇപ്പോള്‍ ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ശനിയാഴ്ചകളിള്‍ സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതു കൊണ്ട് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ജയിലില്‍ കിടന്നതിന്റെ പേരില്‍ ഭാര്യ ഉപേക്ഷിച്ചു പോയി. ആരും ജോലി നല്‍കുന്നുമില്ല. രണ്ടു മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് സുജേഷ് ജീവിക്കുന്നത്. തെറ്റുകാരനെ പോലെയാണ് തന്നെ ലോകം കാണുന്നതെന്ന് സുജേഷ് പറയുന്നു. മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ ചികിത്സ തേടേണ്ടി വന്നു. ഒരിക്കല്‍ ആത്മഹത്യ ചെയ്യാനും തീരുമാനിച്ചു. തന്നെ കള്ളക്കേസില്‍ പ്രതിയാക്കിയതു കാരണം ജീവിതം വഴിമുട്ടിയതായി സുജേഷ് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് വനംവകുപ്പുകാര്‍ സുജേഷിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചുമട്ടു തൊഴിലാളിയായി പ്രവര്‍ത്തിക്കുമ്പോഴാണ് കേസില്‍പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കമ്മീഷന്‍ കൂടുതല്‍ നടപടികളിലേക്ക് പ്രവേശിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.

Photo Credit: Shutterstock

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message