Kerala News

വനാവകാശരേഖ അനുവദിച്ച പട്ടികവര്‍ഗ ഉന്നതികള്‍ റവന്യൂ വില്ലേജുകളാകുന്ന ആദ്യ ജില്ലയായി തൃശൂര്‍

ജില്ലാ കലക്ടര്‍ വിജ്ഞാപനം കൈമാറി

തൃശൂര്‍: വ്യക്തിഗത വനാവകാശ രേഖ അനുവദിച്ചിട്ടുള്ള പട്ടികവര്‍ഗ സങ്കേതങ്ങള്‍, ഊരുകള്‍ (ഫോറസ്റ്റ് വില്ലേജ്) എന്നിവ റവന്യൂ വില്ലേജുകളായി പരിവര്‍ത്തനം ചെയ്യുന്ന ആദ്യത്തെ ജില്ലയായി തൃശൂര്‍. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെക്കുംകര ഗ്രാമപഞ്ചായത്തിലെ (തലപ്പിള്ളി താലൂക്ക്, ആറ്റൂര്‍ വില്ലേജ്) കക്കിനിക്കാട് ഉന്നതിയെ റവന്യൂ വില്ലേജായിമാറ്റിക്കൊണ്ടുള്ള വിജ്ഞാപനം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കക്കിനിക്കാട് ഉന്നതിയുടെ ഊരുമൂപ്പന്‍ അനിലന് കൈമാറി.

ചടങ്ങില്‍ സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.സി ജ്യോതി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍, തലപ്പിള്ളി തഹസില്‍ദാര്‍ എം.ആര്‍ രാജേഷ്, തലപ്പിള്ളി ഭൂരേഖാ തഹസില്‍ദാര്‍ സി. സന്തോഷ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അന്‍സാദ്, വില്ലേജ് ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പ്രമോട്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റവന്യൂ വില്ലേജുകളായി പരിവര്‍ത്തനം ചെയ്ത ഭൂമിക്ക് പ്രത്യേകമായി ബി.ടി.ആര്‍ തയ്യാറാക്കി ഉന്നതിയിലുള്ളവര്‍ക്ക് സ്ഥലത്തിന്റെ നികുതി അടയ്ക്കാനും കഴിയും. വനാവകാശ കമ്മിറ്റിയും സബ് ഡിവിഷണല്‍ കമ്മിറ്റിയും അംഗീകരിച്ചാണ് വിജ്ഞാപനം ഇറക്കിയത്. ജില്ലയിലെ വ്യക്തിഗത വനാവകാശ രേഖ അനുവദിച്ചിട്ടുള്ള തൃശുര്‍ ജില്ലയിലെ തലപ്പിള്ളി, തൃശൂര്‍, ചാലക്കുടി താലുക്കുകളിലായി 36 ഫോറസ്റ്റ് വില്ലേജുകളാണ് നിലവിലുള്ളത്. ആദ്യഘട്ടത്തില്‍ തൃശ്ശൂര്‍ താലൂക്കിലെ താമരവെള്ളാച്ചാല്‍, ഒളകര ഉന്നതികളെയും, ചാലക്കുടി താലൂക്കിലെ പോത്തുപാറ, വെട്ടിക്കുഴി ഉന്നതികളെയും തലപ്പിള്ളി താലൂക്കിലെ കാളപ്പാറ, കക്കിനിക്കാട് ഉന്നതികളെയും റവന്യൂ വില്ലേജായി മാറ്റും. ബാക്കിയുള്ള ഉന്നതികളെ റവന്യു വില്ലേജായി മാറ്റുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

മാര്‍ച്ച് 22 ന് ഒളകര ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കുള്ള വനാവകാശരേഖ കൈമാറിയ ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ വ്യക്തിഗത വനാവകാശരേഖ അനുവദിച്ച ഉന്നതികളെ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി നികുതി അടയ്ക്കാനുള്ള അവകാശംകൂടി നല്‍കിക്കൊണ്ട് റവന്യൂ വില്ലേജുകളായി പരിവര്‍ത്തനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒളകര ഉന്നതിയിലുള്ള 44 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ കൈമാറിയും അതിരപ്പിള്ളി പഞ്ചായത്തിലെ 24 കുടുംബങ്ങളുടെ ഭൂമി പ്രശ്‌നം പരിഹരിച്ചും അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ളവരുടെ പുനരധിവാസ നടപടികള്‍കൂടി പൂര്‍ത്തിയാകുന്നതോടെ തൃശൂര്‍ ജില്ലയിലെ ആദിവാസി മേഖലയിലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനോടൊപ്പം സമ്പൂര്‍ണ്ണ വ്യക്തിഗത വനാവകാശ രേഖ നല്‍കിയ ജില്ലയാകുമെന്നും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message