Culture & HistoryPolitics

അടിയന്തരാവസ്ഥ ഒരു മുന്നറിയിപ്പു കൂടിയാണ്

കെ. സുനില്‍ കുമാര്‍

ജൂണ്‍ 25, അടിയന്തരാവസ്ഥ ഒരു ഇരുണ്ട കാലത്തിന്റെ അയവിറക്കലല്ല. നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന, വരാന്‍ പോകുന്ന കൂടുതല്‍ ഇരുണ്ട കാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ്.
1975 മുതല്‍ 77 വരെ നടപ്പാക്കപ്പെട്ട അടിയന്തരാവസ്ഥയില്‍ ഇന്ത്യന്‍ ജനത നേരിട്ടത് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണത്തെയായിരുന്നു. അതിന്റെ കെടുതികളും പൗരവകാശ ധ്വംസനങ്ങളും ആക്രമണോത്സുകതയും തന്നെ നടുക്കുന്നതായിരുന്നു.
അടിയന്തരാവസ്ഥയുടെ അര നൂറ്റാണ്ട് പിന്നിടുന്ന ഇന്ന് മോദിയുടെ കാലത്ത് ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രമെന്ന ഫാസിസ്റ്റ് ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് നമ്മള്‍ നേരിടുന്ന ഭീഷണി. ഡോ. ബി ആര്‍ അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ ‘ഹിന്ദു രാജ്’ യാഥാര്‍ത്ഥ്യമായാല്‍ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ ഒരു വിപത്താകും. അതിന്റെ സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

ഇന്ദിര ഗാന്ധി ഭരണഘടന സസ്‌പെന്റ് ചെയ്തു കൊണ്ടാണ് സംഘടന സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടക്കമുള്ള പൗരാവകാശങ്ങള്‍ റദ്ദാക്കിയത്. മോദി സര്‍ക്കാരാക്കട്ടെ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഭരണഘടന വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുവദിക്കുന്ന പൗരാവകാശങ്ങള്‍ ഒന്നൊന്നായി എടുത്തുകളയാനും ഫലത്തില്‍ ഭരണഘടനയെത്തന്നെ ക്രമേണ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഭരണഘടന സ്ഥാപനങ്ങളെ ഹിന്ദുത്വ അധികാരത്തിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നു. ഒരു വശത്ത് സ്വാതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയുമ്പോള്‍ മറുവശത്ത് സര്‍ക്കാരിന്റെ സ്വന്തക്കാരായ കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ കയ്യടക്കുന്നു.

ഫെഡറലിസത്തെ തകര്‍ത്തുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്ന് അധികാര കേന്ദ്രീകരണം നടപ്പാക്കുന്നു. മാവോയിസ്റ്റുകളെപ്പോലെ ഭരണകൂടത്തെ എതിര്‍ക്കുന്നവരെ വിചാരണ പോലുമില്ലാതെ വെടിവെച്ച് കൊല്ലുന്നു. മധ്യേന്ത്യയിലെ ആദിവാസികളാണ് കൊല്ലപ്പെടുന്നവരില്‍ ഏറെയും. നിരവധി സാമൂഹിക രാഷ്ട്രീയ പൗരാവകാശ പ്രവര്‍ത്തകരെ തീവ്രവാദ ബന്ധം ആരോപിച്ച് ദീര്‍ഘകാലം വിചാരണയില്ലാതെ ജയിലില്‍ അടച്ചു. മുസ്ലിങ്ങളും ആദിവാസികളും ദലിതരുമാണ് അധികവും. ഇങ്ങനെ ഘട്ടംഘട്ടമായാണ് അവര്‍ ഇന്ത്യയെ ഒരു ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രമാക്കാന്‍ നോക്കുന്നത്.

ഭരണകൂട ഭീകരത മാത്രമല്ല സംഘപരിവാര്‍ ഫാസിസ്റ്റ് സംഘടനകള്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കലാപശ്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും സമൂഹത്തിലും ഇന്ത്യയെന്ന രാഷ്ട്ര ശരീരത്തിലും ആഴമേറിയ വിഭജനങ്ങളും മുറിവുകളുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മത ന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളുമാണ് അതിന്റെ പ്രധാന ഇരകള്‍. ഒരു ദശകം പിന്നിട്ട നരേന്ദ്ര മോദിയുടെ ഭരണകാലം ജനാധിപത്യത്തെ അടിയന്തരാവസ്ഥ കാലത്തേക്കാള്‍ ദുര്‍ബ്ബലപ്പെടുത്തുന്നു. മോദിയുടെ ഫാസിസ്റ്റ് അധികാരത്തിന്റെ പകര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാരുകളിലേക്കും ഭരണ നേതൃത്വങ്ങളിലേക്കും കടന്നുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

എന്നാല്‍ ഹിന്ദുത്വ ഫാസിസത്തിനെതിരായ ശബ്ദങ്ങള്‍ തീര്‍ത്തും ദുര്‍ബ്ബലമായിട്ടില്ല എന്നത് ആശ്വാസകരമാണ്. അടിയന്തരാവസ്ഥയില്‍ അധികാരത്തിലായിരുന്ന ഇന്ദിര ഗാന്ധിയുടെ കോണ്‍ഗ്രസ് ഇന്ന് പ്രതിപക്ഷത്താണ്. അടിയന്തരാവസ്ഥയെ അവര്‍ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും മോദി വാഴ്ച്ചക്കെതിരെ പാര്‍ലമെന്ററി രംഗത്തെങ്കിലും ദുര്‍ബല പ്രതിരോധം സൃഷ്ടിക്കുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് കോണ്‍ഗ്രസാണ് നേതൃത്വം നല്‍കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ശ്രമങ്ങള്‍ ഇക്കാലത്ത് പ്രധാനമാണ്. ഫെഡറലിസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ പ്രതിരോധിക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകളെങ്കിലും ശ്രമിക്കുന്നുണ്ട്.
പക്ഷെ രാജ്യത്ത് ആഴത്തില്‍ വേര് പടര്‍ത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ഇതൊന്നും മതിയാകില്ല. വലിയ ജനാധിപത്യ മുന്നേറ്റങ്ങളിലൂടെയും സമൂഹത്തില്‍ സാഹോദര്യവും ഐക്യവും സമത്വ ബോധവും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിലൂടെയും മാത്രമേ കഴിയൂ.

(മാധ്യമപ്രവര്‍ത്തകനായ കെ. സുനില്‍കുമാര്‍ ഫെയ്‌സ് ബുക്കിലെഴുതിയ കുറിപ്പ്)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message