Demise

മാര്‍ അപ്രേം മെത്രാപൊലീത്തയുടെ സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സംസ്‌കാരശുശ്രൂഷ 10ന് ഉച്ചയ്ക്ക് ഒന്നിന് കുരുവിളയച്ചന്‍ പള്ളിയില്‍ നടക്കും. 10ന് രാവിലെ ഏഴിന് മാര്‍ത്ത് മറിയം പള്ളിയില്‍ വിശുദ്ധ കുര്‍ബാന, 10ന് സംസ്‌കാര ശുശ്രൂഷ, 11ന് നഗരി കാണിക്കല്‍, തുടര്‍ന്നാണ് കുരുവിളയച്ചന്‍ പള്ളിയിലെ സംസ്‌കാരശുശ്രൂഷ നടക്കുക. മൂന്നുമണിക്ക് അനുശോചന സമ്മേളനം നടക്കും. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ചയായിരുന്നു അന്ത്യം. 85 വയസായിരുന്നു. കഴിഞ്ഞ മേയ് രണ്ടിനാണ് അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

തൃശൂരിലെ മൂക്കന്‍ തറവാട്ടില്‍ ദേവസിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂണ്‍ 13-ന് ജനനം. ജോര്‍ജ്ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യനാമം. തൃശൂര്‍ സിഎംഎസ് എല്‍പി സ്‌കൂളിലും കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളിലുമായി വിദ്യാഭ്യാസം. ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ പരീക്ഷ പാസായി സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. ശേഷം ജബല്‍പൂരിലെ ലീയൊണാര്‍ഡ് തിയോളോജിക്കല്‍ സെമിനാരിയില്‍ നിന്ന് 1961-ല്‍ ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും അച്ചനാവണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അര നൂറ്റാണ്ടിലേറെക്കാലം സഭയെ നയിച്ച അദ്ദേഹം 28-ാം വയസിലാണ് മെത്രാപൊലിത്തയായി ചുമതലയേറ്റത്. 1968ല്‍ സെപ്തംബര്‍ 29 ന് ബാഗ്ദാദില്‍ വെച്ചാണ് അദ്ദേഹം ചുമതലേല്‍ക്കുന്നത്. തൃശൂരായിരുന്നു സഭയുടെ ആസ്ഥാനം. പൊതു സമൂഹത്തില്‍ ഏറെ സ്വീകാര്യത ഉണ്ടായിരുന്ന ഇടയനാണ് ആര്‍ച്ച് ബിഷപ് ഡോ.മാര്‍ അപ്രേം. ഭാരതത്തിലെ കല്‍ദായ സുറിയാനി സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കി.

1961 ജൂണ്‍ 25ന് ശമ്മാശനായി. 1965 ജൂണ്‍ 13ന് കശീശ, 1968 സെപ്റ്റംബര്‍ 21ന് എപ്പിസ്‌കോപ്പ, സെപ്തംബര്‍ 29ന് ംെത്രാപ്പോലീത്തയുമായി. 2015 മാര്‍ച്ച് 25ന് പാട്രിയാര്‍ക്കല്‍ വികാരിയും 2021 സെപ്റ്റംബര്‍ 22ന് പാട്രിയാര്‍ക്കല്‍ ഡെലിഗേറ്റുമായി. വത്തിക്കാന്‍ – അസീറിയന്‍ സഭകള്‍ തമ്മിലുള്ള ദൈവശാസ്ത്ര ഡയലോഗിനായുള്ള സംയുക്ത സമിതിയുടെ സഹ- അധ്യക്ഷനായിരുന്നു ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത.

1968 മുതല്‍ അദ്ദേഹം തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ തലവനായിരുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ഭരണകാലത്ത് നിരവധി കശ്ശീശമാര്‍ക്കും, ശമ്മാശന്മാര്‍ക്കും വൈദിക പട്ടം നല്‍കി. ഇന്ത്യയില്‍ പല സ്ഥലങ്ങളിലായി പുതിയതായി പളളികള്‍ നിര്‍മ്മിക്കുകയും നിരവധി പള്ളികള്‍ പുനരുദ്ധരിക്കുകയുമുണ്ടായി. 1976 മുതല്‍ 1982 വരെ അദ്ദേഹം ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 1976 ല്‍ ന്യൂഡല്‍ഹിയില്‍ സ്ഥാപിതമായതു മുതല്‍ നാഷ ണല്‍ ബോര്‍ഡ് ഓഫ് കാസയുടെ (ചര്‍ച്ചിന്റെ ഓക്സി ലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍) അംഗമാണ്. ഇന്ത്യ യിലുടനീളമുള്ള നിരവധി മത-സാമൂഹിക സംഘടനകളില്‍ അദ്ദേഹം സജീവമായിരുന്നു. 2015 മാര്‍ച്ച് 25 മുതല്‍ പൗരസ്ത്യ കല്‍ദായ സുറി യാനി സഭയുടെ പുതിയ പാതയര്‍ക്കീസിനെ വാഴിക്കുന്നതുവരെ മാര്‍ അപ്രേം ആഗോള പൗരസ്ത്യ സഭയുടെ പാത്യയര്‍ക്കല്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

മാര്‍ അപ്രേം ഒരു ബഹുഭാഷാ പണ്ഡിതനാണ്. 1990 ജൂണില്‍ വിയന്നയിലെ പ്രോ ഓറിയന്‍ സംഘടിപ്പിച്ച വണ്‍-മാന്‍ സിമ്പോസി യത്തില്‍ ഡോ. മാര്‍ അപ്രേം പങ്കാളിയായിരുന്നു. ജാതി- മത വിവേചനമില്ലാതെ വിദ്യാര്‍ ത്ഥികള്‍ക്ക് അച്ചടി സാങ്കേതികവിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്ന മാര്‍ തിമോഥെയുസ് ബര്‍ത്ത് സെന്ററിനറി ടെക്‌നിക്കല്‍ ട്രെയിനിംഗ് സെന്റര്‍ 1980 ല്‍ അദ്ദേഹം തൃശ്ശൂരില്‍ സ്ഥാപിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ദൈവദശകം എന്ന കൃതി പൗരസ്ത്യ സുറിയാനി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത് അഭിവന്ദ്യ തിരുമേനിയായിരുന്നു.

നര്‍മ്മബോധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം തൃശൂരിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. എഴുപതിലേറേ പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് സിത്താറിലും പ്രാവീണ്യമുണ്ടായിരുന്നു. സഭകള്‍ തമ്മിലുള്ള തര്‍ക്കം സമവായത്തിലെത്തിച്ചതാണ് മാര്‍ അപ്രേമിന്റെ വലിയ സംഭാവന. ശത്രുതാ ഭാവത്തിലായിരുന്ന കത്തോലിക്കാ സഭയുമായി പൗരസ്ത്യ സഭയെ അടുപ്പിച്ചതും അപ്രേമിന്റെ ക്ഷമയോടെയുള്ള പ്രവര്‍ത്തനമായിരുന്നു. പരസ്പരം സ്നേഹിക്കുക, സഹകരിക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message