Culture & HistoryKerala News

ശ്രീ വിദ്യാനന്ദ സ്വാമികളുടെ സമാധി ദിനാചരണം, സഹോദരന്‍ അയ്യപ്പന്‍ അനുസ്മരണം

ആലപ്പാട്: നവോത്ഥാന നായകന്‍ ശ്രീ നാരായണ ഗുരുവിന്റെ പ്രധാന ശിഷ്യരില്‍ ഒരാളായ ശ്രീ വിദ്യാനന്ദ സ്വാമികളുടെ സമാധി ദിനം ഓഗസ്റ്റ് 22ന് വിവിധ പരിപാടികളോടെ ജന്മനാട്ടില്‍ ആചരിക്കും. തൃശൂര്‍ ജില്ലയിലെ ആലപ്പാട് പുറത്തൂര്‍ ചെമ്മാനി തറവാട്ടില്‍ കൊച്ചപ്പന്റെ മകനായി 1890 ല്‍ ജനിച്ച അദ്ദേഹം 1944 ഓഗസ്റ്റ് 22നാണ് സമാധിയായത്. വളരെ ചെറുപ്പത്തിലെ നാടു വിട്ടുപോയ അദ്ദേഹം തമിഴ്‌നാട്ടിലെത്തി സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടുകയും അവിടെവച്ച് തന്നെ സന്യസ്തനാവുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി. തുടര്‍ന്ന് പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം മഠാധിപതി ആവുകയും വിവിധ വിദ്യാഭ്യാസ, ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഗുരുവിന്റെ സിലോണ്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തിട്ടുണ്ട്. ആശ്രമത്തിന്റെ മഠാധിപതിയായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ശ്രീ വിദ്യാനന്ദ സ്വാമികളുടെ സ്മൃതി മന്ദിരവും സ്മൃതി മണ്ഡപവും ഗുരു പ്രതിഷ്ഠ നടത്തിയ പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുശിഷ്യരില്‍ പ്രധാനിയായ തൊട്ടയല്‍ഗ്രാമമായ ചിറയ്ക്കലിലെ ശ്രീ ബോധാനന്ദ സ്വാമിയുടെ സമശീര്‍ഷനായ അദ്ദേഹത്തെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ല.

അതിനാല്‍ ഇന്നത്തെ കേരളം ആധുനീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ പെരിങ്ങോട്ടുകര വിദ്യാനന്ദ സ്വാമികളെന്നു വിളിക്കപ്പെടുന്ന അദ്ദേഹത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും നവോത്ഥാന പാരമ്പര്യത്തെ പിന്‍പറ്റുന്നതിനും കൂടിയാണ് അദ്ദേഹത്തിന്റെ തറവാട്ടുമുറ്റത്തു തന്നെ ഇത്തരത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അന്നേദിവസം രാവിലെ എട്ടുമണിക്ക് പെരിങ്ങോട്ടുകര ആശ്രമത്തോട് ചേര്‍ന്നുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും. വൈകിട്ട് നാലു മുതല്‍ പുറത്തൂരില്‍ അദ്ദേഹത്തിന്റെ തറവാട് വീട്ടുമുറ്റത്ത് (ആര്‍ക്കിടെക്ട് സി വി സന്തോഷിന്റെ വസതി) അനുസ്മരണ പ്രഭാഷണം ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് ഗുരു ശിഷ്യനും നവോത്ഥാന നായകനുമായ സഹോദരന്‍ അയ്യപ്പന്‍ അനുസ്മരണവും ഉണ്ടാകും. ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യരില്‍ ഏറ്റവും ധീരനായ സാമൂഹികവിപ്ലവകാരിയാണ് സഹോദരന്‍ അയ്യപ്പന്‍. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിക്കേണ്ടതു ഉചിതമെന്നാണ് സമിതി കരുതുന്നത്.

രാവിലെ 8ന് പെരിങ്ങോട്ടുകരയിലെ സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം വൈകിട്ട് 4 ന് പുറത്തൂര്‍ ചെമ്മാനി തറവാട്ടു മുറ്റത്താണ് അനുസ്മരണപരിപാടി നടക്കുക.


ഗുരുദേവ കൃതികളുടെ ആലാപനത്തോടെ തുടങ്ങുന്ന പരിപാടിയില്‍ കെ.ആര്‍. സുരേഷ് ബാബു അധ്യക്ഷത വഹിക്കും. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ കെ.എന്‍. ഷാജി, എം.പി. സുരേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സാമൂഹികപ്രവര്‍ത്തകരായ കെ.കെ. രാജേന്ദ്ര ബാബു, വി.ആര്‍. ബിജു, ബി.എ. ബെന്നി, പ്രതീഷ് തട്ടാംപറമ്പില്‍, ബോസ് കിഴുമായില്‍ എന്നിവര്‍ പ്രസംഗിക്കും. ഇ.പി. കാര്‍ത്തികേയന്‍ സ്വാഗതവും സി.വി. സന്തോഷ് നന്ദിയും പറയും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message